ജെയിംസ് അഗസ്റ്റിന്
‘ഓമനക്കുഞ്ഞിനെപ്പോലെ എന്നെ
കാത്തുപാലിക്കുമെന് നാഥന്
സ്നേഹത്തിന് പൂന്തെന്നല്‍ വീശി
എന്നെ ആശ്വസിപ്പിക്കുമെന് നാഥന്’
1999-ല്‍ വടുതലയിലെ മങ്ങഴ വീട്ടിലേക്കു അന്നത്തെ സെന്റ്. ആന്റണീസ് ഇടവക വികാരി ഫാ. മാത്യു ഡിക്കൂഞ്ഞ തിരക്കിട്ടു കയറിവന്നു. ‘ജോണ്സാ, ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് പള്ളിയില്‍ വന്നിരുന്നു. ജോണ്‍സനെ കാണണം എന്നു പറഞ്ഞു. വടക്കേപള്ളി വരെ പോയിരിക്കുകയാണ്. തിരിച്ചു വരുമ്പോള്‍ ജോണ്‍സനെ കാണണം എന്നു പറഞ്ഞു’.
‘എന്താ കാര്യം?’
വിഷയം എന്തായിരുന്നെന്നു ജോണ്സണ് മങ്ങഴ നമ്മോടു പറയും.
‘ജോബ് മാസ്റ്ററുടെ വിയോഗത്തിനു ശേഷം ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് എപ്പോഴും വിളിക്കുമായിരുന്നു. നേരില്‍ കാണുമ്പോള്‍ മൂന്നോനാലോ രചനകള്‍ തരും. സംഗീതം നല്കി കാസ്സറ്റുകളില്‍ റെക്കോര്‍ഡ് ചെയ്തു കൊടുക്കണം. അങ്ങനെ ഏല്‍പ്പിച്ചിരുന്ന നാലു പാട്ടുകളില്‍ ഒന്ന് പിതാവിനു ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു. കാക്കനാട് സ്നേഹനിലയത്തിലെ സന്ന്യാസിനികളുടെ സ്നേഹം നിറഞ്ഞ സേവനങ്ങളായിരുന്നു ഈ പാട്ട് എഴുതുമ്പോള്‍ പിതാവിന്റെ മനസ്സില്‍ വന്നതെന്നു എന്നോടു പറഞ്ഞിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ സ്നേഹനിലയത്തിലെ സഹോദരിമാര്‍ ഏകമനസ്സോടെ ശുശ്രൂഷിക്കുന്നതു കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ വരികളാണ് എന്ന് പറഞ്ഞു എന്നെ വായിച്ചു കേള്‍പ്പിച്ചതു ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്.
‘കയ്യിലെ വിരലുകള്‍ പോലെ
ഞങ്ങള്‍ ഒന്നായ് വര്‍ത്തിക്കുമെന്നും
ഹൃദയകവാടം തുറന്നു ഞങ്ങള്‍
ഉള്ക്കൊള്ളുമെല്ലാവരെയും
സ്വാര്‍ത്ഥത പാടേ വെടിഞ്ഞു
ഞങ്ങള്‍ നിസ്വാര്‍ത്ഥ സേവകരായി
എല്ലാര്ക്കുമെല്ലാമായി തീരാന്‍
നല്‍വരം നല്‍കണേ നാഥാ ‘
ഈ വരികള്‍ പിതാവിന് ഏറെ ഇഷ്ടമുള്ളതാണെന്നു എനിക്ക് മനസ്സിലായി. വരികള്‍ തന്നു കഴിഞ്ഞാല്‍ പിതാവിനു പാട്ടുകള്‍ എത്രയും പെട്ടെന്ന് കേള്‍ക്കണം. അങ്ങനെ കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണ് എന്നെ തേടി പിതാവ് വടുതലയില്‍ വന്നത്.’ ജോണ്സണ് പിതാവുമായി കണ്ടു. വരികള്‍ക്കു സംഗീതം നല്കി ഉടനെ വരാം എന്ന് പറഞ്ഞു പിരിഞ്ഞു. അടുത്ത ദിവസം വീട്ടിലെ ഫോണിലേക്കു അതിമെത്രാസനമന്ദിരത്തില്‍ നിന്നും വിളി വന്നു. ജോണ്‍സന്റെ അപ്പച്ചനാണ് ഫോണ്‍ എടുത്തത്. അങ്ങേത്തലക്കല്‍ ആര്ച്ച്ബിഷപ്പാണെന്നറിഞ്ഞ അപ്പച്ചന് അദ്ഭുതപ്പെട്ടു. ഫോണ്‍ വാങ്ങി ജോണ്സണ് ഇന്ന് തന്നെ പാട്ടു റെക്കോര്‍ഡ് ചെയ്തു കസ്സറ്റുമായി വരാമെന്നു സമ്മതിച്ചു.
വരികളെടുത്തു പത്തു മിനിറ്റ് കൊണ്ട് ഈണമിടല്‍ കഴിഞ്ഞു. ജോണ്സണ് തന്നെ പാടി റെക്കോര്‍ഡ് ചെയ്ത കസ്സറ്റുമായി ബിഷപ്സ് ഹൗസിലെത്തി പിതാവിനെ കണ്ടു. അടുത്ത ദിവസം ആശീര്‍ഭവനില്‍ വച്ച് പിതാവിനെ കണ്ടപ്പോള്‍ അടുത്തേക്കു വിളിച്ചു പിതാവ് പറഞ്ഞു. ‘ ജോണ്‍സന്റെ പാട്ടു ഞാന്‍ കുറേപ്പേരെ കേള്‍പ്പിച്ചു. എല്ലാവര്ക്കും വളരെ ഇഷ്ടമായി.’
സംഗീതം നല്‍കിയെങ്കിലും സ്റ്റുഡിയോയില്‍ വച്ച് ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്. ഫാ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കല്‍ ക്രിസ്തുജയന്തി ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം ചെയ്യുന്ന നാളുകളില്‍ അവിടെ നടന്ന ഒരു പരിപാടിക്കു വേണ്ടി നാലു പാട്ടുകള്‍ ജോണ്സണ് ഒരുക്കിയിരുന്നു. അതോടൊപ്പം ഈ പാട്ടും റെക്കോര്‍ഡ് ചെയ്തു. സി.എ.സി.യിലെ സ്റ്റുഡിയോയിലാണ് കെസ്റ്റര്‍ ഈ വരികള്‍ക്ക് ശബ്ദം നല്‍കിയത്.
ആ ദിവസങ്ങളില്‍ കേരള കത്തോലിക്ക സഭ ദിവ്യകാരുണ്യകോണ്ഗ്രസ്സിനായി ഒരുങ്ങുകയായിരുന്നു. ഫാ. മൈക്കിള്‍ പനക്കലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനു വേണ്ടിയുള്ള പാട്ടുകളുടെ റെക്കോര്‍ഡിങ് അതെ സ്റ്റുഡിയോയില്‍ നടക്കുന്നുണ്ട്. ‘ഓമനക്കുഞ്ഞിനെപ്പോലെ’ എന്ന പാട്ടു കേട്ട് ഇഷ്ടപ്പെട്ട ലിറ്റര്‍ജി കമ്മിറ്റി ഈ പാട്ടു കൂടി കസ്സെറ്റില്‍ ചേര്‍ത്തു.
അങ്ങനെ കേരള കത്തോലിക്ക സഭയിലെ അതിപ്രഗത്ഭ കലാകാരന്മാര് ഒരുക്കിയ ക്രിസ്തീയഭക്തിഗാന സമാഹാരത്തില്‍ അന്ന് യുവാവായിരുന്ന ജോണ്സണ് മങ്ങഴയുടെ ഗാനവും ചേര്‍ക്കപ്പെട്ടു.
ഇങ്ങനെ ഒരു ഭാഗ്യം ലഭിച്ചതിനെക്കുറിച്ചു ജോണ്സണ് മങ്ങഴയുടെ പ്രതികരണം ഇങ്ങനെ. ‘ആര്‍ച്ച്ബിഷപ്പിന്റെ ഒത്തിരി ഗാനങ്ങള്‍ക്ക് സംഗീതം നല്കാന് എനിക്ക് ദൈവാനുഗ്രഹമുണ്ടായി. പിതാവിന്റെ വരികള്‍ തന്നെയാണ് ഓര്മ വരുന്നത്.’
‘ഞാന്‍ വെറും കളിമണ്ണു മാത്രം’