വയനാട്: മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഊര്ജിതംദുരന്തമേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അതേസമയം മരണസംഖ്യ ഉയരുകയാണ്. ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് മരണം 179 ആയി.
ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി .
മുണ്ടകൈ പൂർണമായും തകർന്നു എന്നാണു യോഗത്തിന്റെ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോഗത്തിൽ നിരീക്ഷണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയെന്നും യോഗം വിലയിരുത്തി.
കേന്ദ്രേ സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനത്തിൽ സംത്യപ്തരെന്നും വിലയിരുത്തൽ. മുണ്ടക്കൈയിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവുമെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുത്തു.