തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. രക്ഷാദൗത്യത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുന്നതുവരെ തിരച്ചില്‍ തുടരണം. സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം കത്തില്‍ പ്രശംസിച്ചു. അര്ജുന് ഉള്‍പ്പെടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിമെന്ന തരത്തിലുള്ള പ്രതികരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്തയച്ചത്.
അതേസമയം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പട്ടു. കര്‍ണാടക സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. നേവല്‍ബേസിലെ ഏറ്റവും വൈദഗ്ധ്യതയുള്ള ഡൈവേഴ്സിനെ ഉപയോഗിക്കാന്‍ തയ്യാറാകണം. തീരുമാനത്തില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ പിന്മാറണം. മന്ത്രിമാര്‍ക്ക് അവിടെ പോകാനേ കഴിയൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.