ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം
ദൈവശാസ്ത്രത്തിന് തത്വശാസ്ത്രം ആവശ്യമുള്ള ഒരു വിഷയമുണ്ടെങ്കില്‍, അത് ക്ഷമയാണ്. അതുകൊണ്ടാണ് ക്ഷമയും പാപമോചനവും ഒരു മതത്തിന്റെയും കുത്തകയല്ല എന്നു പറയുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുകയും ചരിത്രത്തെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധമോ സത്യത്തിന്റെ കണ്ടെത്തലോ ഒന്നുമല്ല, ക്ഷമിക്കലാണ്. ക്ഷമയാണ് ശക്തമായ ആയുധം. അത് നമ്മുടെ ആത്മാവിനെ സ്വതന്ത്രമാക്കും, ഭയം ഇല്ലാതാക്കും. പറഞ്ഞത് മറ്റാരുമല്ല നെല്‍സണ്‍ മണ്ടേലയാണ്. നമ്മള് അനുഭവിച്ച അവഗണനകള്‍ക്കു പകരമായി ഒന്നുകില്‍ പ്രതികാരം ചെയ്യാം അല്ലെങ്കില്‍ ക്ഷമിക്കാം. നമ്മള് അനുഭവിച്ച തിന്മയെ മറ്റൊരു തിന്മയിലൂടെ നന്നാക്കാമെന്നതാണ് ആദ്യത്തേതിന്റെ യുക്തി. തിന്മയെ തിന്മകൊണ്ടു ചികിത്സിക്കുന്ന പ്രക്രിയയാണത്. അങ്ങനെ വരുമ്പോള്‍ മുറിവുകള്‍ ഉണങ്ങില്ല. ഒന്നിനു പകരം രണ്ടു മുറിവുകള്‍ ഉണ്ടാവുക മാത്രമേ ചെയ്യൂ. അതുകൊണ്ടാണ് ഖലില്‍ ജിബ്രാന് യേശുവിന്റെ മലയിലെ പ്രസംഗത്തിന് ഒരു വ്യാഖ്യാനം എന്ന നിലയില്‍ പറയുന്നത്, കണ്ണിനു പകരം കണ്ണ് എന്ന നിയമം പ്രയോഗിച്ചാല്‍ ഈ ലോകം അന്ധമാകുമെന്ന്.
അപക്വമായ ഒരു അവഗണനയുടെ മുമ്പില്‍ പുഞ്ചിരിയോടെ നിന്ന ചലച്ചിത്രതാരം ആസിഫ് അലി ചെയ്തത് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വെറുപ്പിന്റെ ഒരു ദൂഷിതവലയത്തെ പൊട്ടിച്ചെറിയുകയാണ്.
കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിനടിയില്‍ മലയാളികള്‍ തിരയുന്നത് അര്‍ജുന്റെ ജീവന് മാത്രമല്ല, നീതിയുടെ നിലനില്‍പ്പും കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ ജീവനും നീതിയും അടിച്ചമര്‍ത്തപ്പെടുന്ന കാഴ്ചയാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. അനീതികളെ നിശബ്ദമായി അംഗീകരിക്കുന്നതല്ല ക്ഷമ എന്ന കാര്യം നമ്മള് മനസ്സിലാക്കണം. ഫാസിസമാണ് ചൂഷണങ്ങളുടെ മുമ്പിലെ നിശബ്ദതയെ വിശുദ്ധിയായി നിര്‍വചിക്കുന്നത്. അങ്ങനെയുള്ള ചിന്തകളുടെ മുമ്പില്‍ ജീവന് ഒരു വിലയും ഉണ്ടാവുകയില്ല. ഓര്‍ക്കണം, ആദ്യം നീതി, പിന്നീടാണ് അനുരഞ്ജനം.
നമുക്ക് ജന്മം നല്കിയ ചരിത്രത്തെക്കാള്‍ വലുതാണ് നമ്മള്. അതുകൊണ്ടുതന്നെ നമ്മെ നൊമ്പരപ്പെടുത്തിയ ചരിത്രത്തിനപ്പുറത്തേക്ക് നമ്മള് പോകേണ്ടിയിരിക്കുന്നു. ശരിയാണ്, നമ്മളും ആ ചരിത്രമാണ്. പക്ഷേ നമ്മള് അതിനെ കൈകാര്യം ചെയ്യണം. നൊമ്പരങ്ങളുടെ ആവര്‍ത്തനത്തെ ഇല്ലാതാക്കുക മാത്രമല്ല നമ്മള് ചെയ്യേണ്ടത്, അവയെ മറക്കുവാനും സാധിക്കണം. അത് ക്ഷമയല്ല, ഒഴിവാക്കലാണ്. ജിഷാ വധക്കേസിലെ പ്രതിയായ അമീര്‍-ഉല്-ഇസ്ലാമിനെ സുപ്രീം കോടതി വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയതുപോലെ. അത് ക്ഷമയല്ല, അനീതിയുമല്ല. ജീവനുവേണ്ടി എടുത്ത ഒരു നിലപാടാണ്. അപ്പോഴും ആരുടെയൊക്കെയോ മുറിവുകള്‍ തുറന്നുകിടക്കുന്നുണ്ട്. അറിയാതെയാണെങ്കിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന ചില തിന്മകള്ക്ക് നമ്മളും ബന്ദികളാകുന്നു.
ക്ഷമ എന്ന ചികിത്സ മുറിവിനെ സുഖപ്പെടുത്തണമെന്നില്ല. പക്ഷേ ലോകം മുഴുവന്‍ നമ്മെ ആക്രമിക്കാന്‍ നില്‍ക്കുകയാണെന്ന ചിന്ത എടുത്തുമാറ്റി തരും. അങ്ങനെയാണ് മണിപ്പൂര്‍ വിഷയത്തില്‍ നമ്മള് രാജിയായത്. മുറിവുണങ്ങിയോ? ഇല്ല. പക്ഷേ കാഴ്ചപ്പാടില്‍ മാറ്റം വന്നു. നമ്മെ തല്ലിയവന് തഴുകുന്ന കരങ്ങളുമുണ്ട് എന്ന കാഴ്ചപ്പാട് ബിബ്ലിക്കലാണ്. ഫാസിസത്തിന് ഇഷ്ടപ്പെട്ട ചിന്തയാണത്. ശബ്ദമുയര്‍ത്തേണ്ട, നിശബ്ദമായി കരഞ്ഞാല്‍ മതി എന്നതാണ് പിന്നിലെ യുക്തി. ഇപ്പോള്‍ നമ്മള് ഇങ്ങനെയാണ്. നീരസം തിന്നുകൊണ്ട് ജീവിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ നിലപാടുകള്‍ക്ക് ഒരു ഭംഗിയുമില്ല എന്നതാണ് സത്യം.
നമ്മുടെ ജീവിതത്തിലെന്നപോലെ ബൈബിളിലും ക്ഷമിക്കുക എന്നത് ഗൗരവമുള്ള ഒരു വിഷയമാണ്. തന്നെ അടിച്ച കൈ നക്കുന്ന നായക്കുട്ടിയെ പോലെയാണ് ക്ഷമ എന്നു വിചാരിക്കരുത്. നമ്മെ വേദനിപ്പിച്ചവരുമായി ഒരു ബന്ധം പുനഃസ്ഥാപിക്കുക എന്നതല്ല ഇവിടുത്തെ വിഷയം. അത് എല്ലായ്പ്പോഴും ഉചിതമാകണമെന്നില്ല. ബലാത്സംഘത്തിന് ഇരയായ ഒരു സ്ത്രീയോട് അതു ചെയ്തയാളോട് അനുരഞ്ജനത്തിലേര്പ്പെടുന്നതുവരെ ക്ഷമിക്കാന്‍ നമുക്ക് ആവശ്യപ്പെടാനാവില്ല. അത് ഭീകരമായ ഒരു ആത്മീയതയാണ്. സ്റ്റാന്‍സ്വാമിയുടെ മുഖം സമകാലിക ദിനവൃത്താന്തങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന കാലംവരെ വെറുപ്പിന്റെ വക്താക്കളോട് നമുക്ക് കൂട്ടുകൂടാന്‍ സാധിക്കില്ല. ഒരു ബന്ധം പുനഃസ്ഥാപിക്കാതെയും ക്ഷമിക്കാന്‍ നമ്മള്‍ക്ക് സാധിക്കും.
ക്ഷമയെ ലളിതമായ ഒരു വൈകാരിക വസ്തുതയായി ചുരുക്കിയില്ല എന്നതാണ് ആസിഫ് അലിയും ജോണി ലൂക്കോസും തമ്മിലുള്ള അഭിമുഖത്തിന്റെ പ്രത്യേകത. നൊമ്പരത്തെ ഗംഭീരവല്ക്കരിക്കാന് ശ്രമിക്കുന്ന ലൂക്കോസിന്റെ ചോദ്യങ്ങള്‍ക്ക് മുന്പില് ക്ഷമിക്കുക എന്നതൊരു സ്വാഭാവിക പ്രതിഭാസമല്ലെന്നും പക്വമായ തിരഞ്ഞെടുപ്പാണെന്നും ആസിഫ് അലി വ്യക്തമാക്കുന്നുണ്ട്. ക്ഷമ ഒരു വികാരമല്ല, അതൊരു തീരുമാനമാണ്. നമ്മുടെ ഹൃദയത്തിന്റെ സ്വതസിദ്ധമായ സ്പന്ദനത്തില്‍ അതിനെ കാണില്ല. അതൊരു പ്രത്യയശാസ്ത്രപരമായ നിലപാടുമല്ല. അത് അനുഭവം പകര്‍ന്നുതരുന്ന ജ്ഞാനമാണ്. മനുഷ്യാവസ്ഥയുടെ വ്യാകരണത്തില്‍ നിന്നും ആരംഭിക്കുന്ന സുന്ദരവാക്യമാണത്. നമ്മള് അനുഭവിച്ച ദ്രോഹങ്ങള്‍ ക്ഷമിക്കുക എന്നത് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് തുല്യമാണ്. അപ്പോഴും ഓര്‍ക്കണം, ക്ഷമിക്കുന്നത് മറക്കലല്ല, ഭാവിയിലേക്കുള്ള ഒരു വാതില്‍ തുറക്കലാണത്. നമ്മുടെ തെറ്റുകള്‍, മുറിവുകള്‍, പരാജയങ്ങള്‍ എന്നിവയുടെ ഭാരം എന്നെന്നേക്കുമായും വലിച്ചിഴക്കാതെ, ആരെയും ആന്തരികമായി ബന്ദിയാക്കാതെ, ഭാവിയെ സ്വതന്ത്രമാക്കുന്ന പുണ്യമാണ് ക്ഷമ.
‘നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്റെ സഹോദരന് തെറ്റു ചെയ്താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ദിവസത്തില്‍ ഏഴുപ്രാവശ്യം അവന് നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം. അപ്പോള്‍ അപ്പസ്തോലന്മാര് കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!’ (ലൂക്കാ 17 : 3-5)