ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരുക്കേറ്റെങ്കിലും സ്ഥിതി ഗുരുതരമല്ല. സംഭവത്തിൽ കാണികളിലൊരാൾ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിൻറെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് വെടിയൊച്ച കേട്ടത്. പിന്നാലെ ട്രംപ് പുറകിലേക്ക് മറിഞ്ഞു വീണു. എന്നാൽ ചെവിയ്ക്ക് വെടി കൊണ്ടതിനാൽ ജീവന് അപകടം ഉണ്ടായില്ല.
വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സർവിസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീർത്തു. ട്രംപ് നിലവിൽ സുരക്ഷിതനാണെന്നും ആരോഗ്യത്തിന് ഭീഷണി ഇല്ലെന്നും സുരക്ഷാ സേന അറിയിച്ചു.