ന്യൂഡൽഹി: പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തില്‍ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് അംഗീകാരം നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് “ബോൾഡ് ആയും വലിയ അക്ഷരങ്ങളിലും എഴുതണമെന്ന” നിര്‍ദേശമാണ് എഫ്എസ്എസ്എഐ അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഫുഡ് അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് 2020ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗ് ആൻഡ് ഡിസ്പ്ലേ) ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന തീരുമാനമെടുത്തത്.
ഉപഭോക്താക്കളെ അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കാനും ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാനും ക്ഷേമം വര്‍ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്ന പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത പോഷകാഹാര വിദഗ്ദർ ചൂണ്ടികാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാനും ജീവിത ശൈലി രോഗങ്ങളെ ചെറുക്കാനും ഇത്തരത്തില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് രേഖപ്പെടുത്തുന്നത് മൂലം കഴിയും.
കൂടാതെ, ‘ഹെൽത്ത് ഡ്രിങ്ക്’, ‘100% ഫ്രൂട്ട് ജൂസ്’, ‘ശുദ്ധീകരിച്ച ഗോതമ്പ് മാവ്’ എന്നീ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പദങ്ങളുടെ ഉപയോഗം തടയാൻ എഫ്എസ്എസ്എഐ കാലാകാലങ്ങളിൽ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. എഫ്ബിഒകളുടെ തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകൾ തടയുന്നതിനാണ് ഇത്തരത്തിലുളള നിർദ്ദേശങ്ങള്‍ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.