തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തിയേക്കും. ഡിസംബറോടെ പത്ത് വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ ആരംഭിക്കുന്ന സർവീസിൽ കേരളവും ഉൾപ്പെടുമെന്നാണ് സൂചന. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് റയിൽവെ ബോർഡിന്റെ സജീവ പരിഗണനയിലാണ്.
കൊങ്കൺ വഴിയാകും കന്യാകുമാരി – ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്.
രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.