ഈ നിയമങ്ങൾ ഒട്ടേറെ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായിട്ടുണ്ട്
ന്യൂഡൽഹി: ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവ ഇന്നുമുതൽ നിലവിൽവരും. ഇതോടെ നൂറ്റാണ്ടുപഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും.
നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. കഴിഞ്ഞവർഷം ഓഗസ്റ്റ് 11നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പുതിയ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബർ 13ന് വീണ്ടും അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു .
അറസ്റ്റിലാകുന്നയാളെ 15 മുതൽ 60 ദിവസം വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ കസ്റ്റഡിയിൽ വയ്ക്കാൻ പുതിയ നിയമം അനുമതി നൽകുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നവർ വിദേശത്താണെങ്കിലും അവരുടെ ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.
വ്യാപക ദുരുപയോഗത്തിന് സാധ്യതയുള്ളതാണ് ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ് സംഹിതയിൽലെ 150ാം വകുപ്പ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ വകുപ്പ് വിലങ്ങുതടിയാവും.
124എ സുപ്രിംകോടതി മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമാണ് പുതിയ നിയമം. അട്ടിമറി, അരാജക പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നത് കുറ്റമായി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് അട്ടിമറി, അരാജക പ്രവർത്തനമെന്ന് നിർവചിച്ചിട്ടില്ല. ഇതോടെ പൊലിസിന് ഏതും അട്ടിമറിയോ അരാജകപ്രവർത്തനമോ ആയി വ്യാഖ്യാനിക്കാം. ചുരുക്കത്തിൽ ,ഇന്ന് പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ ഒട്ടേറെ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായിട്ടുണ്ട് .