ന്യൂഡൽഹി : ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും.
പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുകയും ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും കോമൺ യോഗ പ്രോട്ടോക്കോൾ സെഷനിൽ പങ്കെടുക്കുകയും ചെയ്യും.
ജമ്മു കശ്മീർ യുടി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രാലയത്തിന്റെ കേന്ദ്ര സഹമന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി പ്രതാപറാവു ഗണപതിറാവു ജാദവ് എന്നിവരും പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 7,000 ത്തിലധികം പേർ ശ്രീനഗറിലെ ദാൽ തടാകത്തിന്റ തീരത്ത് പ്രധാനമന്ത്രിക്കൊപ്പം ഒത്തുകൂടും.
വ്യക്തി ക്ഷേമവും സാമൂഹിക ഐക്യവും പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ നിർണായക പങ്ക് ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ തീം. ‘തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ’ എന്നതാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.