ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തുടരവെ , ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിൽ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം . വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.
യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. വോട്ടെണ്ണലിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് നിർദേശം നൽകും. തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ ചെയ്യേണ്ട തുടർ നീക്കങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് വിവരം. അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്ക് മൂലമാണ് ഇരു നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഡി.എം.കെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന് ഇടക്കാല ജാമ്യം അവസാനിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.