ജെക്കോബി
മാസാദ്യദിനത്തില് ഡ്രൈ ഡേ എന്ന പേരില്‍ മദ്യവില്പന വിലക്കുന്നതുകൊണ്ട് കേരളത്തില്‍ ബിവറേജസ് കോര്‍പറേഷന്റെ ഒരുദിവസത്തെ ശരാശരി വില്പനയായ ആറു ലക്ഷം ലിറ്റര്‍ വിദേശമദ്യത്തിന്റെ ഇടപാടു മുടങ്ങുകയും സംസ്ഥാനത്ത് മദ്യാസക്തരെന്നു ഗണിക്കപ്പെടുന്ന അഞ്ചു ലക്ഷം പേര് ഉള്‍പ്പെടെ 38 ലക്ഷം ഉപയോക്താക്കള്‍ക്ക് അന്നത്തെ ലഹരിപാനീയം കൗണ്ടറില്‍ നിന്ന് കിട്ടാതിരിക്കുകയും ചെയ്യുന്നതു പോകട്ടെ, ടൂറിസം മേഖലയ്ക്ക് പ്രതിവര്‍ഷം 15,000 കോടി രൂപയുടെ അധികവരുമാന സ്രോതസ്സ് അത് ഇല്ലാതാക്കുന്നുവെന്ന ഒരു ആഖ്യാനം ഇടതുമുന്നണി ഭരണവൃന്ദം പ്രചരിപ്പിക്കുന്നുണ്ട്. വര്‍ഷത്തില്‍ 12 ദിവസം നാട്ടിലെ കുടിയന്മാര്ക്ക് പതിവ് ക്വാട്ട മുടക്കുന്നു എന്നത് അത്ര വലിയ പ്രശ്നമാകേണ്ടതില്ല. എന്നാല്‍ ടൂറിസം വിപണിയില്‍ ‘മൈസ്’ (മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ്) എന്നറിയപ്പെടുന്ന ദേശീയ, രാജ്യാന്തര ഇവന്റ്സിനും, വെഡിങ് ഡെസ്റ്റിനേഷന്‍ പോലുള്ള ആഘോഷവേദികള്ക്കും ഡ്രൈ ഡേ വിഘ്നം സൃഷ്ടിക്കുന്നുവെന്നാണ് ടൂറിസം-മദ്യക്കച്ചവട ലോബിയുടെ ആവലാതി.
ചാരായ നിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ 21 വര്‍ഷമായി സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടപ്പാക്കിവരുന്ന മാസാദ്യ ഡ്രൈ ഡേ, ശമ്പളം കിട്ടുന്ന ഒന്നാം തീയതി കണക്കാക്കിയായിരുന്നെങ്കില്‍ അതിന് ഇക്കാലത്ത് എന്തു പ്രസക്തിയെന്നു ചോദിക്കുന്നത് ബാറുടമകള്‍ മാത്രമല്ല. ബാറുകളില്‍ പാതിരാ വരെയങ്കിലും മദ്യം വിളമ്പുന്നതും ടൂറിസ്റ്റുകളുടെ ‘നൈറ്റ് ലൈഫ്’ ആകര്‍ഷകമാക്കാനുള്ള അവശ്യഘടകങ്ങളില്‍ ഒന്നാണത്രെ. അബ്കാരി കലണ്ടറില്‍ നിന്ന് ഡ്രൈ ഡേ നിയന്ത്രണം ഒഴിവാക്കാനും, ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂറെങ്കിലും കൂട്ടാനും അനുകൂലമായ ചര്‍ച്ചകള്‍ പിന്നാമ്പുറങ്ങളില്‍ നടത്തി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്ന മുറയ്ക്ക് ബാറുടമകള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ അബ്കാരി നയം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി എന്നു വെളിവാക്കുന്ന സാഹചര്യ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
മദ്യനയത്തില്‍ തങ്ങള്‍ക്ക് ആവശ്യമായ ഇളവുകള്‍ക്കായി ഭരണകക്ഷിക്ക് 20 കോടി രൂപയുടെ കോഴ നല്‍കുന്നതിന് ഓരോ ബാറുടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന് 801 അംഗങ്ങളുള്ള ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ ഒരു പ്രമുഖ അബ്കാരി വ്യവസായിയുടേതായി പുറത്തുവന്ന വാട്സാപ് ശബ്ദസന്ദേശം സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയുടെ പേരിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വീര്യം പകരുകയായിരുന്നു.
എട്ടുവര്‍ഷം മുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയ്ക്കെതിരെ ബാര്‍ കോഴ ആരോപണമുയര്‍ത്തി കലാപകലുഷിതമായ പ്രചണ്ഡ രാഷ് ട്രീയ പ്രക്ഷോഭം നയിച്ച് അധികാരത്തിലെത്തിയ പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം പിന്നിടുമ്പോള്‍ മറ്റൊരു ബാര്‍ കോഴ വിവാദത്തിന്റെ പുനരാവര്‍ത്തി ചരിത്രത്തിന്റെ കാവ്യനീതിയാണ്.
ഇടതുപക്ഷ സര്‍ക്കാരിനെ താറടിക്കാനും ഭരണവിരുദ്ധ വികാരം ആളിപ്പടര്‍ത്താനും വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം നടത്തിയ വന്‍ ഗൂഢാലോചനയാണിതെന്നും പക്ഷെ സംഗതി ചീറ്റിപ്പോയെന്നും സിപിഎം പ്രതിരോധം തീര്‍ക്കുന്നുണ്ട്. സര്‍ക്കാരോ എല്‍ഡിഎഫോ പുതിയ അബ്കാരി നയത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും ബാറുടമകളുമായി ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പരസ്യമായി പ്രതികരിച്ചു. ബാര്‍ കോഴയെ സംബന്ധിച്ച ഓഡിയോ ക്ലിപ് ഇടുക്കിയിലെ ബാര്‍ ഹോട്ടലുകളുടെ വാട്സാപ് ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നതിനു പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് എക്സൈസ് മന്ത്രി സംസ്ഥാന പൊലീസ് മേധാവിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. എക്സൈസ് മന്ത്രി രാജേഷ് ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവ ഉള്‍പ്പെടുന്ന ഒരു യൂറോപ്യന്‍ പര്യടനത്തിനു പുറപ്പെടുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നും ഒരു കോടി നല്കിയെന്നുമുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ പ്രസ്താവനയെ ആധാരമാക്കിയാണ് പിണറായിയും കൂട്ടരും യുഡിഎഫ് മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കി നിയമസഭയിലും സെക്രട്ടേറിയറ്റിനു മുമ്പിലും തെരുവിലും അതിഘോര ഉപരോധ സമരങ്ങള്‍ നയിച്ചത്. മാണിയുടെ വീട്ടില്‍ കറന്‍സി മെഷീന് വച്ചാണ് കോഴപ്പണം എണ്ണുന്നതെന്നാണ് സിപിഎം പോരാളികള്‍ പാടിനടന്നത്. കെ.എം മാണിയുടെയും എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന്റെയും രാജിക്കായി കൊലവിളി നടത്തിയവര്‍ ഇപ്പോള്‍ യുഡിഎഫ് ഈ തിരഞ്ഞെടുപ്പുകാലത്തെ ബാര്‍ കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുമ്പോള്‍, ആരോപണത്തെക്കുറിച്ച് അന്വേഷിക്കാതെ ആരോപണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്.
പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ആരോപണം ഉയരുമ്പോള്‍ അതിനു പിന്നില്‍ ഗൂഢാലോചന ആരോപിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നതും പരാതിക്കാരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതും പിണറായി സര്‍ക്കാരിന്റെ പതിവുശൈലിയാണ്.
ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങും മുന്‍പുതന്നെ, സര്‍ക്കാരിനെ സ്വാധീനിക്കാനുള്ള കോഴയ്ക്കു വേണ്ടിയല്ല ബാര്‍ ഹോട്ടലുകളുടെ സംഘടനയ്ക്കു വേണ്ടി തിരുവനന്തപുരത്ത് നിര്‍മിക്കുന്ന മന്ദിരത്തിനുവേണ്ടിയായിരുന്നു പണപ്പിരിവ് എന്നും സംഘടനയിലെ പടലപ്പിണക്കത്തിന്റെ പേരിലുണ്ടായ മനോവിഷമം മൂലം ഉചിതമല്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞുപോയതാണെന്നും ഇടുക്കിയിലെ സംഘടനാ നേതാവ് പുതുക്കിയ പ്രസ്താവന ഇറക്കി. ഫെഡറേഷന് മന്ദിരത്തിന്റെ പേരില്‍ നാലു മാസം മുന്‍പ് ഒരു ലക്ഷം രൂപ വീതം അംഗങ്ങളില്‍ നിന്നു പിരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
തിരഞ്ഞെടുപ്പുകാലത്ത് രാഷ് ട്രീയ പാര്‍ട്ടികളെ സഹായിക്കാനും ബാറുടമകള്‍ക്കിടയില്‍ പണപ്പിരിവു നടന്നതായി സൂചനയുണ്ട്. രണ്ടര ലക്ഷം വീതം പിരിക്കാന്‍ നിര്‍ദേശിച്ചത് മദ്യനയത്തിന്റെ പേരില്‍തന്നെയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും ആരെങ്കിലും കോഴ ചോദിച്ചതായോ ആരെങ്കിലും കോഴ നല്കിയതായോ തെളിവില്ലെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനു കുമാറിന്റെ സ്പെഷല്‍ ടീം കണ്ടെത്തിയിരിക്കുന്നത്!
സംസ്ഥാന ചീഫ് സെക്രട്ടറി കഴിഞ്ഞ മാര്‍ച്ച് ഒന്നിനു വിളിച്ചുചേര്‍ത്ത വകുപ്പു സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ഡ്രൈ ഡേ ഒഴിവാക്കല്‍ അജന്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് ചീഫ് സെക്രട്ടറി വി. വേണു വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ 21-ാം തീയതി സംസ്ഥാന ടൂറിസം സെക്രട്ടറിക്കുവേണ്ടി കെടിഡിസി മാനേജിങ് ഡയറക്ടര്‍ വിളിച്ചുകൂട്ടിയ വെര്‍ച്വല്‍ യോഗത്തില്‍ ബാറുടമകളുടെ ഫെഡറേഷന് പ്രതിനിധിയെയും ക്ഷണിച്ചിരുന്നു. ഡ്രൈ ഡേ വിഷയം ആ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഫെഡറേഷന് നേതാവ് സ്ഥിരീകരിച്ചു. എന്നാല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്റ്റേയ്ക്ഹോള്ഡര്മാരുടെ യോഗമായിരുന്നു അതെന്നും അബ്കാരി നയം അതില്‍ ചര്‍ച്ച ചെയ്തില്ലെന്നും ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല ആ യോഗം വിളിച്ചതെന്നും ടൂറിസം സെക്രട്ടറി പ്രസ്താവന ഇറക്കി. ഇതിനിടെ, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്തായാലും, സംസ്ഥാനത്തെ എക്സൈസ് നയത്തില്‍ ടൂറിസം വകുപ്പിന് ഇത്രയ്ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്.
”മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും” എന്നാണ് 2016-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാറുകളുടെ എണ്ണം ഇപ്പോള്‍ 920 കവിഞ്ഞിരിക്കുന്നു.
ബെവ്കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും 309 ഔട്ട്ലെറ്റുകള് വെറെയുമുണ്ട്. 559 ചില്ലറമദ്യവില്പന ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, ഇക്കഴിഞ്ഞ മൂന്നുവര്‍ഷം ബെവ്കോ വിറ്റത് 48,805 കോടി രൂപയുടെ മദ്യമാണ്. മദ്യത്തില്‍ നിന്നു സര്‍ക്കാരിനു ലഭിച്ച നികുതി വരുമാനം 40,306 കോടി രൂപയും. പിണറായിയും കൂട്ടരും മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. സോഫ്റ്റ് വെയര്‍ വ്യവസായത്തിലേക്ക് ടെക്കികളെ ആകര്‍ഷിക്കാന്‍ ഐടി പാര്‍ക്കുകളില്‍ ക്ലബ് മാതൃകയില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ മദ്യശാലകള്‍ തുറക്കുന്നതിന് അബ്കാരി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയാണ്.
കേരളത്തിലെ പ്രളയനിയന്ത്രണത്തിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഡച്ച് മോഡല്‍ ‘റൂം ഫോര്‍ ദ് റിവര്‍’ പദ്ധതിയെക്കുറിച്ചും ലോക കേരള സഭയില്‍ സംരംഭകര്‍ക്കായി ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നയംമാറ്റത്തെക്കുറിച്ചും മുഖ്യമന്ത്രി വിജയന് വാചാലനായത് അനുസ്മരിപ്പിക്കുന്നതാണ് അബ്കാരി വ്യവസായികള്‍ക്കായി ടൂറിസം വകുപ്പിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും അമിത ‘ഈസിങ്’ ഔത്സുക്യം. ബാര്‍ കോഴയും അഴിമതിയുമാകുമ്പോള് അത് ‘ഈസ് ഓഫ് ഡൂയിങ് സ്ലീസ്’ ആകേണ്ടതാണ്. സംഗതി ചുരുക്കത്തില്‍ വൃത്തികെട്ട ഇടപാടാണ്!