വരാപ്പുഴ കേന്ദ്രീകരിച്ച് കേരളസഭയെയും സമൂഹത്തെയും നവീകരിച്ച കര്‍മലീത്താ മിഷനറിമാരുടെ വരിഷ്ഠശ്രേണിയില്പ്പെട്ട സ്പെയിന്‍കാരനായ ഫാ. അല്‍ഫോന്‍സോ മരിയ ദെ ലോസ് ആഞ്ജലസ് ഒസിഡി കാട്ടുപാതയിലൂടെ 80 മൈല്‍ നടന്ന് 1894-ല്‍ മൂന്നാര്‍ കണ്ണന് ദേവന് മലനിരകളിലെത്തി തോട്ടംമേഖലയില്‍ ആദ്യത്തെ ആരാധനാലയം പണിതുയര്‍ത്തി സുവിശേഷവേല ചെയ്ത്, മലേറിയ പിടിപെട്ട അഗതികളെ ശുശ്രൂഷിച്ച് പകര്‍ച്ചവ്യാധിയുടെ ഉഗ്രരൂപമായ ബ്ലാക്ക് മലേറിയ ബാധിച്ച് ജീവത്യാഗം ചെയ്ത ധീരോജ്വലമായ ഒരേട് മൗണ്ട് കാര്‍മലിന്റെ ഇതിഹാസഗാഥയിലുണ്ട്.
ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്താനുള്ള വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരിലിന്റെ അപേക്ഷ 2023 നവംബറില്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ അംഗീകരിച്ച് വത്തിക്കാനിലേക്കു സമര്‍പ്പിച്ചിരുന്നു. റോമന്‍ കൂരിയായില്‍ ദൈവാരാധനയ്ക്കും കൂദാശകളുടെ പരികര്മത്തിനുമായുള്ള ഡികാസ്റ്ററിയില്‍ നിന്ന് മൂന്നാര്‍ ബസിലിക്കാ പ്രഖ്യാപനത്തിന്റെ ഡിക്രി ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലി മുഖേന ലഭിച്ചതായി ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് ബിഷപ് തെക്കെതേച്ചേരില്‍ ദൈവജനത്തെ അറിയിച്ചു.
ഹൈറേഞ്ചിലെ മഹാദേവാലയം
ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളി ഇടുക്കി ജില്ലയിലെയും വിജയപുരം രൂപതയിലെയും പ്രഥമ ബസിലിക്കയായി പ്രതിഷ്ഠിക്കപ്പെടുന്നു. പുണ്യചരിതനായ സ്പാനിഷ് കര്‍മലീത്ത മിഷനറി അല്‍ഫോന്‍സോ മരിയ ദെ ലോസ് ആഞ്ജലസ് 1894-ല്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ തുടക്കം കുറിച്ച പ്രേഷിതശുശ്രൂഷയുടെ ഭാഗമായി 1898-ലാണ് ഈ ദേവാലയം നിര്‍മിച്ചത്. 125 വര്‍ഷത്തിലേറെയായി ഹൈറേഞ്ചില്‍ ക്രൈസ്തവ സാക്ഷ്യത്തിന്റെ അനന്യമായ അനുഗ്രഹദീപ്തിയില് തിളങ്ങുന്ന ഈ മാതൃദേവാലയത്തെ 2024 മാര്‍ച്ച് 27ന് ഫ്രാന്‍സിസ് പാപ്പാ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് വിജയപുരം രൂപതയും മൂന്നാര്‍ ജനതയും. മൂന്നാറിന്റെ ചരിത്രത്തില്‍ അവിസ്മരണീയനായ അല്‍ഫോന്‍സോ അച്ചന്റെ 108-ാം ചരമവാര്‍ഷികത്തിന്റെ രണ്ടാംദിനമായ 2024 മേയ് 25ന് ശനിയാഴ്ച, വിജയപുരം രൂപതയുടെ വലിയ ഇടയന് സെബാസ്റ്റ്യന്‍ തെക്കെതേച്ചേരിലിന്റെയും സഹായമെത്രാന്‍ ജസ്റ്റിന് മഠത്തില്പറമ്പിലിന്റെയും നേതൃത്വത്തില്‍ നിരവധി സഭാമേലധ്യക്ഷന്മാരുടെയും വൈദികരുടെയും സഹകാര്മികത്വത്തില് അര്‍പ്പിക്കപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ബസിലിക്കാ പ്രഖ്യാപനത്തിന്റെ ഡിക്രി വായിക്കും. ബസിലിക്കാ റെക്ടര്‍ ഫാ. മൈക്കള്‍ വലയിഞ്ചിയുടെ സാരഥ്യത്തില്‍ രൂപതയിലെ വൈദികരും സന്ന്യസ്തരും വിശ്വാസിസമൂഹവും മൂന്നാര്‍ ജനതയും ഏറെനാളായി ഈ ചരിത്രസംഭവത്തിനായുള്ള ഒരുക്കങ്ങളിലായിരുന്നു.
ജോണ്‍ ഡാനിയല്‍ മണ്‍റോ എന്ന പ്ലാന്റര്‍ 1887-ല്‍ പൂഞ്ഞാര്‍ രാജാവില്‍ നിന്ന് കണ്ണന്‍ദേവന്‍ മലകള്‍ പാട്ടത്തിനെടുത്ത് തോട്ടവ്യവസായം ആരംഭിച്ചതു മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികള്‍ മൂന്നാര്‍ മലനിരകളില്‍ എത്തിച്ചേര്‍ന്നു. 1894-ല്‍ ആലുവായില്‍ നിന്ന് 80 മൈല്‍ ദൂരം കാട്ടുപാതയിലൂടെ നടന്ന് മലകള്‍ താണ്ടി ഫാ. അല്‍ഫോന്‍സോ അതിസാഹസികമായ മൂന്നാര്‍ പ്രേഷിതദൗത്യം ആരംഭിച്ചു. 13 മാസക്കാലത്തിലേറെ തൊഴിലാളികളെയും തോട്ടവ്യവസായികളെയും ആശ്രയിച്ച് ഇവിടെ പ്രേഷിതശുശ്രൂഷ ചെയ്ത അദ്ദേഹം തിരികെ പോയി. വര്‍ഷത്തില്‍ ഒന്നുരണ്ടു പ്രാവശ്യം മൂന്നാറില്‍ വന്നും പോയും അല്‍ഫോന്‍സോ അച്ചനും സഹസന്ന്യാസിമാരും മിഷന് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
നാലുവര്‍ഷത്തെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ഫലമായി മൂന്നാറില്‍ ഒരു ചാപ്പലും ചെറിയ വീടും പണിയാനുള്ള സ്ഥലവും അനുമതിയും കണ്ണന് ദേവന് കമ്പനിയില്‍ നിന്ന് ലഭിച്ചു. അങ്ങനെ 1898-ല്‍ കര്മലമാതാവിന്റെ നാമധേയത്തില്‍ നിര്‍മിച്ച താത്ക്കാലിക ഷെഡ്ഡില്‍ നിന്നാണ് മൗണ്ട് കര്‍മല്‍ ദേവാലയചരിത്രത്തിന്റെ സമാരംഭം. തേയില കമ്പനിയുടെയും വിദേശ മിഷനറിമാരുടെയും തോട്ടംതൊഴിലാളികളുടെയും സഹകരണത്തോടെ 1909-ല്‍ ലക്ഷണമൊത്ത പുതിയ ദേവാലയം പണിതുയര്‍ത്തി. 1920-ല്‍ അതിന് കുറച്ചുകൂടി വിസ്തൃതി കൂട്ടി. മൂന്നാര്‍ പള്ളി തുടക്കകാലത്ത് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ആലുവ പള്ളിയുടെ മിഷന്കേന്ദ്രമായിരുന്നു.
മലബാര്‍, വരാപ്പുഴ വികാരിയാത്തിന്റെയും പിന്നീട് വരാപ്പുഴ അതിരൂപതയുടെയും അജപാലനനേതൃത്വം വഹിച്ച യൂറോപ്യന്‍ കര്‍മലീത്ത മെത്രാന്മാരും വൈദികരുമാണ് ഹൈറേഞ്ചില്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഹൈറേഞ്ചില്‍ കത്തോലിക്കാ സമൂഹം കെട്ടിപ്പടുത്തത് കര്‍മലീത്താ മിഷനറിമാരാണ്. മൂന്നാര്‍ പള്ളിക്കും ഈ മേഖലയിലെ വിവിധ മിഷന് കേന്ദ്രങ്ങള്‍ക്കും ഇടവകകള്‍ക്കുമുള്ള ഭൂമി ദാനമായി നല്‍കിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചും കണ്ണന് ദേവന് കമ്പനി മലനാടിന്റെ സമഗ്രവികസന ചരിത്രത്തിന്റെ വിധാതാക്കളുമായി.
വരാപ്പുഴ അതിരൂപതയുടെ ഭരണസീമയിലായിരുന്നു മൂന്നാര്‍. വരാപ്പുഴയിലെ അവസാനത്തെ യൂറോപ്യന്‍ കര്‍മലീത്താ മെത്രാപ്പോലീത്ത എയ്ഞ്ചല്‍ മേരി പിതാവിന്റെ കാലത്ത്, 1927-ല്‍ വരാപ്പുഴ അതിരൂപതയില്‍ തെക്കുകിഴക്കുഭാഗത്തുള്ള മിഷന് മേഖലയ്ക്കായി പ്രത്യേക ഭരണസംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി. അന്നത്തെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ഇന്നത്തെ ഇടുക്കി ജില്ലയും അതിന്റെ ഭാഗമായ ദേവികുളം താലൂക്കും കണ്ണന്‍ദേവന്‍ മലനിരകളും മൂന്നാറുമെല്ലാം ഉള്‍പ്പെടുന്ന വരാപ്പുഴ അതിരൂപതയിലെ മിഷന് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് 1930 ജൂലൈ 14ന് വിജയപുരം രൂപത സംസ്ഥാപിതമായത്. വിജയപുരം രൂപതയുടെ പ്രഥമ മെത്രാന് ബൊനവന്തൂര അരാന, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ അംബ്രോസ് അബസോളോ എന്നീ സ്പാനിഷ് മിഷനറിമാര്ക്കുശേഷം ആദ്യത്തെ തദ്ദേശീയ മെത്രാന് അഭിവന്ദ്യ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പീറ്റര്‍ തുരുത്തിക്കോണം പിതാവ്, ഇപ്പോള്‍ രൂപതയെ നയിക്കുന്ന വലിയ ഇടയന് ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍, മൂന്നാറില്‍ നിന്ന് തന്റെ പൗരോഹിത്യശുശ്രൂഷ ആരംഭിച്ച സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ എന്നിവരുടെയും മറ്റനേകം വൈദികശ്രേഷ്ഠരുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് ഹൈറേഞ്ച് മിഷന് കേന്ദ്രങ്ങളുടെ വികസനമുന്നേറ്റം.
ഒന്നേകാല്‍ നൂറ്റാണ്ടിന്റെ വികാസപരിണാമങ്ങളില്‍ മൂന്നാറിലെ ഈ തറവാട് ദേവാലയത്തിന്റെ ശാഖകളായി കാന്തല്ലൂര്‍, തലയാര്‍, എല്ലപ്പെട്ടി, ഗൂഡര്ളെ, ദേവികുളം, ചിന്നക്കനാല്‍, നെടുങ്കണ്ടം കല്ലാര്‍, ഇടുക്കി, തോപ്രാംകൂടി, അടിമാലി, വട്ടയാര്‍ കല്ലാര്‍, പള്ളിവാസല്‍, ചിത്തിരപുരം എന്നീ ഇടവകകളും അവയുടെ സ്റ്റേഷന് പള്ളികളും സ്കൂളുകളും കോണ്‍വെന്റുകളും ഒക്കെയായി ഹൈറേഞ്ചില്‍ പതിനായിരക്കണക്കിനു വരുന്ന വിശ്വാസികളുടെ സമൂഹം ഭാരതസഭയുടെ സുവിശേഷസാക്ഷ്യത്തിന്റെ ഏറ്റം പച്ചപ്പുള്ള ശ്രേഷ്ഠഗിരിശൃംഗങ്ങളിലൊന്നായി.
മൂന്നാറിന്റെ രക്ഷാസങ്കേതം
മൂന്നാറിലെ മൂന്ന് മലകളിലും അനുഗ്രഹ തേജസ്സായി മൂന്നു ദേവാലയങ്ങള്‍ നിലകൊള്ളുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ റെയില്‍വേയും റോപ്വേയും ഉള്‍പ്പെടെ വികസന കൊടുമുടിയിലായിരുന്ന മൂന്നാറിനെയാകെ തകര്‍ത്തെറിഞ്ഞ 1924-ലെ വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ രക്ഷയ്ക്കായി അഭയം തേടിയത് മൗണ്ട് കാര്‍മല്‍ ദേവാലയത്തിലാണ്. അതിതീവ്രമായ പെരുമഴയിലും മഹാപ്രളയത്തിലും മൂന്നാര്‍ മുങ്ങിയപ്പോള്‍, വിശുദ്ധ അന്തോണീസിന്റെ കുരിശടിയെത്തൊട്ട് പ്രളയജലം പിന്‍വാങ്ങിയെന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ – കൊല്ലവര്‍ഷം 1099-ലെ വെള്ളപ്പൊക്കത്തില്‍ – നിന്നുള്ള രക്ഷയ്ക്ക് കാരണഭൂതനായ അന്തോണിയാരെ ജാതിമതഭേദമെന്യേ മൂന്നാറിന്റെ ജനങ്ങള്‍ തലമുറകളായി തിരികള്‍ കത്തിച്ച് വണങ്ങുന്നു. യാത്രാവേളകളിലും, പുതിയ സംരംഭം തുടങ്ങുമ്പോഴും, വാഹന സുരക്ഷയ്ക്കും, നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാനും, രോഗശാന്തിക്കും, വിവാഹത്തിനായും, ജോലിക്കായും, ഇത്തരത്തില്‍ ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാംതന്നെ അദ്ഭുതപ്രവര്‍ത്തകനായ അന്തോണീസിന്റെ കുരിശടി ഏവര്‍ക്കും അത്താണിയും അനുഗ്രഹദായകവുമായി നിലകൊള്ളുന്നു.
ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍, കൊടുംപട്ടിണിയുടെയും വറുതിയുടെയും നാളുകളില്‍ ഗോതമ്പും പാല്‍പ്പൊടിയും മെയ്സ് പൊടിയും റവയും തുണികളും മറ്റു സഹായങ്ങളും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (വിഎസ്എസ്എസ്) വഴി മൂന്നാര്‍ പള്ളിയില്‍ നിന്ന് നല്കിവന്നത് പഴമക്കാര്‍ ഏറെ നന്ദിയോടെ ഇന്നും സ്മരിക്കുന്നു.
1980കളില്‍ കേരള സര്‍ക്കാര്‍ മൂന്നാറില്‍ ഡാം നിര്‍മ്മിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ വേണ്ടി മൂന്നാര്‍ ജനതയെ കുടിയൊഴിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളെ അന്നത്തെ വികാരി അഗസ്റ്റിന് പിന്‍ഹീറോ അച്ചന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും വ്യാപാരികളെയും സാമൂഹിക സംഘടനകളെയും മറ്റും അണിനിരത്തിക്കൊണ്ട് ചെറുത്ത ഐതിഹാസിക പോരാട്ടം മൂന്നാറിന്റെ ചരിത്രത്തിന് മറക്കാനാവില്ല. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയോഗിച്ച മൂന്നാര്‍ ദൗത്യസംഘം എത്തിയപ്പോള്‍, മൂന്നാര്‍ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വമേറ്റെടുത്ത് ഫാ. ജോസ് കാടന്തുരുത്തേലും ഇടവകജനങ്ങളും രാഷ്ട്രീയ, വ്യവസായ, സാമൂഹിക സംഘടനകളോടു ചേര്‍ന്ന് പോരാടിയതും ചരിത്രംതന്നെ.
മൂന്നാര്‍ ടൗണിന്റെ മുഖച്ഛായ മാറ്റിയ കാര്‍മല്‍ കോംപ്ലക്സ് നിരവധി വ്യാപാരികളുടെ ജീവിതമാര്‍ഗമായി മാറി. മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മിസ്റ്റ്) സാമൂഹ്യവികസന, കാരുണ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. കാര്മല്ടോപ്പ്, കാര്‍മല്‍ ഓഡിറ്റോറിയം, ഫാ. അല്‍ഫോന്‍സ് മെമ്മോറിയല്‍ ഓഡിറ്റോറിയം, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, നിര്‍മലാ സൊസൈറ്റി തുടങ്ങിയവ നാടിന്റെ വികസനത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകങ്ങളാണ്.
2018-ലെ പ്രകൃതിദുരന്ത വേളയിലും കൊവിഡ് മഹാമാരിയുടെ കാലത്തും മൗണ്ട് കാര്‍മല്‍ പള്ളിയുടെ ഓഡിറ്റോറിയങ്ങള്‍ ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു. ഇടവകയിലെ വൈദികര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മിസ്റ്റ് സഹായകേന്ദ്രമായി മാറി. കര്‍മലീത്ത മിഷനറിമാര്‍ പകര്‍ന്നുനല്‍കിയ കരുണയുടെയും പ്രാര്ഥനാചൈതന്യത്തിന്റെയും മഹിതപൈതൃകം ഇന്നും അഭംഗുരം മൗണ്ട് കാര്മലില് പരിപുഷ്ടമാണ്.
മൂന്നാറിന്റെ വികസനചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതിപരിപാലന കൂട്ടായ്മകളിലും നാടിന്റെ നന്മയ്ക്കും മൗണ്ട് കാര്‍മല്‍ പള്ളി എന്നും സജീവമായി ഉണ്ടായിരുന്നു, ഇന്നുമുണ്ട്.
ഫാ. അല്‍ഫോന്‍സോയുടെ കബറിടം
സ്പെയിന്‍കാരനായ കര്‍മലീത്താ മിഷനറി അല്‍ഫോന്‍സോ മരിയ ദെ ലോസ് ആഞ്ജലസ് ഒസിഡി വരാപ്പുഴ മിഷന്റെ ഭാഗമായി 1894 മുതല്‍ 1916 വരെ 22 വര്‍ഷക്കാലം മൂന്നാറില്‍ പ്രേഷിതശുശ്രൂഷ ചെയ്തു. ഹൈറേഞ്ചിന്റെ അപ്പസ്തോലനായ ധന്യനായ ആ സന്ന്യാസവര്യന്‍, കണ്ണന്‍ദേവന്‍ മലനിരകളില്‍ മഹാമാരികള്‍ സംഹാരതാണ്ഡവമാടിയ നാളുകളില്‍, തന്റെ ജീവനു ഭീഷണിയാണെന്നറിഞ്ഞിട്ടും പകര്‍ച്ചവ്യാധികള്‍ പിടിപെട്ട നിരാലംബരായ മനുഷ്യരെ പരിചരിച്ചും സൗഖ്യദായകനായും അവരെ നല്ല മരണത്തിന് ഒരുക്കിയും വിശ്വാസികള്‍ക്കു കൂദാശകള്‍ നല്‍കിയും സ്വയം സമര്‍പ്പിച്ച് അവരുടെ ഇടയില്‍ ജീവിച്ചു. ഒടുവില്‍, മലേറിയ രോഗത്തിന്റെ തീവ്രരൂപമായ ബ്ലാക്ക് മലേറിയ പിടിപെട്ട് അദ്ദേഹം ശയ്യാവലംബനായി. ഫാ. ബൊനവന്തൂര അരാന (പില്ക്കാലത്ത് വിജപുരം രൂപതയുടെ പ്രഥമ മെത്രാനായി ഇദ്ദേഹം), ഫാ. സെറാഫിന് എന്നീ കര്‍മലീത്താ സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ആ പുണ്യചരിതന് ദിവംഗതനായത്. താന്‍ സ്ഥാപിച്ച ദേവാലയത്തിനകത്തുതന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
ഫാ. അല്‍ഫോന്‍സിന്റെ (1894 1916) നിസ്തുല സേവനത്തിന്റെ തുടര്‍ച്ചയായി ഫാ. ബെര്‍ണാഡ്, ഫാ. ജൂലിയാനസ്, ഫാ. ലിഗോരിനസ്, ഫാ. സെറാഫിന്, ഫാ. ബൊനവന്തൂര, ഫാ. സെവേറിയസ്, ഫാ. മത്തിയാസ്, ഫാ. ബ്ലാസിയസ്, ഫാ. വിക്ടോറിനസ്, ഫാ. ലൂസിയാനസ്, ഫാ. വിത്താലിസ് എന്നീ കര്‍മലീത്താ മിഷനറിമാര്‍ ഇവിടെ ശുശ്രൂഷ ചെയ്തു. ഇന്നത്തെ വലിയ ദേവാലയം 1934 – 1938 കാലയളവില്‍ പുനര്‍നിര്‍മിക്കാനാവശ്യമായ പണം ഫാ. സെലുസ്റ്റിയാനൂസ് ഒസിഡി സ്വരൂപിച്ചത് സ്പെയിനിലെ കര്‍മലീത്ത സഭാധികാരികളുടെ നിര്‍ലോപമായ സഹായത്താലാണ്. 1943-ല്‍ സ്വതന്ത്ര ഇടവകയായ മൂന്നാറിന്റെ ആദ്യകാല വികാരിമാരും കര്മലീത്തരായിരുന്നു. ഫാ. ബ്ലാസിയൂസ് ഒസിഡി (194346) പ്രഥമ ഇടവക വികാരിയായി. തുടര്‍ന്ന് വികാരിയായ ഫാ. ബെനഡിക്റ്റ് ഒസിഡി 11 വര്‍ഷം ഇടവകയില്‍ സേവനമനുഷ്ഠിച്ചു. മൂന്നാര്‍ ഇടവകയിലെ അവസാനത്തെ കര്‍മലീത്താ വികാരി ഫാ. മരിയാന് ഒസിഡി (1957 66) ആയിരുന്നു.
ക്രിസ്തുവിനുവേണ്ടി സ്വജീവന്‍പോലും ബലികൊടുക്കാനൊരുങ്ങി സാഹസിക യാത്രകളിലൂടെ, ത്യാഗനിര്‍ഭരമായ മാനസാന്തരവേല ചെയ്തു കടന്നുപോയ പുണ്യചരിതരായ കര്‍മലീത്താ മിഷനറിമാരെ മൂന്നാറിലെ വിശ്വാസിസമൂഹം നന്ദിയോടെ എന്നും ഓര്‍ക്കുന്നു.
കെഡിഎച്ച്പി കമ്പനിയും മൂന്നാര്‍ ബസിലിക്കയും
മൂന്നാറിലെ തേയിലത്തോട്ടം കമ്പനിയുടെ പ്രാരംഭകാലം മുതല്‍ തേയിലയുടെ സുഗന്ധത്തോടൊപ്പം തന്നെ പരിലസിക്കപ്പെട്ടതാണ് മിഷനറി ചൈതന്യമാര്‍ന്ന സുവിശേഷപ്രവര്‍ത്തനങ്ങളും, അതിനു കേന്ദ്രമായ മൗണ്ട് കാര്‍മല്‍ ദേവാലയവും. 1790കളില്‍ കേണല്‍ ആര്‍തര്‍ വെല്ലസ്ലിയുടേതാണ് മൂന്നാര്‍ മലമുകളിലെ ആദ്യ ഇംഗ്ലീഷ് സാന്നിധ്യം. 1817-ലെ ഗ്രേറ്റ് ട്രിഗൊണോമെട്രിക്കല് സര്‍വേയര്‍മാരായ ബ്രിട്ടീഷ് ആര്‍മിയിലെ ലഫ്റ്റനന്റ് ബെഞ്ചമിന്‍ സ്വയിന് വാര്‍ഡ്, ലഫ്റ്റനന്റ് പീറ്റര്‍ എയര്‍ കോണര്‍ എന്നിവര്‍ ഈ ഭൂപ്രദേശത്തെ ലോകത്തിന് പരിചിതമാക്കി. കണ്ണന് ദേവന് മലനിരകളുടെ രൂപപരിണാമത്തിന്റെ യഥാര്‍ത്ഥ ശില്പി ജോണ്‍ ഡാനിയേല്‍ മണ്‍റോ 1877-ല്‍ മൂന്നാറില്‍ എത്തിയതോടെയാണ് ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല സുഖവാസകേന്ദ്രവും പ്ലാന്റേഷന് ടൗണുമായുള്ള മൂന്നാറിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്.
1894-ല്‍ മൂന്നാറില്‍ എത്തിച്ചേര്‍ന്ന നാലുപേര്‍ ചരിത്രത്തില്‍ ഇന്നും തിളങ്ങുന്നു.
1. ഫിന്‍ലെ ചെയര്മാന് സര് ജോണ്‍ മൂറും മകന് ജയിംസ് മൂറും – ഇവരുടെ സന്ദര്‍ശനത്തോടെ ഫിന്‍ലേ മൂര്‍ കമ്പനിയുടെ കീഴില്‍ മൂന്നാര്‍ മേഖലയില്‍ ചിതറിക്കിടന്ന, ഒറ്റപ്പെട്ട എസ്റ്റേറ്റുകള്‍ ഒരു കുടക്കീഴിലായി. വമ്പിച്ച മാറ്റങ്ങള്‍ക്കും വികസനങ്ങള്‍ക്കും ഇതു വഴിതെളിച്ചു.
2. സ്പാനിഷ് കര്‍മലീത്താ മിഷനറി വൈദികന് അല്‍ഫോന്‍സോ മരിയ ദെ ലോസ് ആഞ്ജലസ് ആലുവായില്‍ നിന്ന് 80 മൈല്‍ കാല്‍നടയായി മൂന്നാറില്‍ എത്തിച്ചേര്‍ന്നു. 13 മാസക്കാലം മിഷനറി പ്രവര്‍ത്തനങ്ങളുമായ് എസ്റ്റേറ്റുകള്‍ ചുറ്റിസഞ്ചരിച്ചു. ഹൈറേഞ്ചിന്റെ മണ്ണിലെ ആദ്യത്തെ അപ്പസ്തോലനായ അല്‍ഫോന്‍സോ അച്ചനിലൂടെ പശ്ചിമഘട്ട മലനിരകളില്‍ വിശ്വാസി സമൂഹം അതിവേഗം തളിര്‍ത്തുവളര്‍ന്നു.
3. കണ്ണന് ദേവന് കമ്പനിയുടെ ആദ്യ ജനറല്‍ മാനേജര്‍ ഹെന് റി മാന്‍സ്ഫീല്‍ഡിന്റെ പ്രിയപത്നി എലനോറ ഇസബെല്‍ മേയ് മൂന്നാറിലെത്തി ഏതാനും ദിവസങ്ങള്‍ക്കകം മലേറിയ ബാധിച്ച് മരണമടഞ്ഞു. ഇസബെല്ലിന്റെ കബറിടത്തോടു ചേര്‍ന്ന് ധാരാളം കല്ലറകള്‍ ഉയരുകയും അവിടം മറ്റൊരു ദേവാലയത്തിനായ് പാകപ്പെടുകയും ചെയ്തു. അങ്ങനെ തെക്കിന്റെ താജ്മഹലെന്നപോല് ആംഗ്ലിക്കന്‍ സഭയുടെ ക്രൈസ്റ്റ് ദേവാലയം നിര്‍മിക്കപ്പെട്ടു. മൂന്നാറിന്റെ മനോഹര ചരിത്രകാഴ്ചയായി അത് ലോകമെമ്പാടും അറിയപ്പെടുന്നു.
ഫാ. അല്‍ഫോന്‍സിന്റെ പുണ്യജീവിതവും വിശ്വാസി സമൂഹത്തിന്റെ സവിശേഷ ആധ്യാത്മികചൈതന്യവും കണ്ണന് ദേവന് കമ്പനിയുടെ നിസ്സീമമായ സഹായത്തിന് പ്രേരണയായി. 1898-ല്‍ കമ്പനിവക ഭൂമി നല്‍കിയത് ഹൈറേഞ്ചിലെ ആദ്യ ദേവാലയത്തിനായുള്ള വലിയ ചുവടുവയ്പ്പായി. ചെറിയ ചാപ്പലും വൈദികനു താമസസൗകര്യവും മൂന്നാറിലെ കാര്‍മല്‍ മലയില്‍ നല്‍കിയത് കെഡിഎച്ച്പി കമ്പനിയാണ്. അന്നുമുതല്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തിന്റെയും പിന്നീട് ഈ മേഖലയില്‍ ഉയര്‍ന്നുവന്ന ദേവാലയങ്ങളുടെയും കപ്പേളകളുടെയും കുരിശടികളുടെയുമെല്ലാം വളര്‍ച്ചയ്ക്കു പിന്നില്‍ കെഡിഎച്ച്പി, ഫിന്‍ലെ, ടാറ്റാ, കെഡിഎച്ച്പി ആന്‍ഡ് കമ്പനി എന്നിവയുടെ അതാതു കാലങ്ങളിലെ മാനേജര്‍മാരും ഉദ്യോഗസ്ഥരും ദിവ്യനിയോഗം പോലെ നല്കിയ വലിയ സഹായമുണ്ടായിരുന്നു.
1904-ല്‍ മരണാസന്നനായ അല്‍ഫോന്‍സോ അച്ചനെ ചുമന്നും കാളവണ്ടിയിലും റോപ്വേ വഴിയും തമിഴ്നാട്ടിലെത്തിച്ച് ജീവന് രക്ഷിച്ച ഒരു കഥയുണ്ട്. കമ്പനി ഒരുക്കിയ യാത്രാസംവിധാനങ്ങളും ടെലിഫോണ്‍, തപാല്‍, വൈദ്യുതി സംവിധാനങ്ങളും, മാനേജര്‍മാരുടെ കരുതലുമെല്ലാം വിജയപുരം രൂപതയുടെയും മൗണ്ട് കാര്‍മല്‍ ദേവാലയത്തിന്റെയും ചരിത്രത്താളുകളില്‍ സുവര്‍ണ പ്രഭചൊരിയുന്നു. 1909-ലും 1934-ലും മൗണ്ട് കാര്‍മല്‍ ദേവാലയം പുനര്‍നിര്‍മ്മിക്കപ്പെട്ട വേളകളിലും പല പ്രതിസന്ധിഘട്ടങ്ങളിലും കമ്പനി അധികൃതര്‍ നല്കിയ സഹായങ്ങള്‍ നിസ്തുലമാണ്.
ദേവാലയഭൂമിയും പരിസരപ്രദേശങ്ങളും ഗിഫ്റ്റ്ലാന്ഡ് ആയി രേഖാമൂലം വിജയപുരം രൂപതയ്ക്ക് നല്‍കിയത് നന്ദിയോടെ സ്മരിക്കേണ്ടതാണ്. പെണ്‍പള്ളിക്കൂടം ആരംഭിക്കാനായി ഹോളിക്രോസ് സന്ന്യാസിനീ സമൂഹത്തെ ഇവിടെ വിജയപുരം രൂപത കൊണ്ടുവന്നപ്പോള്‍ സ്കൂളിനാവശ്യമായ സ്ഥലവും സഹായങ്ങളും നല്കിയതും കെഡിഎച്ച്പി കമ്പനിയാണ്. അന്തോണിയാര്‍ കോളനി നിര്‍മാണത്തിന് അഗസ്റ്റ്യന്‍ പിന്‍ഹീറോ അച്ചനും കോംപ്ലക്സ് നിര്‍മാണത്തിന് ജോസഫ് അല്‍മേഡ അച്ചനും ജോസ് നെടുനിലത്ത് അച്ചനും കമ്പനിയുടെ ഉദാരമായ പിന്തുണ ലഭിച്ചു. ദൂരെയുള്ള എസ്റ്റേറ്റുകളിലെ വിശ്വാസികള്‍ക്ക് വിശേഷാവസരങ്ങളില്‍ ട്രാക്ടര്‍ സൗകര്യങ്ങള്‍ കമ്പനി ഏര്‍പ്പെടുത്തുമായിരുന്നു. എസ്റ്റേറ്റുകളില്‍ സ്റ്റേഷന് പള്ളികള്‍ സ്ഥാപിച്ച് ആരാധനയ്ക്ക് ആവശ്യമായ സഹായങ്ങളും കമ്പനി അധികൃതര്‍ നല്കി.
ഹൈറേഞ്ചിലെ മരിയന്‍ ബസിലിക്കയുടെ കൃതജ്ഞതാ സ്തോത്രമഞ്ജരികളില് മൂന്നാറിന്റെ സവിശേഷ സാംസ്കാരിക ഭൂമിക സൃഷ്ടിച്ച കണ്ണന് ദേവന് തേയിലത്തോട്ടത്തിലെ സുകൃതനന്മകളുടെ കൃപാനിധികളും എന്നും വാഴ്ത്തപ്പെടും.