റാഞ്ചി : ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഗ്രാമവികസന മന്ത്രിയായ അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇഡി നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
റെയ്ഡിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തായി . മുറിയിലെ വലിയ ബാഗുകളിൽ നിന്ന് ഇഡി കറൻസി നോട്ടുകൾ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. കൂടുതലും 500 രൂപയുടെ നോട്ട് കെട്ടുകളാണെന്നും ചില ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജാർഖണ്ഡ് നിയമസഭയിലെ പാകൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എഴുപതുകാരനായ ആലംഗീര്‍ ആലം. കഴിഞ്ഞ വർഷം ഇഡി അറസ്റ്റ് ചെയ്ത ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.