തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധസമരം. വിവിധ ജില്ലകളിലെ ഡ്രൈവിങ് സ്കൂളുകളാണ് സമരരംഗത്തുള്ളത് .
ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കാതെയാണ് തൊഴിലാളി സംഘടനകളും ഡ്രൈവിങ് സ്കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ആലപ്പുഴയില്‍ പ്രതിഷേധം മൂലം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനായില്ല. കോഴിക്കോടും ഡ്രൈവിംഗ് സ്കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.
ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
തൃശ്ശൂരിലും ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധമുണ്ടായി. 90 സ്കൂളുകള്‍ ടെസ്റ്റില്‍ പങ്കെടുത്തില്ല. മലപ്പുറത്തും വലിയ പ്രതിഷേധമാണുണ്ടായത്. ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ടെസ്റ്റില്‍ പങ്കെടുക്കേണ്ടവര്‍ എത്തിയില്ല. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടുകയായിരുന്നു. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നല്‍കിയില്ല. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്ക്കരണം അപ്രായോഗികമെന്നാണ് ഡ്രൈവിങ്ങ് സ്കൂളുകള്‍ പറയുന്നത്.
പ്രതിഷേധങ്ങള്‍ക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് നീങ്ങുകയായിരുന്നു. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിച്ചു.