എറണാകുളം: വരാപ്പുഴ അതിരൂപതാ സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്ന് 3.30 ന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
”വരാപ്പുഴ അതിരൂപതയ്ക്ക് ഏറെ ആഹ്ളാദകരമായ സദ്വാര്‍ത്തയാണിത്. ഏതാനും വര്‍ഷമായി അതിരൂപതയ്ക്ക് ഒരു സഹായമെത്രാനെ ലഭിക്കണമെന്ന ആഗ്രഹം താന്‍ പരിശുദ്ധ സിംഹാസനത്തിനു മുന്‍പാകെ സമര്‍പ്പിച്ചിട്ട്. ഇന്ന് നമുക്ക് വലിയ അനുഗ്രഹം ലഭിച്ചിരിക്കുന്നു,” ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേല്ലിയുടെ സന്ദേശം വായിക്കുന്നതിന് ആമുഖമായി ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
നിയുക്ത മെത്രാനെ ആര്‍ച്ച്ബിഷപ് കുരിശുമാലയും മോതിരവും തൊപ്പിയും ഉള്‍പ്പെടെയുള്ള സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
വല്ലാര്‍പാടത്തമ്മയുടെ മഹാദ്ഭുതമായാണ് തന്റെ ഈ പുതിയ നിയോഗത്തെ കാണുന്നതെന്ന് 2021 മുതല്‍ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം കാരുണ്യമാതാവിന്റെ ബസിലിക്കാ റെക്ടറായി ശുശ്രൂഷ ചെയ്യുന്ന നിയുക്ത മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. ”ഡീക്കനായിരിക്കെ അമ്മയെ നഷ്ടപ്പെട്ട എന്നെ അന്ന് ആശ്വസിപ്പിച്ചുകൊണ്ട് എനിക്ക് വൈദികപട്ടം നല്കിയ ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവ് പരിശുദ്ധ അമ്മയുടെ ഒരു കാശുരൂപം എനിക്കു നല്‍കിക്കൊണ്ട് പറഞ്ഞു: മകനേ, അമ്മ സ്വര്‍ഗത്തിലേക്കു പോയി. നിന്നോടുകൂടെ എന്നും ഉണ്ടായിരിക്കുന്ന പരിശുദ്ധ മാതാവിന് നിന്നെ ഞാന്‍ ഭരമേല്പിക്കുന്നു. പിതാവ് അനുഗ്രഹിച്ചതുപോലെ പിന്നീട് പരിശുദ്ധ അമ്മയുടെ വത്സല മകനായി ജീവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒടുവില്‍ വല്ലാര്‍പാടത്തമ്മയുടെ ബസിലിക്കയില്‍ ശുശ്രൂഷ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. ഇത്ര വലിയ ഇടവകയുടെ ചുമതല ഏല്‍ക്കാനുള്ള പ്രാപ്തി എനിക്കില്ലെന്ന് ഞാന്‍ ആശങ്കപ്രകടിപ്പിച്ചപ്പോള്‍ അഭിവന്ദ്യ കളത്തിപ്പറമ്പില്‍ പിതാവ് എനിക്ക് ധൈര്യം പകര്‍ന്നുതന്നു. നേരത്തെ വൈദികപരിശീലന മേഖലയിലേക്ക് എന്നെ നിയോഗിച്ചതും അങ്ങനെ ധൈര്യം പകര്‍ന്നുതന്നിട്ടാണ്,” അദ്ദേഹം നന്ദിപൂര്‍വം അനുസ്മരിച്ചു.
കൊച്ചി ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ നിയുക്ത മെത്രാനെ അഭിനന്ദിച്ചു.
വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ പ്രൊക്യുറേറ്റര്‍ റവ. ഡോ. സോജന് മാളിയേക്കല്‍, സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ വികാരി റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ എന്നിവര്‍ ഉള്‍പ്പെടെ അതിരൂപതയിലെ വൈദികരും, സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ആന്റണി ഷഹീല, കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സന്ന്യസ്തരും ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മുന്‍ മന്ത്രി ഡോമിനിക് പ്രസന്റേഷന്, ഷെവലിയര്‍മാരായ ഡോ. പ്രീമൂസ് പെരിഞ്ചേരി, ഡോ. ഹെന് റി ആഞ്ഞിപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് തുടങ്ങിയ അല്മായ പ്രമുഖരും അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സന്നിഹിതരായിരുന്നു.
ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂണ്‍ 30ന് ഞായറാഴ്ച വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തിലെ റോസറി പാര്‍ക്കില്‍ നടത്തും. മെത്രാഭിഷേക സംഘടക സമിതി ചെയര്മാന്മാരായി മോണ്‍സിഞ്ഞോര്‍മാരായ മാത്യു കല്ലിങ്കല്‍, മാത്യു ഇലഞ്ഞിമറ്റം എന്നിവരെയും ജനറല്‍ കണ്‍വീനറായി ഫാ. മാര്ട്ടിന് തൈപ്പറമ്പിലിനെയും ജോയിന്റ് കണ്‍വീനറായി അഡ്വ. ഷെറി ജെ. തോമസിനെയും ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ നാമനിര്‍ദേശം ചെയ്തു. വിപുലമായ കമ്മിറ്റിയെ പിന്നീട് തിരഞ്ഞെടുക്കും.
ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ 2012 – 2021 കാലയളവില്‍ ആധ്യാത്മിക ഗുരുവും ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസറുമായിരുന്നു ഡോ. ആന്റണി വാലുങ്കല്‍. കളമശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ (1997-2004), വിയാനി ഹോം മൈനര്‍ സെമിനാരി ഡയറക്ടര്‍, സെന്റ് ജോണ്‍ പോള്‍ ഭവന് സെമിനാരി ഡയറക്ടര്‍ (2007-2010) എന്നീ ചുമതലകളും വഹിച്ചിരുന്നു.
എരൂര്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനാണ് റവ. ഡോ. ആന്റണി വാലുങ്കല്‍. 1969 ജൂലായ് 26ന് ആയിരുന്നു ജനനം. എരൂര്‍ കെഎം യുപി സ്കൂള്‍, പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1984 ജൂണ്‍ 17ന് വൈദികാര്‍ഥിയായി സെമിനാരിയില്‍ ചേര്‍ന്നു. ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രില്‍ 11ന് ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍, വാടേല്‍ സെന്റ് ജോര്‍ജ് ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് ഏഴു വര്‍ഷക്കാലം മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനി ഹോം സെമിനാരി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവക വികാരിയായി സേവനം ചെയ്യുന്ന കാലയളവില്‍ ഇടവക ദൈവാലയം പുനര്‍നിര്‍മ്മിച്ചു. തുടര്‍ന്ന് ജോണ്‍ പോള്‍ ഭവന് സെമിനാരി ഡയറക്ടര്‍ ആയി നിയമിതനായി.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയില് നിന്ന് ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഡോക്ടറേറ്റും നേടി. തുടര്‍ന്നാണ് ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ സ്പിരിച്വല്‍ ഡയറക്ടറും പ്രൊഫസറുമായി നിയമിതനായത്. ഇക്കാലയളവില്‍ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിര്‍വഹിച്ചു. 2021-ലാണ് വല്ലാര്‍പാടം ബസിലിക്ക റെക്ടറും ഇടവക വികാരിയുമായി നിയമിതനായത്. ബസിലിക്കയുടെയും പരിശുദ്ധ വിമോചന നാഥയുടെ തിരുസ്വരൂപ പ്രതിഷ്ഠയുടെയും അഞ്ഞൂറാം മഹാജൂബിലിയാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം വഹിക്കുകയായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍.
മിസ്റ്റിക്കല്‍ ഡൈമെന്‍ഷന്‍ ഓഫ് പ്രീസ്റ്റ്ലി ഫോര്മേഷന് (പൗരോഹിത്യ രൂപീകരണത്തിലെ മിസ്റ്റിക്കല്‍ വശങ്ങള്) എന്ന ഇംഗ്ലീഷ് ഗ്രന്ഥവും, ‘മിഷനനറിമാരുടെ ആത്മീയ സംഭാവനകള്‍’, ‘മിഷനറിമാരുടെ വിശുദ്ധരോടുള്ള വണക്കവും മരിയ ഭക്തിയും, തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വര്‍ഗീസ്, ജെസ്സി, സിസ്റ്റര്‍ ജാന്‍സി ഒകാം, യേശുദാസ്, ജോസഫ്, ഗ്രെയ്സി, പരേതനായ മാര്ട്ടിന് എന്നിവര്‍ നിയുക്ത മെത്രാന്റെ സഹോദരങ്ങളാണ്.