ഹരിയാന :ഹരിയാനയിൽ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 3 സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ചാർഖി ദാദ്രി എംഎൽഎ സോംവീർ സാങ്വാൻ, പുണ്ഡ്രി എംഎൽഎ രൺധീർ ഗോലൻ, നിലോഖേരി എംഎൽഎ ധരംപാൽ ഗോന്ദർ എന്നിവരാണ് ബിജെപിയുടെ നായിബ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്.
ഇതോടെ 90 അംഗ ഹരിയാന നിയമസഭയിലെ എൻഡിഎ സഖ്യ സർക്കാര്‍ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺഗ്രസിന്റെ ഇന്ത്യ സഖ്യത്തിന് 34 എംഎൽഎമാർ ആണുള്ളത്. ഭൂരിപക്ഷത്തിന് 45 എംഎൽഎമാരാണ് ബിജെപിക്ക് വേണ്ടത്.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപേന്ദ്ര സിങ് ഹൂഡ, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ രെഹ്തക്കിൽ നടന്ന ചടങ്ങിലാണ് എംഎൽഎമാര്‍ വിവരം വെളിപ്പെടുത്തിയത്. പിന്തുണ പിൻവലിച്ചു കൊണ്ടുള്ള കത്തും ഗവർണർക്ക് നല്കി.
ഇനി കോൺഗ്രസിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ. ഹരിയാന ഉൾപ്പെടെ രാജ്യത്തുടനീളം കോൺഗ്രസിന്റെ ഇന്ത്യ സഖ്യത്തിന്റെ തരംഗമുണ്ട്. സഖ്യത്തെ വിജയിപ്പിക്കാൻ തങ്ങളും പങ്ക് വഹിക്കുമെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.