ഡോ. ഗാസ്പര്‍ സന്യാസി
കുളം കലക്കിയിട്ട് കുറച്ച് ആളുകള്‍ നോക്കിനില്ക്കുന്നുണ്ട്. രണ്ടുണ്ട് ലക്ഷ്യങ്ങള്‍: ഒന്നുകില്‍ മീന്‍പിടിക്കും, അല്ലെങ്കില്‍ കുളം കലക്കി എന്ന ആരോപണം കേട്ട് മിണ്ടാനാകാതെ നില്ക്കുന്ന ആട്ടിന്‍കുട്ടിയെ തട്ടും. രണ്ടായാലും പണി ഒരുങ്ങുകയാണ്. കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞദിവസം കേരളത്തിലെത്തി പറഞ്ഞത് കത്തോലിക്കാ പുരോഹിതരാണ് പ്രണയക്കെണി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍ എന്നാണ്. അതായത്, വിഎച്ച്പിയുടെ അലോക് കുമാര്‍ 2022-ല്‍ പറഞ്ഞതിന്റെ ഡിറ്റോ വാദം തന്നെ. അങ്ങനെയാണോ ഈ സിദ്ധാന്തത്തിന്റെ കോംപസ് തിരിയുന്നത്?
അജണ്ട, ഐഡിയോളജി, നറേറ്റീവ് എന്നിങ്ങനെ ചില വാക്കുകള്‍ ഒഴുകിപ്പരക്കുകയാണ്. അവരവരുടെ താല്പര്യങ്ങള്, ആശയങ്ങള്‍ അവരവരുടെ സൗകര്യമനുസരിച്ച്, പ്രാപ്തിയനുസരിച്ച്, റെയ്ഞ്ചനുസരിച്ച് സമൂഹത്തിലേക്കും കൊട്ടിച്ചൊരിയുന്നുവെന്ന് സാരം. അത് കഥാരൂപത്തിലാകാം, വാര്‍ത്തകളാകാം, തമാശരൂപത്തിലാകാം, പാട്ടായും സിനിമയായും വരാം, ഗുളികപ്പരുവത്തിലുമാകാം.
ഞങ്ങളുടെ തത്ത്വചിന്താക്ലാസുകളില് ഉത്തരാധുനിക സാംസ്കാരിക പഠനത്തിന്റെ ഭാഗമായി ഈ വാക്കുകള്‍ ചര്‍ച്ചയ്ക്കെടുക്കാറുണ്ട്. വാട്സാപ്പും ഫെയ്സ്ബുക്കും ഒടിടി പ്ളാറ്റ്ഫോമും റീല്‍സും സ്റ്റാറ്റസും യൂട്യൂബും പിന്നെ പലവിധേന ഒക്കെയായി ഡിജിറ്റല്‍ ലോകം നമ്മളെ പലേവിധത്തില്‍ അങ്ങനെ നിര്‍മ്മിക്കുകയാണ് എന്നു പറഞ്ഞപ്പോഴേ ചോദ്യമുയര്‍ന്നു: അല്ല മാഷേ, സ്വാതന്ത്ര്യം എന്നൊന്നില്ലേ? ഉണ്ടല്ലോ! വേണോ, വേണ്ടയോ, ചിന്തിക്കണോ, സംശയിക്കണോ, കിട്ടുന്നത് അപ്പാടെ വെട്ടിവിഴുങ്ങണോ? സ്വാതന്ത്ര്വമുണ്ടല്ലോ. അങ്ങനെയാണ് പുതിയൊരു വാക്ക് (പഴയതുതന്നെ) – ക്രിട്ടിക്കല്‍ തിങ്കിങ് എന്നത് അവതരിപ്പിക്കുന്നത്. വിമര്‍ശനാത്മകചിന്തയും അന്വേഷണവും.
പ്രണയത്തെക്കുറിച്ച് സംസാരിക്കണോ വേണ്ടയോ? ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ പ്രഭാതം പൊട്ടിവിടര്‍ന്നാല്‍ മതി, ചോദ്യം വരവായി. ഉത്തരേന്ത്യയില്‍ വാലന്റൈന്‍ ഇപ്പോള്‍ അത്ര പഥ്യമല്ല. പേരുമാറ്റ ശസ്ത്രക്രിയയിലൂടെ നാടിനെ വണ്ടമാക്കികൊണ്ടിരിക്കെ, പടിഞ്ഞാറന്‍ ആശയങ്ങള്‍, അധിനിവേശ ഓര്‍മ്മകള്‍ സകലതും തുടച്ചുമാറ്റണം (ഡോളര്‍, യൂറോ, ദിനാര്‍ ഒഴികെ) എന്നാണ് വയ്പ് വാദം. സടകുടഞ്ഞെഴുന്നേറ്റ പത്രങ്ങള്‍/ ചാനലുകള്‍ മൈക്കുമായി ക്യാംപസുകളിലേക്ക്. എന്താണ് പ്രണയം? പിന്നെ ചോദ്യം, ഉത്തരം, ചര്‍ച്ച: പ്രേമം-പ്രേമലു സിനിമ (ഇതിനിടയില്‍ അവരും കൊയ്തു, കോടി ഇരുന്നൂറ്). സമയം പോണത് അറിയില്ല.
അങ്ങനെയിരിക്കെ പള്ളി അതിന്റെ മുറ്റത്തു കൂടിയ ചങ്ങാതികളോട് ഇതേ ചോദ്യം ചോദിച്ചു. പ്രണയക്കുരുക്ക്, പ്രേമച്ചതി, ഹൃദയം പൊട്ടല്‍ സ്നേഹം, സ്നേഹരാഹിത്യം. അങ്ങനെ കുറെ വാക്കുകള്‍. പള്ളിക്കിത് പറയാമോ എന്നായി ചോദ്യം. പറയാം. കാരണം, പള്ളിയുടെ അകത്തും പുറത്തും വിഹരിക്കുന്ന ദൈവത്തിന്റെ പേര് സ്നേഹം എന്നാണല്ലോ. അത് ചര്‍ച്ചയ്ക്കെടുത്തു. അതങ്ങു പടര്‍ന്നു പന്തലിച്ചു. പ്രണയത്തെക്കുറിച്ച് പള്ളി പറയുകയോ, ആരവിടെ? മൈക്കെടുത്ത സകലരും മേയുന്ന ഡിജിറ്റല്‍ ഇടങ്ങളിലും, ഡിജിറ്റല്‍ അല്ലാത്ത മേച്ചില്‍പുറങ്ങളിലും ചാടിവീണ വാര്ത്താമൃഗങ്ങള് അങ്ങനെ നറേറ്റീവ്, ഐഡിയോളജി പുല്‍പ്പുറങ്ങളില്‍ മേഞ്ഞുനടക്കുകയാണ്.
പ്രായപൂര്‍ത്തി വോട്ടവകാശമുള്ള സകലരും അവരവര്‍ക്ക് ഇഷ്ടമുള്ളവരെ പ്രണയിക്കും, കല്യാണം കഴിക്കും, സ്നേഹിക്കും. ആയ്ക്കോട്ടെ, എന്നു വച്ച് ക്രിസ്റ്റ്യന്‍ സ്നേഹവീക്ഷണങ്ങളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് നറേറ്റീവ്-ഐഡിയോളജിക്കല്‍ പറ്റിക്കലുകളെക്കുറിച്ച്, അത് മണിപ്പൂരായാലും പ്രണയക്കെണിയായാലും, ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അതിന് നിങ്ങള്‍ ഇത്രയ്ക്ക് ക്ഷുഭിതരാകുന്നതെന്തിനാണ് പത്രക്കാരേ, മാധ്യമക്കാരേ, ഡിജിറ്റല്‍ ലോകനിവാസികളേ എന്ന് പള്ളിക്കും ചോദിക്കാം. ഡിജിറ്റല്‍ ലോകനിവാസികള് ഭൂഗോളത്തില്‍ പൊട്ടിമുളയ്ക്കും മുന്‍പേ മതങ്ങള്‍ തങ്ങളുടെ വര്‍ത്തമാനങ്ങള്‍, സംവാദങ്ങള്‍, ആഘോഷങ്ങള്‍ ഒക്കെ ഈ ബ്രഹ്മാണ്ഡ ലോകത്തില്‍ നടത്തിയിരുന്നു. ഞങ്ങള്‍ക്കറിയാം, യുദ്ധങ്ങളുണ്ടാകുന്ന സാഹചര്യങ്ങളും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും നല്ല ധാരണയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥൂല രാഷ്ട്രീയത്തെപ്പറ്റിയും സൂക്ഷ്മരാഷ്ട്രീയത്തെപ്പറ്റിയും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
ചില വാര്‍ത്തകള്‍ ഉയര്‍ത്തിപ്പിടിച്ചും മറ്റു ചിലത് തമസ്ക്കരിച്ചും, ചിലത് പാതി പറഞ്ഞും, ചിലത് വക്രീകരിച്ചും നടത്തുന്ന വാര്ത്തക്കച്ചവട മൂലധനത്തെപ്പറ്റിയും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഈ കോളം പ്രത്യക്ഷപ്പെടുന്ന പത്രം ഉള്‍പ്പെടെ ഇറക്കുന്ന കേരളത്തിന്റെ ക്രിസ്റ്റ്യന്‍ മൂല്യങ്ങള്‍ പറയുന്ന പള്ളി.
മറ്റുള്ളവരും പറയുന്നുണ്ടാകാം. പറയുന്നുണ്ട്, ഒരുമിച്ചും പറയുന്നുണ്ട്. പറയാമല്ലോ. അതാണല്ലോ ഇന്ത്യ എന്ന ജനാധിപത്യരാജ്യം.
ഇതിനിടയില്‍ ഈ വര്‍ഷം ഏപ്രില്‍ 10 ബുധനാഴ്ചത്തെ മാതൃഭൂമിപ്പത്രത്തിന്റെ വക ഉപദേശം – വിഭാഗീയത സൃഷ്ടിക്കരുത്! എഡിറ്റോറിയലാണ്. ഈ നാട്ടിലെ ജനാധിപത്യസംവിധാനങ്ങളെല്ലാം ചേര്‍ന്ന് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ട് പ്രണയച്ചതി എന്ന ആസൂത്രിതവേല നടക്കുന്നില്ലായെന്ന് എഡിറ്റോറിയല്കാരന്/കാരി കണ്ടെത്തിയിട്ടുണ്ട്. 2009-ലെ ഹൈക്കോടതി നിര്‍ദ്ദേശം ഓര്‍മ്മിക്കാം. സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയത്. ഇത്തരം ആസൂത്രിത നീക്കമുണ്ടോ എന്ന് അന്വേഷിക്കാന്‍ ജസ്റ്റിസ് ശങ്കരന് നല്കിയ നിര്‍ദ്ദേശം. മിഥുല, ബിനോ കേസുകളുടെ നാള്‍വഴി ചരിത്രം ചികഞ്ഞുപോയാല്‍ ഒരുപാട് കാര്യങ്ങള്‍ മങ്ങിയും തെളിഞ്ഞും മുക്കിയും മൂളിയും അങ്ങനെ അങ്ങനെ കലങ്ങി മറിഞ്ഞ് ഒഴുകുന്നതു കാണാം. 2009 ഓഗസ്റ്റ് 7-ലെ പെറ്റീഷനില്‍ തുടങ്ങി ഓഗസ്റ്റ് 12-ലെ ജസ്റ്റിസ് ആര്. ബസന്ത്, ജസ്റ്റിസ് എം.സി. ഹരിറാണി എന്നിവരുടെ ബെഞ്ചിലൂടെ തുടര്‍ന്ന നിയമപരമായ അന്വേഷണങ്ങള്‍, തുടര്‍ന്ന് ജസ്റ്റിസ് ശങ്കരന്റെ നിര്‍ദ്ദേശപ്രകാരം ജേക്കബ് പുന്നൂസ് റിപ്പോര്‍ട്ട് തയ്യാറക്കല്. അതിലെ തെളിച്ചങ്ങളും മങ്ങലുകളും വ്യാഖ്യാനങ്ങളും ഏങ്കോണിപ്പുകളും, മിഥുലാ-ബിനോ-ഷെഹന്‍ഷാ ഇമെയ്ലുകള്, പൊന്നാനി യാത്രകള്‍, വക്കീല്‍ ഇബ്രാഹിമിന്റെ വരവ്, മിഥുലാ-ബിനോ മൊഴിമാറ്റങ്ങള്‍, ജസ്റ്റിസ് എം. ശശിധരന് നമ്പ്യാരുടെ ബെഞ്ചിന്റെ ഇടപെടലുകള്‍, നിരീക്ഷണങ്ങള്‍, വ്യാഖ്യാനങ്ങള്‍, പോലീസ് ഡയറി പരിശോധനകള്‍ – നിയമപോരാട്ടചരിത്രത്തിന്റെ നല്ലൊരു പാഠപുസ്തകം തന്നെ ഈ കേസ്.
വളരെ ലളിതമായി തന്നെ ഈ യുക്തിപ്രയോഗം മാത്രം പറയാം: കണ്ടെത്താനാവത്തതിന്റെ കാരണങ്ങള്‍ കാര്യമില്ലാ എന്നതിന്റെ തെളിവല്ലേ? അത്രമാത്രം.
സംഗതികള്‍ എന്തായാലും ചര്‍ച്ച നടക്കുന്നു. നടന്നുകൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ ഒളിച്ചുകടത്തുന്ന ചില കാര്യങ്ങളുണ്ട്. പ്രീണന-പ്രേരണകളിലൂടെ മതവിശ്വാസങ്ങള്‍ മാറ്റിയെടുക്കാനാവില്ല എന്ന നിയമത്തിന്റെ പുത്തന്‍ വരവോടെ ഒരാള്‍ക്കും ഈ നാട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം മതം തിരഞ്ഞെടുത്ത് ജീവിക്കാന്‍ ഇടം കിട്ടാത്തവിധം നിയമക്കുരുക്കുകള്‍ മുറുകുകയാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുളിവെള്ളത്തോടൊപ്പം, തൊട്ടിയോടൊപ്പം, ദാ കിടക്കുന്നു കുട്ടിയും തോട്ടില്‍ എന്ന അവസ്ഥ.
പ്രായപൂര്‍ത്തി വോട്ടവകാശം കിട്ടുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഒരാള്‍ സര്‍വ്വസ്വതന്ത്രയായി എന്നൊന്നും വിചാരിക്കേണ്ട. ബൃഹദാഖ്യാനം (മെറ്റാനറേറ്റീവ്) എന്നുമുതല്‍ ചെറു ആഖ്യാനങ്ങള്‍ വരെ ചേര്‍ന്ന് നെയ്തെടുക്കുന്ന ഒരാളുടെ ജീവിതത്തെപ്പറ്റി നറേറ്റീവ് തിങ്കിങ്ങിന്റെ തലതൊട്ടപ്പനായ ഴാങ് ഫ്രാങ്കോയ് ല്യോതാര്‍ഡിന്റെ കാലം മുതലേ നമുക്ക് ധാരണയുണ്ടല്ലോ. ബലമുള്ളവര്‍ അവര്‍ ആരായാലും കളം വരച്ചിട്ട് ആടാന്‍ പറയുന്നുവെന്നു കരുതിയാല്‍ മതി. ആരാണ് കളം വരയ്ക്കുന്നത് എന്നു ചോദിക്കാന്‍ തുടങ്ങിയാല്‍ ലേശം വെളിവ് കിട്ടാന്‍ തുടങ്ങി എന്നും കരുതിയാല്‍ മതി. മറ്റൊരു കാര്യം: ഏതു തീവ്രവാദത്തെയും മതവിശ്വാസങ്ങളുടെ വരവു ചെലവു പുസ്തകത്തിലേക്ക് എഴുതി തള്ളുന്ന മാധ്യമലോബികള്ക്കുള്ള ഏക മറുമരുന്ന് മതവിശ്വാസികള്‍, തീവ്രവാദികളെയും അവരുടെ നിലപാടുകളെയും തള്ളിപ്പറയുക എന്നതുമാത്രമാണ്. അതല്ല ഇത് എന്ന നിലപാട്. അതു പറയാത്തിടത്തോളം കാലം, കാല് പൊള്ളിക്കൊണ്ടിരിക്കും. നില്‍ക്കക്കള്ളിയില്ലാതെ ഓടേണ്ടിയും വരും. അല്ലെങ്കില്‍ പിന്നെ മൗനം തന്നെ ശരണം.
ഇതിനിടയില്‍ നടക്കുന്ന ചില കലാപരിപാടികള്‍ കൂടി കാണണം. കുളം കലക്കിയിട്ട് കുറച്ച് ആളുകള്‍ നോക്കിനില്ക്കുന്നുണ്ട്. രണ്ടുണ്ട് ലക്ഷ്യങ്ങള്‍: ഒന്നുകില്‍ മീന്‍പിടിക്കും, അല്ലെങ്കില്‍ കുളം കലക്കി എന്ന ആരോപണം കേട്ട് മിണ്ടാനാകാതെ നില്ക്കുന്ന ആട്ടിന്‍കുട്ടിയെ തട്ടും. രണ്ടായാലും പണി ഒരുങ്ങുകയാണ്. കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞദിവസം കേരളത്തിലെത്തി പറഞ്ഞത് കത്തോലിക്കാ പുരോഹിതരാണ് പ്രണയക്കെണി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍ എന്നാണ്. അതായത്, വിഎച്ച്പിയുടെ അലോക് കുമാര്‍ 2022-ല്‍ പറഞ്ഞതിന്റെ ഡിറ്റോ വാദം തന്നെ. അങ്ങനെയാണോ ഈ സിദ്ധാന്തത്തിന്റെ കോംപസ് തിരിയുന്നത്? ഒരു സിദ്ധാന്തം വര്‍ഷങ്ങളിലൂടെ നെയ്തെടുക്കുന്നതിന്റെ സൂക്ഷ്മമായ ചരിത്രം – വിഎച്ച്പിയുടെ അടക്കം – വെബ്സൈറ്റുകളുടെ പരിശോധനയിലൂടെ വ്യക്തമാകും. കുരുക്കില്‍ കുടുങ്ങാന്‍ എളുപ്പമാണെങ്കിലും കുരുക്കഴിച്ചെടുക്കാന്‍ പണി കൂടുതലെടുക്കേണ്ടിവരുമെന്നു തോന്നുന്നു.
പിന്കുറിപ്പ്
കേരളസ്റ്റോറിയിലെ ദൈവശാസ്ത്ര വിചിന്തന സീനിലും അതൊരു ശരാശരിയില്‍ താഴെ നിലവാരമുള്ള സിനിമ. മിഥുല-ബിനോ-ഷെഹന്‍ഷാ കേസ് ഡയറിയിലെ ഈമെയില്‍ വിശദാംശങ്ങളില്‍ നിന്നു മനസ്സിലാകുന്ന ഒരു കാര്യം ചെറുപ്പക്കാര്‍ക്ക് വിശ്വാസ പരിശീലനം നല്കുന്ന ക്രിസ്തീയസഭകള്‍ കുറച്ചുകൂടി സ്വയംപരിശോധന നടത്തേണ്ടിവരുമെന്നാണ്; കൂദാശയായ കുടുംബങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന കാര്യത്തിലും. കാരണം, സ്വാതന്ത്ര്യം കൂടുതല്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം സുലഭമാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് മിണ്ടില്ല (പരസ്യം! പരസ്യം! ലാഭം!). ജോര്‍ജ് ഓര്‍വെല്ലിന്റെ ‘1984’ നോവലിലെ വിന്‍സ്റ്റണ്‍ സ്മിത്ത് കഴിക്കുന്ന ‘വിക്ടറി ജിന്‍’ പോലെ ഒന്നാകുന്നു. ഇതും ഭരണഘടനയോടൊപ്പം ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 നോവലും മേശപ്പുറത്തുണ്ട്.
ഈ പര്യാലോചനകള്ക്കിടയില് ഇതുവരെ പിടികിട്ടാത്ത രണ്ടു കാര്യങ്ങള്‍ അവശേഷിക്കുന്നു. മിഥുല-ബിനോ-ഷെഹന്‍ഷാ കേസില്‍ പോലീസ് കേസ് പിന്വലിച്ചതെന്തിനാണെന്ന് അറിയില്ല. ജസ്റ്റിസ് നമ്പ്യാര്‍ കേസ് തള്ളിക്കൊണ്ട് വിധിയെഴുതാതെ ഒറ്റവരി നോട്ട് മാത്രം എഴുതിയത് എന്തിനായിരിക്കും? ‘പെറ്റീഷന്‍സ് ആര് ഡിസ്മിസ്ഡ് ആസ് ഇന്ഫ്രക്ചസ്’ എന്നതിന്റെ വ്യാഖ്യാനമെന്തെല്ലാമാകാം?