ഹിമാലയ പര്വതചുരങ്ങള് അതിരിടുന്ന ലദ്ദാഖിലെ വിശ്വവിഖ്യാതനായ ജനനായകന് സോനം വാങ്ചുക് എന്ന അന്പത്തേഴുകാരന് ലേയില്‍, മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ തെളിഞ്ഞ ആകാശത്തിന്‍കീഴെ നടത്തിവരുന്ന നിരാഹാര സത്യഗ്രഹം രണ്ടാഴ്ച പിന്നിടുമ്പോഴും, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മോദി സ്തുതിപാഠകരായ ദേശീയ മാധ്യമങ്ങളും ജമ്മു-കശ്മീരിന്റെ ഭാഗമായിരുന്ന ആ ചൈന-പാക് അതിര്‍ത്തിമേഖലയില്‍ തിളച്ചുമറിയുന്ന ജനരോഷത്തിന്റെ അഗ്നിപര്‍വതം കണ്ട ഭാവമേയില്ല.
മെക്കാനിക്കല്‍ എന്‍ജിനിയറും മണ്വാസ്തുശില്പവിദഗ്ധനുമായ വാങ്ചുക്, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 95 ശതമാനം കുട്ടികള്‍ തോറ്റിരുന്ന ലദ്ദാഖില് സെക്മോല്, ഓപ്പറേഷന് ന്യൂ ഹോപ് എന്നീ വിദ്യാഭ്യാസ, സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ തോല്‍വിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മറികടന്ന് വിജയശതമാനം അഞ്ചില്‍ നിന്ന് 75-ല്‍ എത്തിച്ച കഥയെ ആസ്പദമാക്കിയാണ് 2009-ല്‍ ആമിര്‍ ഖാന് ‘3 ഇഡിയറ്റ്സ്’ എന്ന സിനിമയില്‍ ഫുംസുക് വാങ്ഡൂ എന്ന പേരില്‍ വാങ്ചുക്കിനെ അവതരിപ്പിച്ചത്.
തോറ്റ കുട്ടികളെ ജീവിതത്തില്‍ വിജയിപ്പിക്കാന്‍ പഠിപ്പിക്കുന്നതിന്, ലേയില്‍ പൂര്‍ണമായും സൗരോര്‍ജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നെറ്റീവ് ലദ്ദാഖ് ക്യാമ്പസിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ മുന്‍നിര്‍ത്തിയാണ് റമോണ്‍ മാഗ്സെസെ ഫൗണ്ടേഷന് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്.
ലദ്ദാക്കിലെ ഹിമാലയന്‍ മരുഭൂമിയില്‍ ശൈത്യകാലത്ത് അരുവികളില്‍ ഒഴുകിപ്പോകുന്ന ജലം ഉപയോഗിച്ച് ‘ഐസ് സ്തൂപ’ എന്ന പേരില്‍ കൃത്രിമ ഗ്ലേസിയര്‍ (ഹിമാനി) സൃഷ്ടിച്ച് വരണ്ടകാലത്തും കൃഷിയിറക്കാനുള്ള ജലസ്രോതസ് വികസിപ്പിക്കുന്ന തന്ത്രം യൂറോപ്പിലെ ആല്‍പ്സ് താഴ് വാരത്തും എത്തിച്ചതിന് 67 ലക്ഷം രൂപയുടെ റോളക്സ് അവാര്‍ഡ് നേടിയ വാങ്ചുക്, സമുദ്രനിരപ്പില്‍ നിന്ന് 18,800 അടി ഉയരമുള്ള ഹിമഭൂവില്‍ ഇന്ത്യന്‍ സൈനികര്‍ക്കായി സോളാര്‍ ടെന്റുകള്‍ വികസിപ്പിച്ചതിനും പ്രസിദ്ധനാണ്.
‘ക്ലൈമറ്റ്ഫാസ്റ്റ്’ എന്ന പേരിലാണ് സോനം വാങ്ചുക് 21 ദിവസത്തെ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയുടെ ഏറ്റവും നീണ്ട നിരാഹാര സത്യഗ്രഹം 21 ദിവസത്തേക്കായിരുന്നു – എഴുപത്തിമൂന്നാം വയസില്‍, 1943 ഫെബ്രുവരി-മാര്‍ച്ചില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭകാലത്ത് പുനെയില്‍ തടങ്കലില്‍ കഴിയുമ്പോള്‍. വെള്ളവും പഴച്ചാറും മാത്രം കഴിച്ചുകൊണ്ടുള്ള ഉപവാസ സമരം ‘സ്വതന്ത്രനായി’ ചെയ്യാന്‍ ഗാന്ധിജിയെ ജയിലില്‍ നിന്നു വിട്ടയക്കാമെന്ന് ബ്രിട്ടീഷ് ഭരണകൂടം സമ്മതിച്ചിരുന്നു. കൊടുംതണുപ്പില്‍ വെള്ളവും ഉപ്പും മാത്രം കഴിച്ച് ‘മരണം വരെ നിരാഹാര സത്യഗ്രഹം’ നടത്താന്‍ സന്നദ്ധനായി വാങ്ചുക് മുന്നോട്ടുവന്നത്, ലദ്ദാഖിന് സംസ്ഥാന പദവി, ഇന്ത്യന്‍ ഭരണഘടനയിലെ 244-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ആറാം ഷെഡ്യൂളില്‍ ഗോത്രവര്‍ഗ സ്വയംഭരണ കൗണ്‍സിലുകളുടെ പരിരക്ഷ എന്നീ ആവശ്യങ്ങള്‍ക്കായി ബുദ്ധമത ഭൂരിപക്ഷ മേഖലയായ ലേയിലെയും മുസ്ലിം ഭൂരിപക്ഷ മേഖലയായ കാര്‍ഗിലിലെയും ജനങ്ങള്‍ ഒത്തൊരുമിച്ച് ലദ്ദാഖിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രക്ഷോഭ റാലിക്കിറങ്ങിയ പശ്ചാത്തലത്തിലാണ്.
ആര്‍എസ്എസിന്റെ ‘ഒരു രാഷ്ട്രം, ഒരു നിയമം’ എന്ന രാഷ്ട്രീയ അജന്‍ഡ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ജമ്മു-കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവിയും (ആര്‍ട്ടിക്കിള്‍ 370), സ്ഥിരതാമസക്കാര്‍ക്കു ഭൂമിയിലും തൊഴിലിനും സംരക്ഷണം നല്കുന്ന ഭരണഘടനയുടെ 35എ വകുപ്പും റദ്ദാക്കുകയും ജമ്മു-കശ്മീര്‍ പുനഃസംഘടനാ നിയമത്തിലൂടെ സംസ്ഥാന പദവിതന്നെ എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെയും ലദ്ദാഖിനെയും കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ട് ജനഹിതമൊന്നും നോക്കാതെ മോദി ഗവണ്മെന്റ് 2019 ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ ഒറ്റയടിക്ക് നിയമം പാസാക്കിയപ്പോള്‍, ലേയിലെ ബുദ്ധമതക്കാര്‍ വലിയ ആഹ്ലാദപ്രകടനങ്ങള്‍ നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും ലജിസ്ലേറ്റീവ് കൗണ്‍സിലും പിരിച്ചുവിട്ട് കേന്ദ്രഭരണത്തില്‍ കീഴിലാക്കിയ ജമ്മു-കശ്മീരില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചും ഇന്റര്‍നെറ്റ് സംവിധാനം നിശ്ചലമാക്കിയും രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലില്‍ അടച്ചും ജനാധിപത്യ പ്രതികരണങ്ങളെ അടിച്ചമര്‍ത്തിയപ്പോഴും കശ്മീര്‍ വിഭജനത്തെ എതിര്‍ത്ത് കാര്‍ഗിലില്‍ ഷിയാ മുസ്ലിംകള് പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
2.74 ലക്ഷം ജനസംഖ്യയുള്ള ലദ്ദാഖില് നിന്ന് നാല് അംഗങ്ങള്‍ ജമ്മു-കശ്മീര്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലും രണ്ട് അംഗങ്ങളള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലും ഉണ്ടായിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ മിക്കവാറും രണ്ടു മന്ത്രിമാരും ഒരു സഹമന്ത്രിയും ലദ്ദാഖിന്റെ പ്രതിനിധികളായി ഉണ്ടാകുമായിരുന്നു. കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും കശ്മീര്‍ പിഎസ് സി ഗസറ്റഡ് നിയമനങ്ങളിലും ലദ്ദാഖിന് പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, ലേയില്‍ നിന്ന് 420 കിലോമീറ്റര്‍ അകലെ ശ്രീനഗറില്‍ നിന്നുള്ള ഭരണത്തില്‍ തങ്ങള്‍ പൊതുവെ അവഗണിക്കപ്പെടുന്നതിന് പരിഹാരമാകും യൂണിയന് ടെറിട്ടറി പ്രഖ്യാപനം എന്നാണ് ലേയിലെ ജനങ്ങള്‍ കരുതിയത്. ജമ്മുവിലെ ഡോഗ്രകളെയും കശ്മീരിലെ മുസ് ലിംകളെയും ഭിന്നിപ്പിച്ചതുപോലെ കാര്‍ഗിലിലെ ഷിയാ മുസ് ലിംകളെയും ലേയിലെ ബൗദ്ധരെയും തമ്മിലടിപ്പിച്ച് ലദ്ദാഖില് വലിയ മുന്നേറ്റം നടത്താനുള്ള ബിജെപിയുടെ കുതന്ത്രങ്ങള്‍ കുറച്ചു വൈകിയാണെങ്കിലും ലേയിലെ ജനത തിരിച്ചറിഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വഴി ഡല്‍ഹിയില്‍ നിന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള ഭരണത്തില്‍ വലിയ പന്തികേടുണ്ടെന്നും.
ലദ്ദാഖ് കേന്ദ്രഭരണപ്രദേശത്തിന് നിയമസഭയില്ല. ലേയിലും കാര്‍ഗിലിലും ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്സിലുകളിലേക്ക് 2020-ല്‍ തിരഞ്ഞെടുപ്പു നടന്നുവെങ്കിലും ഗോത്രവര്‍ഗ സ്വയംഭരണാധികാര കൗണ്‍സിലിന് ഉണ്ടായിരുന്ന അധികാരങ്ങള്‍ മിക്കതും യുടി ഭരണത്തില്‍ ഉദ്യോഗസ്ഥവൃന്ദം കൈയടക്കി. ലദ്ദാഖിന് ജനപ്രാതിനിധ്യവും ജനാധിപത്യ അവകാശങ്ങളും അങ്ങനെ ഇല്ലാതായി. ജമ്മു-കശ്മീരിലെ ഡൊമിസൈല്‍ നിയമ പരിരക്ഷ റദ്ദായതോടെ പുറത്തുനിന്നുള്ള ആര്‍ക്കും ലദ്ദാഖില് കാര്‍ഷികേതര ഭൂമി വാങ്ങാമെന്നായി. കൃഷിഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റാനുള്ള വ്യവസ്ഥകള്‍ ഉദാരമായി. തദ്ദേശീയര്‍ക്കുണ്ടായിരുന്ന തൊഴില്‍ സംരക്ഷണവും ഇല്ലാതായി. ഭൂമുഖത്തെ ഏറ്റവും വലിയ ശുദ്ധജലസ്ഫടികസംഭരണികളായ ഹിമാനികളുടെ സാന്നിധ്യം കൊണ്ട് ‘മൂന്നാം ധ്രുവം’ എന്നറിയപ്പെടുന്ന സവിശേഷ പരിസ്ഥിതിലോല മേഖലകള്‍ പോലും വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് ഖനനത്തിനും വ്യവസായശാലകള്‍ക്കും മറ്റുമായി തുറന്നുകൊടുത്തു. ഹിമാലയത്തിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളചെയ്യാനും ലദ്ദാഖിന്റെ തനതു സംസ്കാരത്തിന് ഭീഷണിയാകുംവിധം ജനസംഖ്യാഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി.
ലദ്ദാഖിലെ ഛാങ്താങ് പരിസ്ഥിതിലോല മേഖലയില്‍ 13 ജിഗാവാട്ട് സൗരോര്‍ജ ഗ്രിഡിന് 20,000 കോടി രൂപയുടെ പദ്ധതിയാണ് 2023-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 20,000 ഏക്കര്‍ ഭൂമി അനുവദിച്ചു. കശ്മീരി കമ്പിളിനാരുകള്ക്കു പേരുകേട്ട കിഴക്കന്‍ ലദ്ദാഖിലെ പശ്മീനാ ആടുകളെ പോറ്റുന്ന ചാങ്പാ നാടോടി അട്ടിടയന്മാരുടെ 15,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേച്ചില്‍പ്പുറങ്ങള്‍ സൗരോര്‍ജ പദ്ധതിയുടെ പേരില്‍ അവര്‍ക്കു നഷ്ടമായി. ലേയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ പൂഗാ താഴ് വരയിലെ ഉഷ്ണജല ഉറവകളുടെ തടത്തില്‍ 500 മീറ്റര്‍ ആഴത്തില്‍ ജിയോതെര്‍മല്‍ പവര്‍പ്ലാന്റ് സ്ഥാപിക്കുന്നു. ഇന്‍ഡസ് നദിയില്‍ ഏഴ് ജലവൈദ്യുത പദ്ധതികളാണ് വരുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡ് ഉംലിങ് ലായില്‍ തുറന്നതോടെ പരിസ്ഥിതിലോല മേഖലയായ പാംഗോംഗ് തടാകക്കരയിലേക്കുവരെ ടൂറിസ്റ്റുകളുടെ കാറുകള്‍ ഇരച്ചുകയറുകയാണ്. 2022-ല്‍ ആദ്യത്തെ എട്ടുമാസം 4.50 ലക്ഷം ടൂറിസ്റ്റുകള്‍ വന്നെത്തി. പ്രതിവര്‍ഷം ഒന്‍പതു ലക്ഷം യാത്രക്കാരെ പ്രതീക്ഷിച്ചിരുന്ന ലേ വിമാനതാവളത്തില്‍ 20 ലക്ഷം യാത്രക്കാര്‍ക്കായി പുതിയ ടെര്‍മിനല്‍ വരുന്നു. ലദ്ദാഖില് ബോറാക്സ്, ഗ്രാനൈറ്റ്, ലൈംസ്റ്റോണ്‍, മാര്‍ബിള്‍ ധാതുഖനനത്തിന് നിരവധി വ്യവസായ ഗ്രൂപ്പുകള്‍ ക്യൂവിലാണ്.
”ലദ്ദാഖിനെ വില്പനയ്ക്കു വച്ചിരിക്കുന്നു. വ്യവസായികള്‍ക്കും ഖനന ലോബിക്കും എന്തും ചെയ്യാവുന്ന സ്ഥിതിവിശേഷം. ഹിമാചല്‍പ്രദേശിലെയും സിക്കിമിലെയും ഉത്തരാഖണ്ഡിലെയും പ്രകൃതിദുരന്തങ്ങള്‍ മോദിയെയും കൂട്ടരെയും ഒന്നും പഠിപ്പിച്ചില്ല,” വാങ്ചുക് പറയുന്നു.
”ഒരുഭാഗത്ത് വന്‍കിട വ്യവസായികളും മറുഭാഗത്ത് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ലദ്ദാഖിലെ ഗോത്രവര്‍ഗ ആട്ടിടയന്മാരുടെയും കൃഷിക്കാരുടെയും ഭൂമി വന്‍തോതില്‍ കവര്‍ന്നെടുക്കുകയാണ്,” വാങ്ചുക് ഹിമാലയത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ ഭീകരമായ ഭൂമികൈയേറ്റത്തെക്കുറിച്ച് പറയുന്നു. അക്സായ് ചിന് ഗല്‍വാന്‍ താഴ് വരയില്‍ 2020-ല്‍ ചൈനീസ് സേനയുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് കിഴക്കന്‍ ലദ്ദാഖില് കാരാകോരം ചുരം മുതല്‍ ചുമാര്‍ വരെയുള്ള അതിര്‍ത്തി നിയന്ത്രണരേഖയിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 ഇടങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്ത സ്ഥിതിയാണത്രെ. അവിടെ 4,056 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തതായി ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിതന്നെ വെളിപ്പെടുത്തിയിരുന്നു. ഒരിഞ്ചു ഭൂമി പോലും ചൈനയ്ക്കു വിട്ടുകൊടുക്കില്ല എന്ന മോദിയുടെ വാദത്തിന്റെ നിജസ്ഥിതി ‘ലൈവായി കാണാന്‍” തന്റെ 21 ദിവസത്തെ ഉപവാസം കഴിയുമ്പോള്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ പതിനായിരം ഇടയന്മാരോടും കര്‍ഷകരോടുമൊപ്പം അതിര്‍ത്തിപ്രദേശത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് വാങ്ചുക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2020-ലെ ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും പ്രകടനപത്രികയില്‍ ലദ്ദാഖിന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ വാഗ്ദാനം ചെയ്തിരുന്നു. പട്ടിക വര്‍ഗത്തിനായുള്ള ദേശീയ കമ്മിഷന് 2019 സെപ്റ്റംബറില്‍ ലദ്ദാഖിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതാണ്. ലദ്ദാഖിലെ ജനസംഖ്യയില്‍ 97 ശതമാനത്തിലേറെ ഗോത്രവര്‍ഗക്കാരാണ്; അന്‍പതു ശതമാനത്തിലേറെ ഗോത്രവര്ഗക്കാരുണ്ടെങ്കില് ആറാം ഷെഡ്യൂള്‍ അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഭൂമി, വനം, ജലം, കൃഷി, ഗ്രാമസഭ, ആരോഗ്യം, പൊതുശുചീകരണം, ഗ്രാമതലത്തിലും നഗരത്തിലും പൊലീസിങ് എന്നിവയുടെ കാര്യത്തില്‍ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാനുള്ള അധികാരം സ്വയംഭരണ കൗണ്‍സിലിന് ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥയാണ് ആറാം ഷെഡ്യൂള്‍. ലദ്ദാഖില് നിയമസഭ ഇല്ലാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ, ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആറാം ഷെഡ്യൂളും സംസ്ഥാന പദവിയും വേണമെന്ന ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അധ്യക്ഷതയില്‍ 17 അംഗ കമ്മിറ്റിയെ നിയോഗിച്ചതല്ലാതെ കേന്ദ്രത്തില്‍ നിന്ന് യാതൊരു പ്രതിവിധിയുമുണ്ടായില്ല.
ലദ്ദാഖിനായി പബ്ലിക് സര്‍വീസ് കമ്മിഷനെ നിയോഗിക്കുക, ലേയ്ക്കും കാര്ഗിലിനുമായി രണ്ടു ലോക്സഭാ സീറ്റുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും കാര്‍ഗിലില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഷിയാ മുസ് ലിം മദ്രസകളും ചേര്‍ന്ന് രൂപവത്കരിച്ച കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ലേയിലെ അപ്പെക്സ് ബോഡിയും സംയുക്തമായി പ്രഖ്യാപിച്ച ‘ലേ ചലോ’ റാലിയിലും ലദ്ദാഖ് പണിമുടക്കിലും ഉന്നയിച്ചിരുന്നു. ലേയിലെ ബൗദ്ധരും കാര്‍ഗിലിലെ മുസ് ലിംകളും തമ്മില്‍ 60 വര്‍ഷത്തിലേറെയായി നിലനിന്ന മത, രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് അവര്‍ ആദ്യമായി ഒറ്റക്കെട്ടായി മോദി ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് സോനം വാങ്ചുക്കുമായി രാഷ്ട്രീയ ചര്‍ച്ചയ്ക്കൊന്നും കേന്ദ്രം തയാറായില്ല. ലദ്ദാഖിനു വേണ്ടി വാങ്ചുക് ലേയിലെ രക്തസാക്ഷി മണ്ഡപത്തിലെ തുറന്ന മൈതാനത്ത് ആരംഭിച്ച ഗാന്ധിയന്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി മൈനസ് 17 ഡിഗ്രി വരെ തണുപ്പുള്ള രാവിലും പകലും നൂറുകണക്കിന് ജനങ്ങള്‍ സ്ലീപ്പിങ് ബാഗുകളില്‍ നിരന്നുകിടന്ന് നിരാഹാര സത്യഗ്രഹത്തില്‍ പങ്കുചേരുന്നുണ്ട്. വാരാന്ത്യത്തില്‍ മൈതാനത്ത് സത്യഗ്രഹികള്‍ തിങ്ങിനിറയും. ക്ലൈമറ്റ്ഫാസ്റ്റിനെക്കുറിച്ച് ദിവസവും വാങ്ചുക് ലോകത്തോട് വീഡിയോയിലൂടെ സംവദിക്കുന്നുണ്ട്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ് ലിം ഭൂരിപക്ഷ നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക് ഉടമ്പടിചെയ്ത ഭരണഘടനാപരമായ പ്രതിജ്ഞകള്‍ മോദി ഭരണകൂടം ഒറ്റയടിക്ക് അസാധുവാക്കിയതിനെ തുടര്‍ന്ന് ലദ്ദാഖിലെ ബൗദ്ധ, മുസ് ലിം ഗോത്രവര്‍ഗക്കാരെയും മണിപ്പുരിലെ കുക്കി ക്രൈസ്തവ ഗോത്രവര്‍ഗക്കാരുടെ നിസ്സഹായാവസ്ഥയിലേക്ക് എത്തിക്കാന്‍ നടത്തിവരുന്ന ഗൂഢതന്ത്രങ്ങളെ തുറന്നുകാട്ടുകയാണ് വാങ്ചുക്കും കൂട്ടരും.
വാങ്ചുക് 2023 ജനുവരിയില്‍ 18,380 അടി ഉയരമുള്ള ഖാര്‍ദുങ് ലാ ചുരത്തിലെ ഫ്യാംഗില് അഞ്ചു ദിവസത്തെ കാലാവസ്ഥാ സത്യഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ ചോഖാംഗ് വിഹാരത്തില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയി ലേയിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് ലദ്ദാഖ് ക്യാംപസില്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. മൈനസ് 40 ഡിഗ്രി താപനിലയില്‍ നിരാഹാര സമരം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കും എന്നതിനാലാണ് വാങ്ചുക്കിനെ ഫ്യാംഗില് നിന്നു നീക്കം ചെയ്തതെന്നായിരുന്നു പൊലീസിന്റെ അന്നത്തെ ഭാഷ്യം. വാങ്ചുക്കിന്റെ ജീവരക്ഷ ഗാരന്റി ചെയ്യാനെന്നു പറഞ്ഞ് ഇനി ലേയിലേക്കെങ്ങാനും അദാനിയുടെ ചാര്‍ട്ടര്‍ വിമാനത്തില്‍ ആരെങ്കിലും ചെന്നാല്‍ ജനം പറപ്പിക്കുന്നതു കാണാമെന്നും ലദ്ദാഖി രാഷ്ട്രീയ റാപ്പര്‍മാര്‍ പാടുന്നുണ്ട്.