ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിക്കഴിഞ്ഞു . ഇന്നലെ രാത്രി ഏറെ വൈകിയും വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് .
ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി ജാമിയ മില്ലിഅ സർവ്വകലാശാല എന്നിവിടിങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്സ് യൂണിയൻ ഗുവാഹത്തിയിൽ സി എ എ നോട്ടിഫിക്കേഷൻ കത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞു. അസമിൽ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷൻ ബബൻ ചൗധരിക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. ദില്ലി ഷഹീൻ ബാഗിൽ പൊലീസിൻ്റെ ഫ്ലാഗ് മാർച്ച് നടന്നു. പരിധിവിട്ടുള്ള പ്രതിഷേധങ്ങളോ ആഹ്ളാദപ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്നബാധിതമായ മേഖലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശവുമുണ്ട്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്. നിയമ ഭേദഗതിയുടെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.
ചില സംസ്ഥാനങ്ങൾ എതിർപ്പുയർത്തിയ പശ്ചാതലത്തിൽ പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കി.