കൊച്ചി:തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ അന്തിമവാദം ഇന്നും തുടരും. ഇരു കക്ഷികളുടെയും വാദം ഇന്നു തുടരാനായി ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ മാറ്റിയിരുന്നു.
എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. കെ. ബാബു വോട്ടര്‍മാര്‍ക്കു നല്കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
‘അയ്യപ്പന് ഒരു വോട്ട്’ എന്നു രേഖപ്പെടുത്തിയ സ്ലിപ്പില്‍ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തെന്നും ആരോപിച്ചിട്ടുണ്ട്.