വടക്കന്‍ കേരളത്തില്‍ മയ്യഴിപ്പുഴയോരത്തെ ഫ്രഞ്ച്-മലബാര്‍ ധാര്‍മിക സാംസ്കാരിക വിനിമയത്തിന്റെ ചരിത്രസംയോഗ ഭൂമികയെ പ്രഭാമയമാക്കിയ, രാജ്യത്തെ ഏറ്റവും വിഖ്യാതമായ തെരേസ്യന്‍ തീര്ഥാലയത്തെ സാര്‍വത്രിക കത്തോലിക്കസഭയിലെ പരമശ്രേഷ്ഠ ദേവാലയങ്ങളുടെ ശ്രേണിയില്‍ ബസിലിക്കയായി റോമിലെ പരിശുദ്ധ സിംഹാസനം ഉയര്‍ത്തിയിരിക്കുന്നു. കോഴിക്കോട് രൂപതയുടെ ശതാബ്ദി വര്‍ഷത്തിലാണ് മാഹിയിലെ വിശുദ്ധ അമ്മത്രേസ്യയുടെ ദേവാലയം മഹിമയുടെ കൃപാപൂര്ണിമയില് തിളങ്ങുന്നത്. മയ്യഴി മാതാവിനോടുള്ള വണക്കത്തിന്റെ മാധുര്യധാരയില് മാനവഹൃദയങ്ങള്‍ ഒരുമിക്കുന്ന തരളലാവണ്യാനുഭൂതി നാടിന്റെ മഹാസുകൃതസാക്ഷ്യമാകുന്നു.
ഫെബ്രുവരി ഇരുപത്തിനാലാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തീര്‍ഥാടന കേന്ദ്രത്തെ ബസിലിക്കയായി സമര്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോടു രൂപതയ്ക്ക് ഒരു അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കുന്നു. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി മാഹി തീര്‍ഥാടനകേന്ദ്രം അറിയപ്പെടും. ബസിലിക്കയില്‍ പ്രവേശിക്കുകയും വിശേഷ ദിനങ്ങളിലെ ആരാധനക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് റോമിലെ പരിശുദ്ധ സിംഹാസനം വഴിയായി പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ബസിലിക്ക പദവി നല്കുന്ന ഏറ്റവും വലിയ പ്രത്യേകത.
”രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെട്ട ഒരു ബാല്യകാലമായിരുന്നു എന്റേത്. മാഹിയില്‍ സ്ട്രെപ്റ്റോമൈസിന്‍ (കഠിനമായ പനിക്കുള്ള ആന്റിബയോട്ടിക്) കുത്തിവച്ച ആദ്യത്തെ കുട്ടി ഞാനായിരുന്നു. അന്ന് മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് കുത്തിവെപ്പുകൊണ്ടു മാത്രമല്ല വിശുദ്ധ ത്രേസ്യാമ്മയുടെ അനുഗ്രഹംകൊണ്ടു കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം രോഗാതുരമായ, കഷ്ടപ്പാടുകള്‍ നിറഞ്ഞ എന്റെ കുട്ടിക്കാലത്ത് ഈ ദേവാലയവുമായി അത്രയേറെ അടുപ്പം എനിക്കുണ്ടായിരുന്നു…” മയ്യഴിയുടെ കഥാകാരന് എം. മുകുന്ദന് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യയെ ഓര്‍ക്കുന്നതിങ്ങനെയാണ്.
മതവും ജാതിയും അതിര്‍വരമ്പിടാത്ത ദേവാലയമാണ് മാഹിപ്പള്ളി. മയ്യഴി മാതാവിന്റെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടിന്റെ നാനാഭാഗത്തു നിന്നും ജനലക്ഷങ്ങള്‍ എത്തുന്നത് അതിന്റെ തെളിവാണ്. മാഹിപ്പള്ളി ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നത് നാടിനു മുഴുവന്‍ ആഘോഷമാകുന്നതിന്റെ കാരണവുമിതാണ്.
ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കും പോര്ച്ചുഗീസുകാര്ക്കുമെതിരേ (ഗോവ) സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട നാളുകളില്‍ മയ്യഴിയില്‍ ഫ്രഞ്ചുകാര്ക്കെതിരേയും കലാപക്കൊടി ഉയര്‍ന്നു. 1934 ജനുവരി 13ന് ഗാന്ധിജി മയ്യഴിയിലെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമാധാനാധിഷ്ഠിതമായ സമരങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അക്രമസമരങ്ങളും അരങ്ങേറി. പലരും രക്തസാക്ഷികളായി. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു മയ്യഴിയുടെ മോചനത്തിനായി. 1954 ജൂലൈ 16ന് മയ്യഴി സ്വതന്ത്രയായി.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാലു ഭാഗങ്ങളിലൊന്നാണ് മയ്യഴി. ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്ക്കടലോരത്തെ ഫ്രഞ്ച് റിവേരിയ എന്നറിയപ്പെടുന്ന പുതുച്ചേരി നഗരത്തില്‍ നിന്ന് 630 കിലോമീറ്റര്‍ അകലെ അറബിക്കടലോരത്താണ് മയ്യഴി സ്ഥിതിചെയ്യുന്നത്. മയ്യഴി, കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു. സാംസ്കാരികമായി കേരളത്തിന്റെ ഭാഗംതന്നെയാണ് ഈ പ്രദേശം.
യൂറോപ്യന്‍ നാവികര്‍ വിശ്വാസതീക്ഷ്ണതയോടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച വിശുദ്ധ തെരേസ (ആവിലായിലെ അമ്മത്രേസ്യ) മാഹിയുടെ മുഴുവന്‍ മാതാവും പ്രിയ ത്രേസ്യാമ്മയുമായ കഥ കൊച്ചുകുഞ്ഞുങ്ങള്‍ക്കു പോലുമറിയാം. മാഹിയുടെ ചരിത്രവും വിശുദ്ധയുടെ മാധ്യസ്ഥ്യകൃപയുടെ ജീവല്സാക്ഷ്യങ്ങളും ഇഴചേര്‍ന്നുകിടക്കുന്നു….
മയ്യഴിപ്പുഴ പറഞ്ഞ കഥ
പെരിപ്ലസിന്റെ കര്‍ത്താവ് മെലിസിഗാരെ എന്നൊരു തുറമുഖത്തെക്കുറിച്ച് പറയുന്നുണ്ട്. അത് മാഹിയാണെന്നാണ് എം.പി. ശ്രീധരന് അഭിപ്രായപ്പെടുന്നത്. മലബാര്‍ തീരത്തുനിന്ന് അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏലവും കുരുമുളകളും കയറ്റി അയച്ചിരുന്നത് മാഹി വഴിയായിരുന്നു. കടത്തനാട്ടില്‍ നിന്നു മറ്റു മലഞ്ചരക്കുകളും മാഹി വഴി കയറ്റുമതി ചെയ്തിരുന്നു. മയ്യഴിയുടെ ഭാഗമായ ചെമ്പ്രയിലെ പുരാതനമായ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മഹോദയപുരം ആസ്ഥാനമാക്കി കേരളം വാണിരുന്ന ഇന്ദുക്കോതവര്‍മ്മന്റെ പന്ത്രണ്ടാം ഭരണവര്‍ഷത്തിലുള്ള ലിഖിതം കണ്ടെത്തിയിട്ടുണ്ട്. ഒരു ആവാസകേന്ദ്രമെന്ന നിലയില്‍ മയ്യഴിയുടെ പഴക്കം വ്യക്തമാക്കുന്ന രേഖയാണിത്. അതില്‍ മലയഴി എന്ന ഒരു സ്ഥലത്തെപറ്റി പറയുന്നുണ്ട്.
അഴിയൂര്‍ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാല്‍ കടലും പുഴയും ചേരുന്ന സ്ഥലം. മയ്യം എന്ന വാക്കിന് മധ്യം എന്ന് അര്‍ത്ഥമുണ്ട്. അഴിയൂരിനും മറ്റൊരു ഊരിനും മധ്യത്തിലുള്ള ഊരാണ് മയ്യഴി ആയി പരിണമിച്ചതെന്ന് പറയപ്പെടുന്നു. മനോഹരമായ അഴി എന്ന അര്‍ത്ഥവും മയ്യഴി എന്ന വാക്കിനു കല്പിക്കാം. പുഴക്കരികെ കല് അഴി എന്ന കല്ലായിയുമുണ്ട്.
മാഹിയെ പറ്റി പ്രശസ്ത സഞ്ചാരി അലക്സാണ്ടര്‍ ഹാമില്ട്ടണ് വിവരിച്ചിട്ടുണ്ട്. മീലിയിലാണ് (മാഹി) ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ഏലം കൃഷി ചെയ്യപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബുര്‍ഗാറെ എന്ന തുറമുഖപ്പട്ടണം മീലിയില്‍ നിന്ന് 8-10 നാഴിക മാത്രം അകലെയാണ് എന്നാണ് അദ്ദേഹം കുറിച്ചത്.
ഫ്രഞ്ചുകാരും മയ്യഴിയും
മയ്യഴി എന്ന മായേ യൂറോപ്പിലേക്ക് പോകുന്ന സുഗന്ധവ്യഞ്ജന കപ്പലുകള്‍ കൊള്ളയടിച്ച് സുരക്ഷിതരായി കഴിഞ്ഞിരുന്ന കൊള്ളക്കാരുടെ ഒളിസങ്കേതവുമായിരുന്നത്രേ. മാഹിയില്‍ ഫ്രഞ്ചുകാരുടെ ചരിത്രം 1721-ലാണ് ആരംഭിക്കുന്നത്. പടിഞ്ഞാറേ തീരത്ത് ബ്രിട്ടീഷുകാര്‍ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തില്‍ മത്സരിക്കാന്‍ അവര്‍ക്ക് ഭദ്രമായ കേന്ദ്രം എന്ന നിലയ്ക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. ആദ്യം അവര്‍ തലശേരിയിലാണ് കേന്ദ്രീകരിച്ചത്. അക്കാലത്ത് മയ്യഴിയുടെ (മാഹി) അധിപന് വടകര വാഴുന്നോര്‍ ആയിരുന്നു. 17-ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്നും വിളിച്ചിരുന്നു. ഫ്രഞ്ചുകാര്‍ ആദ്യം 1670-ല്‍ തലശേരിയില്‍ കോട്ട കെട്ടി. അതിനു ചിറക്കല്‍ രാജാവും തലശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണച്ചു. എന്നാല്‍ തലശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവര്‍ക്കായില്ല. തുടര്‍ന്ന് 1702-ല്‍ പുന്നോലില്‍ അവര്‍ പാണ്ടികശാല പണിതു. അവിടെയും കച്ചവടം ശോഭിച്ചില്ല. തുടര്‍ന്ന് 1721-ലാണ് മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ എത്തുന്നത്. അയല്‍ക്കാരായ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നാട്ടിലും പുറംനാടുകളിലും യുദ്ധം ചെയ്തുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്.
സെങ്-ലൂയി എന്ന കപ്പലില്‍ മയ്യഴിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മൊല്ലന്തേനെയെ മയ്യഴിയുടെ അധിപനായ വടകര വാഴുന്നോര്‍ സ്വീകരിച്ചു. 1722-ല്‍ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാര്‍ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യം പണിത കോട്ട മാഹിയിലെ ചെറുകല്ലായിയിലായിരുന്നു. സെന്റ് ജോര്‍ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര്. 1739-ലാണ് അതു പണിതത്. അതിനുശേഷം പണിതതാണ് ഫോര്‍ട്ട് മാഹി. ഈ ഭീമാകാരമായ കോട്ട 1769-ലാണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ ഈ കോട്ട നശിച്ചു. അവശിഷ്ടങ്ങള്‍ ഇപ്പോഴും മാളിയേമ്മല് പറമ്പില്‍ കാണാം. ഇവ രണ്ടും കൂടാതെ ഫോര്‍ട്ട് ദൂഫേന്‍, ഫോര്‍ട്ട് കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകള്‍ കൂടി ഫ്രഞ്ചുകാര്‍ മാഹിയില്‍ നിര്‍മ്മിച്ചു.
ക്യാപ്റ്റന്‍ മായേ ദ് ലണ്ടൂര്ദ്ദോനേ
വടകര വാഴുന്നവരില് നിന്ന് തന്ത്രപൂര്‍വ്വം മയ്യഴി പിടിച്ചെടുത്ത യുവാവായ ക്യാപ്റ്റന്‍ മായേ ദ് ലണ്ടൂര്ദ്ദോനേയുടെ കാര്യപ്രാപ്തിയും സംഘടനാ വൈഭവവും അംഗീകരിച്ചുകൊണ്ട് ഫ്രഞ്ചുകാര്‍ മയ്യഴിക്ക് മായേ (MAHE) എന്ന പേര് നല്കുകയാണു ചെയ്തത്. കാലാന്തരത്തില്‍ മായേ മാഹിയായി രൂപാന്തരപ്പെട്ടു. മാഹിയെ ഇടത്താവളമായി കണ്ട ഫ്രഞ്ചുകാര്‍ കടത്തനാട്ട് രാജവംശവുമായി 1721-ല്‍ ഉടമ്പടി ചെയ്ത് മാഹിദേശം സ്വന്തമാക്കി. സാമൂതിരിയുടെ നഗരമായ കോഴിക്കോട് നിലയുറപ്പിച്ച ഫ്രഞ്ചുകാരുടെ ആത്മീയ ഉപദേഷ്ടാവായ ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറി ഫാ. ഡൊമിനിക് ഫ്രഞ്ചുകാരുടെ സഹായത്തോടെ മാഹിയിലും എത്തി. പ്രേഷിത പ്രവര്‍ത്തനത്തിനായി അദ്ദേഹത്തിന് ആവശ്യമുള്ള ഭൂമി വടകര വാഴുന്നോര്‍ ദാനമായി നല്കി. 1723-ല്‍ മാഹിയില്‍ പ്രഥമ ക്രൈസ്തവ സമൂഹം രൂപംകൊണ്ടു.
മാഹിയില്‍ ഫ്രഞ്ചുകാരുടെ സാന്നിധ്യം ബ്രിട്ടീഷുകാര്‍ ശത്രുതയോടെയാണ് കണ്ടത്. ഫ്രഞ്ചുകാര്‍ അവര്‍ക്ക് ഒരു തലവേദനയായി മാറി. ഫ്രഞ്ചുകാരെ നിഷ്കാസനം ചെയ്യാന്‍ വടകര വാഴുന്നോരുമായി ഗൂഢാലോചന നടത്തി. മാഹിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഫ്രഞ്ചുകാരോട് വാഴുന്നവര്‍ ആജ്ഞാപിച്ചു. ഫ്രഞ്ചുകാരുടെ കൂടെ ക്രിസ്ത്യന്‍ മിഷനറിമാരും തല്ക്കാലം മാഹിയോട് വിടപറഞ്ഞു. താമസിയാതെ ഫ്രഞ്ചുകാര്‍ കോഴിക്കോട് കേന്ദ്രീകരിച്ച് വാഴുന്നവരുമായി യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി. 1725 ഡിസംബറില്‍ കമാന്‍ഡര്‍ എം.ഡി. പര്ദ്ദയ്യാങ്ങിന്റെ നേതൃത്വത്തില്‍ വാഴുന്നവരെ ആക്രമിച്ചു. ശക്തമായ പോരാട്ടം നടന്നു. ഒടുവില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലും ഫ്രഞ്ചുകാരും വാഴുന്നവരും തമ്മിലും സമാധാന സന്ധി ഉണ്ടാക്കി. 1726 നവംബര്‍ 8ന് നടത്തിയ ഉടമ്പടി പ്രകാരം മാഹി ഫ്രഞ്ചുകാര്‍ക്ക് തിരികെ ലഭിച്ചു. നിരവധി ഉപാധികള്‍ ഉണ്ടെങ്കിലും ശ്രദ്ധേയമായ ഒരു ഉപാധി, ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ ഒരു കാരണവശാലും ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്നതായിരുന്നു.
മിഷണറി പ്രവര്‍ത്തനങ്ങള്‍
1726-ല്‍ മാഹിയില്‍ താമസിച്ചിരുന്ന ഒരു നെയ്ത്തുകാരനും അയാളുടെ ഭാര്യയും മൂന്നു കുട്ടികളും ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. വികാരിയായ ഡൊമിനിക്കച്ചനെ അവര്‍ സമീപിച്ചു. നിരന്തരം അച്ചനെ ഇക്കാര്യം ഉണര്ത്തിച്ചെങ്കിലും യാതൊരു പ്രതികരണവും അച്ചനില്‍നിന്ന് അവര്‍ക്കു ലഭിച്ചില്ല. നെയ്ത്തുകാരന്റെ ഉദ്ദേശ്യത്തില്‍ ഡൊമിനിക്കച്ചന് അല്പം സംശയാലുവായിരുന്നു. അയാളുടെ തീക്ഷ്ണമായ അപേക്ഷ പരിഗണിച്ച് അച്ചന് പറഞ്ഞു; ”നീയും നിന്റെ കുടുംബവും കോഴിക്കോട് പോയി ജ്ഞാനസ്നാനം സ്വീകരിക്കുക.” ഇതു കേട്ടതും, നെയ്ത്തുകാരനും കുടുംബവും കോഴിക്കോട്ടേക്ക് യാത്രയായി. കാല്‍നടയായി പൊരിവെയിലത്ത് യാത്ര ചെയ്ത് അവര്‍ കോഴിക്കോട് എത്തി. ഇന്നത്തെ കോഴിക്കോട് രൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രബോധനങ്ങളും പ്രാര്‍ഥനകളും ഹൃദിസ്ഥമാക്കി അവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. 1733 മുതല്‍ 1754 വരെ മാഹി ജനതയുടെ ഇടയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ ഫാ. ഇഗ്നേഷ്യസ് എ.എസ്. ഹിപ്പോളിറ്റസ് ഒസിഡി 1757 ജൂലൈയില്‍ എഴുതിയ ഉഋ ങകടടകഛചഋ ങഅഒകചഋചടക കച ങഅഘഅആഅഞകആഡട ഇഛങങഋചഠഅഞകഡട എന്ന മാഹി മിഷന്റെ ആഖ്യാനത്തിലാണ് ഈ വിവരണമുള്ളത്.
1723 ല്‍ ഫാ. ഡൊമിനിക് മാഹി മിഷന്റെ വികാരിയായി നിയമിതനായി. അതോടെ മാഹി കൊടുങ്ങല്ലൂര്‍ രൂപതയുടെ ഭരണത്തിന് കീഴിലായി. ഫാ. ഡോമിനിക് ഊര്‍ജ്ജസ്വലതയോടെ തന്റെ ശുശ്രൂഷ തുടര്‍ന്നുകൊണ്ടിരുന്നു. അക്രൈസ്തവര്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നു.
പ്രേഷിതശുശ്രൂഷയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി വെനീസ് പ്രവിശ്യയിലെ ഫാ. മത്തേവുസും മാഹിയിലേക്ക് തിരിച്ചു. തങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചവര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും കൊടുക്കേണ്ട ചുമതല മിഷണറിമാരില്‍ നിക്ഷിപ്തമായി. ഇതിന് ആവശ്യമായ പണം ഫ്രഞ്ച് അധികാരികളില്‍ നിന്നും സന്മനസ്സുള്ള ഫ്രഞ്ച് പൗരന്മാരില് നിന്നും നിര്‍ലോപമായി വൈദികശ്രേഷ്ഠര്ക്ക് ലഭിച്ചു. 1727 നവംബര്‍ ഒന്നാം തീയതി വിശ്വാസാര്ത്ഥികള്ക്ക് വസിക്കാനും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും പ്രമാണങ്ങളും പഠിക്കുവാനും വേണ്ടി ഒരു കെട്ടിടത്തിന് അടിസ്ഥാന ശിലയിട്ടു. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഭിത്തിയും ഓലകൊണ്ട് മേഞ്ഞ മേല്‍ക്കൂരയുമാണ് ഇതിനുണ്ടായിരുന്നത്. ഈ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും താമസിക്കാന്‍ പ്രത്യേക മുറികള്‍ സജ്ജമാക്കിയിരുന്നു കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഒരു പ്രാര്‍ഥനാലയവും (ഛൃമീേൃ്യ) ഉണ്ടായിരുന്നു. മാഹി ക്രൈസ്തവരുടെ പ്രഥമ പ്രാര്‍ഥനാലയം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രാരംഭത്തില്‍ സ്ത്രീകളും പുരുഷന്മാരും അടക്കം 21 പേര് ഉണ്ടായിരുന്നു. പ്രവര്‍ത്തനത്തിനാവശ്യമായ ധനസഹായം വൈദികരുടെ കൈകളിലേക്ക് ഒഴുകുകയായിരുന്നുവെന്ന് ചരിത്രരേഖകള്‍ പറയുന്നു. പലപ്പോഴും എല്ലാ വ്യയവും കഴിച്ചു പണം ബാക്കിയുണ്ടായിരുന്നു.
ഫാ. ഡൊമിനിക്കിന്റെ ആരോഗ്യം ക്ഷയിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ വരാപ്പുഴയില്‍ ശുശ്രുഷ ചെയ്തിരുന്ന ഫാ. റോക്ക് മാഹിയില്‍ എത്തി. താമസിയാതെ റോമിലെ വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് ഇറ്റലിയില്‍ നിന്നു നാല് നിഷ്പാദുക കര്‍മ്മലീത്ത വൈദികര്‍ – ഫാ. ഇന്നസെന്റ്, ഫാ. ജര്മ്മനിയന്, ഫാ. ക്ലമന്റ്, ഫാ. ഇഗ്നേഷ്യസ് ഹിപ്പോളിറ്റസ് എന്നിവര്‍ – 1732ല്‍ മാഹിയില്‍ എത്തി.
ഫാ. ഡൊമിനിക്കിനെ സഹായിക്കാന്‍ എത്തിയ ഫാ. ജര്മ്മനിയനും ഫാ. ഇന്നസെന്റും താമസിയാതെ വരാപ്പുഴയിലേക്ക് പോയി. ഫാ. ഇഗ്നേഷ്യസ് മലയാളം പഠിക്കാന്‍ മാങ്ങാട്ടേക്ക് പോയി. സാംക്രമിക രോഗമായ വസൂരിയാല്‍ മാഹി അക്കാലത്ത് ആടിയുലഞ്ഞു. രോഗത്തെ നേരിടാന്‍ ഫ്രഞ്ച് അധികാരികളും ഉദ്യോഗസ്ഥ വൃന്ദവും മുന്പോട്ടുവന്നു. അതിനായി വലിയൊരു ആശുപത്രിയും നിര്‍മ്മിച്ചു. അവര്‍ വൈദികരോടൊപ്പം ചേര്‍ന്ന് വീടുകള്‍ സന്ദര്‍ശിച്ച് രോഗികളെ ആശുപത്രിയില്‍ എത്തിച്ചു. ഫാ. റോക്ക് വരാപ്പുഴയില്‍ നിന്നും മാഹിയിലെത്തി ഫാ. ഡൊമിനിക്കിനെ ഈ അടിയന്തരഘട്ടത്തില്‍ സഹായിച്ചു. രോഗത്തെ ഭയന്ന് തദ്ദേശീയരായ പലരും മിഷനറിമാര്‍ ഭവനങ്ങളില്‍ എത്തി രോഗികളെ തേടിപ്പിടിക്കുന്നതിന് തടസ്സമായി നിന്നിരുന്നു. അതൊന്നും വകവെക്കാതെ വൈദികര്‍ അവരുടെ രോഗീസന്ദര്‍ശനം തുടര്‍ന്നു. വൈദികരുടെ ത്യാഗോജ്വലമായ സേവനത്തെ അന്നത്തെ കൊടുങ്ങല്ലൂര്‍ ബിഷപ് ആന്റണി പിമെന്റല്‍ പ്രശംസിക്കുകയുണ്ടായി.
1723 മുതല്‍ 1737 വരെ മാഹിയില്‍ സേവനമനുഷ്ഠിച്ച ഫാ. ഡൊമിനിക്കിന്റെ ആരോഗ്യനില വളരെ പരിതാപകരമായിരുന്നു. ഒടുവില്‍, അദ്ദേഹം ഫാ. റോക്കുമായി വരാപ്പുഴയിലേക്കു പോയി. 1738-ല്‍, മഹാനായ ആ പ്രേഷിതവര്യന്, മാഹി മിഷന്റെ സ്ഥാപകന്‍, എല്ലാ കൂദാശകളും സ്വീകരിച്ച് നിത്യതയിലേക്ക് കടന്നുപോയി.
1738-ല്‍ ഫാ. ഇഗ്നേഷ്യസ് ഹിപ്പോളിറ്റസ് മാഹി ഇടവകയുടെ നേതൃത്വം ഏറ്റെടുത്തു. വിശ്വാസാര്ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു, അവരെ താമസിപ്പിച്ച് അടിസ്ഥാന ക്രിസ്തുതത്വങ്ങള് പഠിപ്പിക്കുവാന്‍ മാഹി കോളനിയുടെ താല്‍ക്കാലിക മേധാവിയായ ബൂണലും മാഹി വികാരിയായ ഫാ. ക്ലമന്റ് ഉള്‍പ്പെട്ട കൗണ്‍സില്‍, 100 അടി നീളവും 25 അടി വീതിയുമുള്ള ഒരു കെട്ടിടം ദേവാലയത്തോടു ചേര്‍ന്ന് സെമിത്തേരിയുടെ തെക്കുഭാഗത്ത് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. ഇതിനോടു ചേര്‍ന്ന് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ പരിശീലനത്തിനായി 85 അടി നീളവും 20 അടി വീതിയുമുള്ള മറ്റൊരു കെട്ടിടവും ആവശ്യമായി വന്നു. ഇന്ന് മുനിസിപ്പല്‍ മൈതാനം എന്നറിയപ്പെടുന്ന പള്ളി മൈതാനത്തോടു ചേര്‍ന്നാണ് 1738 നവംബര്‍ 5ന് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1739 മെയ് 5ന് അതിന്റെ പണി പൂര്‍ത്തീകരിച്ചു. ക്രിസ്തീയ മാര്‍ഗോപദേശ പഠിതാക്കളുടെ ഭാവി സുരക്ഷയ്ക്കു വേണ്ടി നൂല്‍നൂല്‍പ്പ്, തയ്യല്‍, നെയ്ത്ത് തുടങ്ങിയ നിരവധി ജോലികള്‍ അവിടെ പഠിപ്പിച്ചു.
അന്ധകാര ശക്തി പ്രബലമാകുന്നു
1739-ല്‍ പാരിസില്‍ കൗണ്‍സില്‍ കൂടി നിലവിലുള്ള എല്ലാ ഫ്രഞ്ച് ഉദ്യോഗസ്ഥരും മാഹി വിടാന്‍ ആജ്ഞാപിച്ചു. മാഹി കോളനിയുടെ പുതിയ ഡയറക്ടര്‍ ആയി ഡിറോയിയെ നിയമിച്ചു. കൂടെ കൗണ്‍സിലര്‍മാരും നിയമിതരായി. ഫാ. ഇഗ്നേഷ്യസ് ഹിപ്പോളിറ്റസിന്റെ ഭാഷയില്‍, ”അന്ധകാര ശക്തി പ്രബലമായി.” മറ്റുള്ളവരുടെ ഔദാര്യത്തോടെ നിര്‍മ്മിച്ച ക്രിസ്തീയ വേദപഠിതാക്കള്ക്കുള്ള സൗധം യുദ്ധസാമഗ്രികള്‍ സൂക്ഷിക്കാനും സൈനികര്‍ക്കു താമസിക്കുന്നതിനും വേണ്ടി നിര്‍ബന്ധപൂര്‍വ്വം നിഷ്പാദുക കര്‍മലീത്താ പുരോഹിതരില്‍ നിന്ന് ഫ്രഞ്ച് അധികാരികള്‍ ഏറ്റെടുത്തു. മിഷനറിമാര്‍ക്ക് അത് ഏറ്റവും വലിയ പ്രഹരമായിരുന്നു.
മാഹി കോളനി മേധാവി ഡിറോയ് ബംഗാളിലേക്ക് സ്ഥലംമാറിപ്പോയി. പകരം സിണാരിയൂസ് കോളനി മേധാവിയായി. അദ്ദേഹവും തന്റെ മുന്‍ഗാമിയുടെ ഭരണശൈലിയാണ് പിന്തുടര്ന്നത്. കാലാന്തരത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതുമൂലം 1742-ല്‍ കെട്ടിടം നിലം പൊത്തി. 1743-ല്‍ ഫാ. ഇഗ്നേഷ്യസിനെ സഹായിക്കാന്‍ ഫാ. സീസര്‍, ഫാ. മാനുവല്‍, മാഹിയില്‍ നേരത്തെ സേവനം ചെയ്ത ഫാ. ക്ലമന്റ് എന്നിവര്‍ നിയോഗിക്കപ്പെട്ടു.
1741-ല്‍ ഫാ. ഇഗ്നേഷ്യസിന്റെ ആശീര്‍വാദത്തോടെ വൈദികപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളജില്‍ പോയ തദ്ദേശീയനായ അലക്സിസ് പ്രോസ്പര്‍ ഗോണ്‍സാലസ് പഠനം പൂര്‍ത്തിയാക്കി 1751-ല്‍ മാഹിയില്‍ തിരിച്ചെത്തി, താമസിയാതെ വരാപ്പുഴയില്‍ പോയി വികാരി അപ്പസ്തോലിക്കയുടെ പക്കല്‍ നിന്ന് അഭിഷിക്തനായി. 1752-ല്‍ രാമന്തളിയിലും നെല്ലിശ്ശേരിയിലും കര്‍മ്മലീത്താ വൈദികര്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബെല്‍ജിയം സ്വദേശിയായ ഫാ. ബ്രൂണോയും ഫ്രഞ്ച് പൗരനായ ഫാ. ലിയോയും മാഹി പള്ളിയില്‍ സേവനമനുഷ്ഠിച്ചതായി രേഖകളില്‍ കാണുന്നു.
1779ലെ ബ്രിട്ടീഷ് – ഫ്രഞ്ച് യുദ്ധത്തില്‍ പുഴക്കരയിലെ പാണ്ടികശാലയും ദേവാലയവും മറ്റു കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഇറ്റലിക്കാരായ കര്‍മലീത്ത വൈദികര്‍ യൂറോപ്പിലേക്കു തിരിച്ചുപോയി. മാഹിയില്‍ നിന്ന് അവര്‍ യാത്ര പറയുമ്പോള്‍ ഏതാണ്ട് 3,000 ജനങ്ങള്‍ വസിക്കുന്ന കൊച്ചുപട്ടണമായി അതു മാറിയിരുന്നു; അതില്‍ 2,000 പേര് ക്രൈസ്തവരായിരുന്നു. പുതുതായി ജ്ഞാനസ്നാനം സ്വീകരിക്കാന്‍ കാത്തിരുന്നവരുടെ എണ്ണം 803 ആയിരുന്നു.
പ്രാര്‍ഥനാലയം കത്തിനശിച്ചുപോയെങ്കിലും ആരാധനാ അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വന്നില്ല. ദേവാലയ പുനര്‍നിര്‍മാണം വലിയ സംഭവം എന്നതുപോലെ തന്നെ മയ്യഴിയില്‍ ഒരു പ്രശ്നവുമായിരുന്നു. മാഹിയിലെ ജനങ്ങള്‍ സമ്പന്നരായിരുന്നില്ല, അതുകൊണ്ട് പള്ളി പുതുക്കിപ്പണിയാന്‍ അവര്‍ക്ക് പണം ഉണ്ടായിരുന്നില്ല. 1788 ജനുവരിയില്‍ മാഹിയിലെ ഫ്രഞ്ച് മേധാവിയായിരുന്ന ലൂയിമറേന് പോണ്ടിച്ചേരി കമ്പനി മേധാവിക്കെഴുതിയ കത്തില്‍ ഇംഗ്ലീഷുകാര്‍ നശിപ്പിച്ച പള്ളി പണിയാന്‍ 5,000 ഉറുപ്പികയോളം വേണമെന്നും ഇവിടത്തെ ക്രൈസ്തവര്‍ക്ക് അത്രയും വലിയൊരു തുക ഉണ്ടാക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് രാജാവിന്റെയും കമ്പനിയുടെയും ഫണ്ടില്‍നിന്ന് ഇതിനുവേണ്ടി തുകവകയിരുത്തണമെന്നും അഭ്യര്‍ത്ഥിച്ചു. പോണ്ടിച്ചേരിയിലെ ഗവര്‍ണര്‍മാരായിരുന്ന ബൂസ്സിയും മൊറേനും ഇതുപോലെ പള്ളി പുനര്‍നിര്‍മ്മാണത്തിന് പണം നീക്കിവെച്ച കാര്യം മറേന്‍ തന്റെ കത്തില്‍ പറയുന്നുണ്ട്. 1782ലെ മറ്റൊരു രേഖയില്‍, പള്ളിയുടെ നിര്‍മ്മാണത്തിന് 9,000 ഉറപ്പിക്കുകയാണ് ചിലവ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
മയ്യഴിയുടെ മണിനാദം
1788-ല്‍ അബ്ബെ ദ്യുഷ്നെ എന്ന ശ്രേഷ്ഠ വൈദികനാണ് ഇന്നു കാണുന്ന രീതിയില്‍ ദേവാലയം കല്‍ചുമരില്‍ കെട്ടി പുനര്‍നിര്‍മ്മിച്ചത്. ഇതേവര്‍ഷം തന്നെയാണ് ദേവാലയത്തോടു ചേര്‍ന്ന് 76 അടി ഉയരമുള്ള ഗോപുരവും കൂറ്റന്‍ ഘടികാരവും സ്ഥാപിച്ചത്. ഫ്രഞ്ചുകാരുടെ സംഭാവനയാണ് നാല് അടി വ്യാസമുള്ള ഘടികാരം. പാരീസിലെ ദ് പെത്തി ഷാമിലുള്ള ബോറോണ്‍ കമ്പനിക്കാര് നിര്‍മ്മിച്ചു നല്കിയ ഘടികാരം 1855ല്‍ ഗോപുരത്തില്‍ സ്ഥാപിക്കപ്പെട്ടു. ആക്രമണമുണ്ടായ ഒരു സമയത്ത് ഈ പള്ളിമണി സ്വയം ശബ്ദിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയെന്ന ഐതിഹ്യവുമുണ്ട്.
വലിയ ഗോപുരവും നീണ്ട അകത്തളവും ഉള്ളതാണ് പള്ളിക്കെട്ടിടം. രണ്ടു കവാടങ്ങള്‍ ഉള്ള അകത്തള ഭിത്തിയില്‍ തെക്കുഭാഗത്ത് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഫാ. ജേക്കബ് കുളങ്ങര മറ്റൊരു കവാടവും 1986-ല്‍ പണിയുകയുണ്ടായി.
ക്രൈസ്തവ പുരോഹിതര്‍ മതപ്രചാരണത്തിനും സാധുജന സംരക്ഷണത്തിനും ഉപരിയായി വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം കല്പ്പിച്ചു. 1805-ല്‍ ക്രിസ്റ്റീന്‍ ബ്രദേഴ്സ് എന്ന സമൂഹം വിദ്യാലയം നടത്തിയിരുന്നു. 1864 മുതല്‍ ക്രൈസ്തവര്‍ക്കു പുറമെ മറ്റു മതവിഭാഗങ്ങളിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്കി.
1877 ജൂലൈ ആറാം തീയതി വിശുദ്ധ ബര്‍ത്തലോമിയയുടെ നാമത്തില്‍ മാഹി ജനതയുടെ ആവശ്യപ്രകാരം ക്ലൂണി സിസ്റ്റേഴ്സിന്റെ (ട.േ ഖീലെുവ ീള ഇഹൗി്യ) ഒരു കന്യാമഠം പ്ലാസദാം എന്നറിയപ്പെട്ടിരുന്ന മൈതാനത്തിനു സമീപം പ്രവര്‍ത്തനം തുടങ്ങി. ഫ്രഞ്ച് സര്‍ക്കാരിന്റെ ക്ഷണം അനുസരിച്ച് രണ്ടു സന്ന്യാസികള്‍ ഫ്രഞ്ച് പഠിപ്പിക്കുന്നതിനു വേണ്ടി മാഹിയില്‍ എത്തി. കന്യാമഠത്തോടു ചേര്‍ന്ന് ഒരു അനാഥാലയവും തുടങ്ങി.
ആധുനിക കാലം
ഫ്രഞ്ച് ഭരണകൂടവും പള്ളിയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ മാഹിദേവാലയം ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരു വകുപ്പ് (ഉലുമൃാേലി)േ ആയാണ് ഫ്രഞ്ച് ഭരണകൂടം തകരുന്നതുവരെയും പ്രവര്‍ത്തിച്ചത്.
1700കളില്‍ കൊടുങ്ങല്ലൂര്‍ രൂപതയുടെ കീഴിലായിരുന്ന മാഹി, 1936-ല്‍ പോണ്ടിച്ചേരി കടലൂര്‍ രൂപതയുടെ മേല്‍നോട്ടത്തിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം കോഴിക്കോട് രൂപതയുടെ ഭാഗവുമായി. മോണ്‍. ജോണ്‍ ബാപ്റ്റിസ്റ്റ് റോഡ്രിക്സ് ആണ് ഇടവക വികാരിയായി 1949-ല്‍ ചുമതലയേറ്റ കോഴിക്കോട് രൂപതയില്‍ നിന്നുള്ള പ്രഥമ വൈദികന്. അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ അക്കൊല്ലംതന്നെ തല്‍സ്ഥാനത്തേക്ക് ഫാ. ആന്റണി ഡിസോസ നിയമിതനായി. 1950 മുതല്‍ 1968 വരെ സുദീര്‍ഘമായ 18 വര്‍ഷം ഫാ. ജോസഫ് മെനേസസ് മാഹി ഇടവകയില്‍ അജപാലന ശുശ്രൂഷ നടത്തി. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് മാഹിദേവാലയം ഒരു തീര്‍ഥാടനകേന്ദ്രമായി മാറിയത്. നിരന്തരമായ എഴുത്തുകളിലൂടെ അദ്ദേഹം മാഹിമാതാവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തു. പുതുച്ചേരിയും കേന്ദ്ര സര്‍ക്കാരുമായി അദ്ദേഹം നടത്തിയ കത്തിടപാടുകളിലൂടെയാണ് 1971-ല്‍ പള്ളി ഉള്‍പ്പെടുന്ന സ്ഥലം ഇടവകയുടെ പേരിലേക്കു മാറ്റികിട്ടിയത്. യോഗിവര്യനായ അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ അധ്വാനമൊന്നും നിഷ്ഫലമായില്ല. 1968-ല്‍ ഫാ. മാത്യു മാമ്പറ ഇടവക വികാരിയായി സ്ഥാനമേറ്റു. കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ ഓടുമേഞ്ഞ പള്ളിയുടെ പൂമുഖം പൊളിച്ചുമാറ്റി കോണ്‍ക്രീറ്റില്‍ പുതുക്കിയത് ഫാ. മാത്യു മാമ്പറയാണ്. ആരാധനക്രമം അതിന്റെ പൂര്‍ണതയില്‍ കൊണ്ടാടുന്നതിനായി അദ്ദേഹം ഇടവകയിലെ ദൈവജനത്തെ നിരന്തരം ഉദ്ബോധിപ്പിച്ചു.
ഫാ. മാത്യു മാമ്പറ സ്ഥലംമാറിപോയപ്പോള് 1975-ല്‍ പകരക്കാരനായി വന്നത് ഫാ. എഡ്വേര്‍ഡ് ബ്രഗാന്‍സ ആയിരുന്നു സുസമ്മതനും ദാനശീലനുമായ ബ്രഗാന്സച്ചന് മാഹിയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് അക്ഷീണം പ്രയത്നിച്ചു. ദേവാലയ ആവശ്യപ്രകാരം സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസിനീ സമൂഹം സ്കൂളും കെട്ടിടവും ഏറ്റെടുത്തു. ഇടവകയുടെ വിവിധ ആവശ്യങ്ങള്‍ക്കായി 10 മുറികളും ഒരു ഹാളും അദ്ദേഹം പണിതു. ഒട്ടേറെ ഓര്‍മ്മകള്‍ ബാക്കിവെച്ചുകൊണ്ട് 1981ല്‍ ഒക്ടോബര്‍ 15ന് തിരുന്നാള്‍ ദിനത്തില്‍ ഹൃദയാഘാതം മൂലം നിത്യതയിലേക്ക് അദ്ദേഹം യാത്രയായി. തുടര്‍ന്ന് ഫാ. ജോസഫ് കട്ടക്കയം പള്ളി വികാരിയായി ചുമതലയേറ്റു. 1984-ല്‍ ആകസ്മികമായി നിര്യാതനാകുന്നതുവരെ തന്റെ മുന്‍ഗാമികള്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും അഭംഗുരം തുടര്‍ന്നു. 1994-ല്‍ ഫാ. ജേക്കബ് കുളങ്ങര മാഹിയിലെ വികാരിയായി. അദ്ദേഹം ചാലക്കരയില്‍ സെന്റ് തെരേസാ സ്കൂള്‍ ആരംഭിക്കുകയും സെന്റ് തെരേസാ ക്വാര്‍ട്ടേഴ്സ് പണിയുകയും കുറച്ചു കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കുകയും ചെയ്തു. ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത അച്ചനെ നന്ദിയോടെ ഇടവക ജനങ്ങള്‍ ഓര്‍ക്കുന്നു. 1990-ല്‍ ഫാ. സെബാസ്റ്റ്യന്‍ കുര്യാപറമ്പില്‍ ഈ ദേവാലയത്തില്‍ എത്തി. അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ഇന്നും അഭിമാനമായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ മണിഗോപുരം നവീകരിക്കുകയും ചെയ്തു. 1996-ല്‍ ഫാ. ജോസ് പുളിക്കത്തറ അജപാലന ശുശ്രൂഷയുമായി മാഹിയിലെത്തി. ഇടവകയ്ക്കു വേണ്ടി മേരി മാതാ പാരിഷ് ഹാള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. ദേവാലയത്തിനു നഷ്ടമായ പള്ളിമൈതാനം വീണ്ടെടുക്കാനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. വൈദിക ഭവനത്തിനോടു ചേര്‍ന്ന് അടുക്കളയും ഭക്ഷണമുറിയും പണിതീര്‍ത്തു. 2001-ല്‍ ഫാ. ജോണ്സണ് അവരേവ് മാഹിയില്‍ എത്തി. ചിന്തകനും വാഗ്മിയുമായ ഫാ. ജിയോ പയ്യപ്പിള്ളി 2003-ല്‍ മാഹി പള്ളി വികാരിയായി. പള്ളിക്കുവേണ്ടി ദേശീയപാതയോരത്ത് അഴിയൂരില്‍ സ്ഥലം വാങ്ങി. പള്ളിയുടെ പുറകിലുള്ള ഭൂമിയും അതിലുള്ള കെട്ടിടവും പള്ളിക്കു വേണ്ടി വാങ്ങിച്ചു. ഈ കാലയളവിലാണ് സെന്റ് തെരേസ വിദ്യാലയത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട്, 1940-ല്‍ മാഹിയോട് വിടപറഞ്ഞ ക്ലൂണി സിസ്റ്റേഴ്സിനെ ഫാ. ജിയോ ക്ഷണിച്ചത്. 2004 മെയ് 13ന് ചാലക്കരയിലെ അവരുടെ കന്യാമഠം സ്ഥാപിച്ച് വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ നവീനഘട്ടത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഫാ. എഡ് വിന് തുണ്ടത്തില്‍ മാഹി പള്ളി വികാരിയായി. ഒരു നിയോഗം പോലെ, മാഹി ദേവാലയം തുറന്നുകാണുന്ന രീതിയില്‍ വളരെ മനോഹരമായി പുനരുദ്ധാരണം ചെയ്തു. 2012 ഡിസംബര്‍ ഒന്നാം തീയതി ഫാ. എം.എച്ച്. ആന്റണി മാഹി ഇടവകയുടെ ഭരണചുമതലയേറ്റു. 2013 ഒക്ടോബര്‍ മാസത്തെ തിരുനാളിനു ശേഷം എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേകമായി രാവിലെ 10 മണിക്ക് സാഘോഷ ദിവ്യബലിയും ആരാധനയും നവനാള്‍ ജപവും നേര്‍ച്ചഭക്ഷണവും അച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തീര്‍ഥാടകരുടെ ഉപയോഗത്തിനായി ഇരുനിലയുള്ള വിസ്തൃതമായ ശൗചാലയവും കുളിമുറികളും അദ്ദേഹം നിര്‍മ്മിച്ചു. 2015 ജനുവരി 20ന് ഫാ. ജെറോം ചിങ്ങന്തറ ഇടവക വികാരിയായി. 2015 മാര്‍ച്ച് 28ന് അച്ചന്റെ മേല്‍നോട്ടത്തില്‍ വിശുദ്ധ അമ്മത്രേസ്യായുടെ 500-ാം ജന്മവാര്‍ഷികം സമുചിതമായ കര്‍മ്മപരിപാടികളോടെ ആഘോഷിച്ചു. റവ.ഡോ. വിന്‍സെന്റ് പുളിക്കലാണ് ഇപ്പോഴത്തെ വികാരിയും റെക്ടറും.
മാഹി അമ്മ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന സെന്റ് തെരേസാ ദേവാലയ വാര്‍ഷിക മഹോത്സവം എല്ലാവര്‍ഷവും ഒക്ടോബര്‍ 5 മുതല്‍ 22 വരെ സാഘോഷം കൊണ്ടാടുകയാണ്. മതമൈത്രിയുടെ പ്രകാശഗോപുരമായി മാഹിയില്‍ ഉയര്ന്നുനില്ക്കുന്ന ദേവാലയത്തില്‍ ആണ്ടുതോറും ജാതിമതവര്‍ഗ ദേശഭേദമെന്യേ ജനലക്ഷങ്ങള്‍ ആത്മീയ നവീകരണത്തിനായി എത്താറുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ സാര്‍വത്രിക സഭയ്ക്കു മാത്രമല്ല സര്‍വ്വമതസ്ഥര്‍ക്കും വിശുദ്ധിയുടെ സോപാനവും പ്രാര്‍ഥനയുടെ സമുന്നത സാധനകളും ജീവിത മാതൃകയിലൂടെയും ആത്മീയ പ്രബോധനങ്ങളിലൂടെയും കൈമാറിയ ആവിലായിലെ അമ്മത്രേസ്യായുടെ നാമധേയത്തിലാണ് തീര്‍ത്ഥാടന കേന്ദ്രം പ്രതിഷ്ഠിതമായിരിക്കുന്നത്. വിശുദ്ധ അമ്മത്രേസ്യയുടെ മാധ്യസ്ഥ്യം വഴി അദ്ഭുതകരമായ ദൈവിക കൃപാദാനങ്ങള്‍ ലഭിക്കുമെന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇടവക മഹോത്സവത്തിനോടനുബന്ധിച്ച് ഒക്ടോബര്‍ 5 മുതല്‍ 22 വരെ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുന്ന വിശുദ്ധ അമ്മത്രേസ്യായുടെ അതിമനോഹരമായ ദാരുശില്പത്തിന്റെ പിന്നില്‍ പല ഐതിഹ്യങ്ങളുമുണ്ട്.
വിശുദ്ധ അമ്മ ത്രേസ്യായുടെ ദാരുശില്പം
ഉത്സവാഘോഷത്തിന്റെ കേന്ദ്രബിന്ദുവായ ഈ ദാരുശില്പം ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് വലയില്‍ കുടുങ്ങി കിട്ടിയതാണെന്ന് ഒരു കഥയുണ്ട്. അറബിക്കടലിലൂടെ സഞ്ചരിച്ചിരുന്ന ഫ്രഞ്ച് കപ്പല്‍ മാഹിക്ക് അഭിമുഖമായി എത്തിയപ്പോള്‍ നിശ്ചലമായെന്നും, കപ്പലില്‍ ഉണ്ടായിരുന്ന തിരുസ്വരൂപം മാഹി പള്ളിക്കു നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നപ്പോള്‍ മാത്രമാണ് യാത്ര തുടരാന്‍ സാധിച്ചതെന്നുമാണ് മറ്റൊരു പാരമ്പര്യവിശ്വാസം. ഏതായാലും തിരുനാളില്‍ ഈ തിരുസരൂപത്തില് പുഷ്പമാല്യം ചാര്‍ത്തുവാനും മെഴുകുതിരികള്‍ കൊളുത്തുവാനും തിരുസ്വരൂപം തൊട്ടു തൊഴാനും പതിനായിരങ്ങള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. മാഹി തിരുന്നാള്‍ മാഹിയുടെ ദേശീയ ഉത്സവമാണ്. മാഹി ജനതയുടെ ഉത്സവമാണ്. ഒക്ടോബര്‍ 5ന് ഉച്ചയ്ക്ക് 12ന് അമ്മത്രേസ്യായുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കുമ്പോള്‍ ദേവാലയ മണികളും സര്‍ക്കാര്‍ സൈറണുകളും മുഴക്കാറുണ്ട് എന്നത് തിരുനാള്‍ മാഹിദേശക്കാരുടെ ദേശീയോത്സവമാണ് എന്നതിന്റെ തെളിവാണ്.