ചണ്ഡീഗഡ്: കര്‍ഷക സമരത്തിനിടെ ഹരിയാന പൊലീസിന്റെ അതിക്രമത്തില്‍ യുവ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത് അറിയിച്ചു. ‘ബ്ലാക്ക് ഫ്രൈഡേ’ ആചരിക്കുന്ന ഇന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളില്‍ എസ്കെഎം ട്രാക്ടര്‍ മാര്‍ച്ചും നടത്തുമെന്ന് ടിക്കായത് പറഞ്ഞു .
പൊലീസ് നടപടിക്കിടെ യുവകര്ഷകന് ശുഭ്കരണ്‍ സിങ്ങാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശുഭ്കരണിന്റെ മൃതദേഹം ഇതുവരെയും കുടുംബം എറ്റുവാങ്ങിയിട്ടില്ല . പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും കുടുംബം അനുമതി നല്‍കാത്ത മൃതദേഹം പട്യാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫെബ്രുവരി 26ന് നടത്തുന്നത് ഏകദിന സമരമായിരിക്കും. ഇതിന് പിന്നാലെ കര്‍ഷകര്‍ മടങ്ങുമെന്നും തുടര്‍ന്ന് ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകര്‍ യോഗങ്ങള്‍ ചേരുമെന്നും ടിക്കായത് അറിയിച്ചു. മീറ്റിങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ ഒരു ദിവസത്തെ പരിപാടി സംഘടിപ്പിക്കുമെന്നും ടിക്കായത് കൂട്ടിച്ചേര്‍ത്തു.