എറണാകുളം: വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർദ്ദിക്കുന്ന സംഭവങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ . വിഷയം ഗൗരവമായി കാണണമെന്നും, സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തണമെന്ന കേന്ദ്ര-സംസ്ഥാന-സർക്കാരുകളോട് കത്തോലിക്കാ സഭ അഭ്യർത്ഥിച്ചു.
“വന്യമൃഗങ്ങളുടെ ആക്രമണം അനുദിനം വർദ്ധിക്കുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശവാസികളുടെ നിലവിലെ അവസ്ഥ ദയനീയമാണ്. ഈ ഘട്ടത്തിൽ സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.” കെസിബിസി പ്രസ്താവനയിൽ പറഞ്ഞു.
പൗരന്മാരുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുവദിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി പ്രസിഡൻ്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്താവനയിൽ പറഞ്ഞു.