തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയതായി പരാതി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് – റമീന ദേവി ദമ്പതികളുടെ മകൾ മേരിയേയാണ് തട്ടിക്കൊണ്ടു പോയതായി പേട്ട പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ദമ്പതികളുടെ നാല് കുട്ടികളിൽ ഒരു കുട്ടിയേയാണ് കാണാതായത്.
ഇന്നലെ രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പേട്ടയിൽ ഓൾ സെയിന്റ്സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്.
കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവസ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തുന്നുണ്ട്. നഗരത്തിൽ വാഹനങ്ങളും പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് പുരോഗമിക്കുന്നത്. വരും മണിക്കൂറുകളിൽ തന്നെ കുട്ടിയെ കണ്ടെത്താനാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
തലസ്ഥാനത്തെ നാടോടിദമ്പതികളുടെ മകൾ രണ്ടുവയസുകാരി മേരിയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെ കൃത്യമായ സൂചനകളൊന്നുമില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ എച്ച്. നാഗരാജു. കേസിൽ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. പോലീസ് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഒരു സംഘം കുഞ്ഞിനായി തിരച്ചിൽ നടത്തുമ്പോൾ തൊട്ടടുത്ത പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നാലുമണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങളുണ്ട്. ഇതിൽ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.