അൾജിയേഴ്സ്: ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു. എല്ലാം ഉണ്ടായിരുന്നിട്ടും, സാമൂഹിക വ്യവസ്ഥയുടെ അസമത്വങ്ങളിൽ, ജീവിതത്തിന്റെ സൗരഭ്യത അടർത്തിമാറ്റപ്പെട്ട ഒരു ജനത എന്ന നിലയിൽ, കത്തോലിക്കാ സഭ എന്നും പ്രത്യേകമായ ഒരു വാത്സല്യത്തോടെയാണ്, ആഫ്രിക്കൻ ജനതയെ കണ്ടിരുന്നത്. ഒരു പക്ഷെ സഭയുടെ ഈ അടുപ്പവും താത്പര്യവുമാണ്, ഇന്ന് വിശ്വാസം ഏറെ ഫലഭൂയിഷ്ടമായ രീതിയിൽ ഈ മണ്ണിൽ, ജനത സന്തോഷം അനുഭവിക്കുന്നതിനു കാരണവും.
മരണത്തിനുമപ്പുറം, ക്രൈസ്തവ വിശ്വാസവും, പ്രത്യാശയും നിത്യജീവന്റെ ഉറപ്പ് നല്കുന്നതുകൊണ്ടാണ്, രക്തസാക്ഷിത്വത്തിന്റെ യാഥാർഥ്യം, ആഫ്രിക്കയുടെ വിവിധ ഇടങ്ങളിൽ ഭീതി പടർത്തുമ്പോഴും, ഭയം തെല്ലുമില്ലാതെ വിശ്വാസം പ്രഘോഷിക്കുവാൻ അവിടുത്തെ ജനത തയാറാകുന്നത്. ഈ വിശ്വാസ തീക്ഷ്ണത നിറഞ്ഞുനിൽക്കുന്ന മണ്ണിലേക്കാണ് ലിയോ പതിനാലാമൻ പാപ്പാ, ഏപ്രിൽ മാസം പതിമൂന്നാം തീയതി, പത്തു ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക സന്ദർശനത്തിനായി യാത്രയാകുന്നത്.
പാപ്പായുടെ യാത്രയ്ക്ക് വേദിയാകുന്ന നാല് ആഫ്രിക്കൻ രാജ്യങ്ങളും ഏറെ പ്രാധാന്യം ഉൾക്കൊള്ളുന്നതാണ്. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവയാണ് ആ നാല് രാജ്യങ്ങൾ.
വിശുദ്ധ അഗസ്റ്റിന്റെ നാട്ടിലേക്ക്
തന്റെ ആദ്യത്തെ ‘ഊർബി എത് ഓർബി’ (Urbi et Orbi) ആശീർവാദ വേളയിൽ, തന്നെത്തന്നെ “വിശുദ്ധ അഗസ്റ്റിന്റെ പുത്രൻ” എന്ന് വിശേഷിപ്പിച്ച ലിയോ പതിനാലാമൻ, വിശുദ്ധന്റെ ദേശമായ അൾജീരിയിലേക്ക് പോകുന്നുവെന്നതാണ്, ഏറെ പ്രധാനപ്പെട്ടത്. അൾജീരിയ സന്ദർശിക്കുന്ന ആദ്യത്തെ പാപ്പായെന്ന ഖ്യാതിയും, ചരിത്രത്തിൽ അപ്രകാരം രേഖപ്പെടുത്തപ്പെടും. വിശുദ്ധ അഗസ്റ്റിന്റെ ആത്മീയ പൈതൃകത്തെ മുൻനിർത്തി നടത്തുന്ന ഈ യാത്രയുടെ പ്രധാന പ്രമേയം “സമാഗമവും സാഹോദര്യവുമാണ്”.
ഏകദേശം 4.8 കോടി മുസ്ലീം ജനസംഖ്യയുള്ള അൾജീരിയയിൽ ക്രൈസ്തവ സാന്നിധ്യം കേവലം ഏതാനും ആയിരങ്ങൾ മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, മതങ്ങൾ തമ്മിലുള്ള സംവാദത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും ഈ സന്ദർശനം വലിയ പ്രാധാന്യം നൽകുമെന്നതിൽ തെല്ലും സംശയമില്ല. 29 ഇടവകകൾ മാത്രമുള്ള ചെറിയ കത്തോലിക്കാ സമൂഹമാണ് അൾജീരിയയിൽ ഉള്ളതെങ്കിലും, ആ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം വിസ്മരിക്കുക സാധ്യമല്ല.
പാലങ്ങൾ പണിയുവാനുള്ള ആഹ്വാനം
1996 ആഗസ്റ്റ് 1-ന് കൊല്ലപ്പെട്ട ഓറാനിലെ ബിഷപ്പ് പിയറി ക്ലാവേരി അൾജീരിയയെ വിശേഷിപ്പിച്ചത് “ലോകത്തിന്റെ വിഭജനരേഖ” എന്നാണ്. വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും, അതുപോലെ ക്രൈസ്തവ-മുസ്ലീം ലോകങ്ങൾ തമ്മിലുള്ള സന്ധിയിലാണ് ഈ രാജ്യം നിലകൊള്ളുന്നത്. ഈ വിടവുകൾക്കിടയിൽ സാഹോദര്യത്തിന്റെ പാലം പണിയാൻ പാപ്പയുടെ യാത്രയ്ക്ക് സാധിക്കുമെന്നത് ലോകത്തിനു നൽകുന്ന പ്രത്യാശയാണ്. അൾജീരിയയിലെ 19 രക്തസാക്ഷികളുടെ ഓർമ്മദിവസമായിരുന്ന മെയ് മാസം എട്ടാം തീയതിയാണ്, ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേ ദിവസം തന്നെ അൾജീരിയയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ പോൾ വെസ്കോ അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു, ഈ വാഗ്ദാനമാണ്, ഏപ്രിൽ മാസം പതിമൂന്നാം തീയതി നിറവേറ്റപ്പെടുന്നത്.
എന്നാൽ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ്, അഗസ്തീനിയൻ ഓർഡറിന്റെ പ്രിയോർ ജനറൽ എന്ന നിലയിൽ 2004-ലും 2009 ലും ഫാ. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് അൾജീരിയ സന്ദർശിച്ചിട്ടുണ്ട്. തന്റെ ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ മണ്ണിലേക്കുള്ള ഈ മടക്കയാത്ര ലിയോ പതിനാലാമൻ പാപ്പയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വൈകാരികവും, ഭക്തി നിർഭരവും, പ്രാധാന്യമർഹിക്കുന്നതുമാണ്.
പാപ്പായുടെ യാത്ര
ഇറ്റലിയുടെ വിമാന കമ്പനിയായ ഇറ്റാ എയർവെയ്സിലാണ്, പാപ്പാ ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചത്. പ്രാദേശിക സമയം, രാവിലെ 8.20 നു വത്തിക്കാനിൽ നിന്നും റോഡ് മാർഗം, റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലേക്ക് യാത്രയായ പാപ്പാ, വിമാനത്തിൽ കയറുന്നതിനു മുൻപ്, ഔദ്യോഗികമായി, ഫ്യുമിച്ചീനോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പോർത്തോ- സാന്ത റുഫീന എന്ന രൂപതയുടെ മെത്രാൻ, മോൺസിഞ്ഞോർ ജാൻ റിക്കോ റുത്സയെയും, മറ്റു പ്രതിനിധികളെയും അഭിവാദ്യം ചെയ്തു. തുടർന്ന്, വിമാനത്തിൽ പ്രവേശിച്ച പാപ്പാ, വിമാനത്തിന്റെ സാരഥികളെയും, ജീവനക്കാരെയും, തന്നോടൊപ്പം യാത്രയിൽ പങ്കെടുക്കുന്നവരെയും അഭിവാദ്യം ചെയ്തു.
ഇറ്റാലിയൻ സമയം രാവിലെ 09.07 നു, ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 12.37 നു വിമാനം യാത്ര തിരിച്ചു. റോമിൽ നിന്നും അൾജീരിയയിലേക്ക് പോകും വഴി, ഇറ്റലിക്കും, അൾജീരിയയ്ക്കും പുറമെ ഫ്രാൻസ് രാജ്യത്തിലൂടെയും പാപ്പായുടെ വിമാനം യാത്ര ചെയ്തു. വിമാനത്തിൽ വച്ച് പാപ്പാ മാധ്യമ പ്രവർത്തകരുമായി സംസാരിച്ചു. തന്റെ യാത്രയുടെ ലക്ഷ്യമായ സമാധാനവും, അനുരഞ്ജനവും പാപ്പാ ഒരിക്കൽ കൂടി എടുത്തു പറഞ്ഞു. വിശുദ്ധ അഗസ്റ്റിന്റെ നാട്ടിലേക്കുള്ള യാത്രയിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. സമാധാനവും അനുരഞ്ജനവും കെട്ടിപ്പടുക്കുന്നതിനുള്ള പാലങ്ങൾ നാം എപ്പോഴും തേടണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
അൾജീരിയ: ആഫ്രിക്കൻ യാത്രയുടെ ആദ്യ ഇടം
1029 കിലോമീറ്ററുകൾ ദൂരം പിന്നിട്ട്, അൾജീരിയൻ സമയം രാവിലെ ഒൻപതു നാല്പത്തിയൊൻപതിനു എത്തിച്ചേർന്നു. ഇന്ത്യയുമായി നാല് മണിക്കൂറും, മുപ്പതു മിനിറ്റും വ്യത്യാസമാണ് അൾജീരിയൻ സമയത്തിൽ ഉള്ളത്. അറബി ഭാഷയിൽ ‘അൽ-ജസീർ’ (Al-Jazā’ir) എന്ന വാക്കിൽ നിന്നാണ് അൾജിയേഴ്സ് എന്ന പേര് ഉണ്ടായത്. ‘ദ്വീപുകൾ’ എന്നാണ് ഇതിനർത്ഥം. പണ്ട് കടൽതീരത്ത് ഉണ്ടായിരുന്ന ചെറിയ ദ്വീപുകളെ സൂചിപ്പിക്കാനാണ് ഈ പേര് ഉപയോഗിച്ചിരുന്നത്. ഫീനീഷ്യൻമാരുടെയും റോമാക്കാരുടെയും അധിനിവേശത്തിന് സാക്ഷ്യം വഹിച്ച ഈ നഗരം പിന്നീട് ഒട്ടോമൻ ഭരണത്തിന് കീഴിലായി. 1830-ൽ ഫ്രഞ്ചുകാർ നഗരം പിടിച്ചെടുത്തു. ദീർഘവും രക്തരൂക്ഷിതവുമായ സ്വാതന്ത്ര്യ സമരത്തിനൊടുവിൽ 1962-ലാണ് അൾജീരിയക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയും സൈനികനുമായിരുന്ന ഹുവാരി ബൂമെഡിയന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്, പാപ്പായുടെ വിമാനം പറന്നിറങ്ങിയത്. തുടർന്ന്, അപ്പസ്തോലിക നൂൺഷ്യോ മോൺസിഞ്ഞോർ ഹാവിയർ ഹെരേര കൊറോണയും, പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനും, വിമാനത്തിനുള്ളിൽ കടന്നു ചെന്ന് ഔദ്യോഗികമായി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. വിമാനത്തിന് പുറത്തേക്ക് വന്ന പാപ്പായെ, രാഷ്ട്രതലവൻ, അബ്ദെൽമഡ്ജിദ് തേബൂൺ ഹാർദ്ദമായി സ്വീകരിച്ചു. തദവസരം പാപ്പയോടുള്ള ആദരസൂചകമായി ഇരുപത്തിയൊന്നു തവണ ആചാര വെടി മുഴക്കി. മഴത്തുള്ളികളുടെ അകമ്പടിയും അൾജീരിയയിൽ പാപ്പായുടെ വരവിനെ മനോഹരമാക്കി. തുടർന്ന് പ്രസിഡന്റുമായി ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തുകയും, വത്തിക്കാന്റെയും, അൾജീരിയയുടെയും ഔദ്യോഗിക പ്രതിനിധികൾ പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും ചെയ്തു.
മഖാം എഷാഹിദ് രക്തസാക്ഷിമണ്ഡപം
തുടർന്ന്, ഏകദേശം 17.8 കിലോമീറ്ററുകൾ അകലെയുള്ള, രക്തസാക്ഷികളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന, മഖാം എഷാഹിദ് എന്ന സ്ഥലത്തേക്ക് കാറിൽ യാത്രയായി. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ സ്മരണാർത്ഥമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ പടവുകൾക്ക് താഴെ മന്ത്രിസഭയിലെ ഒരു അംഗം പാപ്പായെ സ്വീകരിച്ചു. തുടർന്ന്, സൈനിക ഉദ്യോഗസ്ഥൻ പാപ്പായെ, പുഷ്പചക്രവുമായി പടവുകൾക്ക് മുകളിലേക്ക് അനുഗമിച്ചു.സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ദേശീയഗാനം ആലപിക്കുകയും രക്തസാക്ഷികളെ ആദരിക്കാനായി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു. സ്മാരകത്തിന്റെ മറുഭാഗത്ത് ഒത്തുകൂടിയിരിക്കുന്ന ഏകദേശം 5,000-ത്തോളം വരുന്ന ജനങ്ങളെ പാപ്പാ തുടർന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തു.
അൾജീരിയയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ പോൾ വെസ്കോ, പാപ്പായെ ഔദ്യോഗികമായി സ്വാഗതം ചെയ്തു സംസാരിച്ചു. ഏകദേശം രണ്ടായിരുത്തിനു മുകളിൽ ആളുകൾ പാപ്പായുടെ ആദ്യ പൊതു പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് പാപ്പാ, തന്റെ ആദ്യ സന്ദേശം നൽകി.
പ്രസിഡന്റുമായി കൂടിക്കാഴ്ച്ച
പിന്നീട്, റോഡ് മാർഗം 3.8 കിലോമീറ്ററുകൾ അപ്പുറത്തുള്ള, എൽ മൗറാദിയ രാഷ്ട്രപതി ഭവനത്തിലേക്ക് കടന്നു ചെന്നു. അൾജിയേഴ്സ് നഗരത്തിന് അഭിമുഖമായി ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എൽ മൗറാദിയ കൊട്ടാരം അൾജീരിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്. 2019 ഡിസംബർ 19 മുതലാണ്, അബ്ദെൽമഡ്ജിദ് തേബൂൺ, അൾജീരിയയുടെ പ്രസിഡന്റായി ചുമതലയേറ്റത്. 2024-ൽ നടന്ന തിരഞ്ഞെടുപ്പിൽ 95 ശതമാനത്തോളം വോട്ട് നേടി അദ്ദേഹം രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലൈ 24-ന് വത്തിക്കാനിൽ വെച്ച് പാപ്പായെ സന്ദർശിക്കുകയും ചെയ്തിരുന്നു.
കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിൽ എത്തിയ പാപ്പായ്ക്ക്, സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന്, അൾജീരിയൻ ദേശീയ പതാകയ്ക്ക് മുന്നിൽ ആദരപൂർവം വന്ദിക്കുകയും ചെയ്ത പാപ്പായെ, രാഷ്ട്രപതി സ്വീകരിച്ചു. ശേഷം, പാപ്പായും പ്രസിഡന്റും ചേർന്ന് കൊട്ടാരത്തിലെ പ്രധാന സ്വീകരണ ഹാളിലേക്ക് നീങ്ങി. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും, ഔദ്യോഗികമായി ഫോട്ടോ എടുക്കുയും ചെയ്തു.
നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ച
തുടർന്ന്, നയതന്ത്ര പ്രതിനിധികളും, രാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കായി ജെമാ എൽ ജെസർ ശാലയിലേക്ക് പാപ്പാ യാത്രയായി. രാഷ്ട്രപതി ഭവനത്തിൽ നിന്നും ഏകദേശം പതിനൊന്നു കിലോമീറ്ററുകൾ അകലെയാണ് ഈ സമ്മേളന നഗരി സ്ഥിതി ചെയ്യുന്നത്. കൂടിക്കാഴ്ച്ചയുടെ അവസരത്തിൽ പാപ്പാ തന്റെ സന്ദേശം നൽകി.
കൂടിക്കാഴ്ചയ്ക്കു ശേഷം, പാപ്പാ, അപ്പസ്തോലിക നൂൺഷ്യോയുടെ ഭവനത്തിലേക്ക് മടങ്ങുകയും. ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

