കൊച്ചി: ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) വരാപ്പുഴ അതിരൂപത സമിതി
പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.
കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപത പ്രസിഡൻറ് റോയ് ഡി കുഞ്ഞ ഇല്ലിക്കൽ അധ്യക്ഷതവഹിച്ചു. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ട്രഷറർ എൻ.ജെ.പൗലോസ്,വൈസ് പ്രസിഡൻ്റുമാരായ ബാബു ആൻ്റണി എന്നിവർ പ്രസംഗിച്ചു.
അതിരൂപത വൈസ് പ്രസിഡന്റുമാരായ ഡോ.സൈമൺ കൂമ്പയിൽ,എം.എൻ ജോസഫ്, ഫില്ലി കാനപ്പിള്ളി, സെക്രട്ടറിമാരായ നിക്സൺ വേണാട്ട്, ബിജു മുല്ലൂർ, നവീൻ വർഗീസ് എക്സിക്യൂട്ടീവ് അംഗം അഡ്വ.ജിജോ കെ.എസ് എന്നിവർ നേതൃത്വം നൽകി. കച്ചേരിപ്പടി ആശീർ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം കച്ചേരിപ്പടി ജംഗ്ഷനിൽ സമാപിച്ചു.
ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ പൊതുപരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ യുവാക്കളുടെ മൗലികവും ഭരണഘടനാ പരവുമായ അവകാശങ്ങളെയും വിശ്വാസ സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്നതും ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തി ന്മേലുള്ള കടന്നുകയറ്റവുമാണ്. ഈ സാഹചര്യത്തിൽ, പെസഹാ വ്യാഴം, ഈസ്റ്റർ ഞായർ
എന്നീ ദിവസങ്ങളിൽ മത്സരപരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രസിഡൻ്റ് റോയ് ഡിക്കൂഞ്ഞ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ചുകൊണ്ട് രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കേരള ഗവർണർക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അധികൃതർക്കും കെഎൽസിഎ നിവേദനം നൽകി.

