കൊച്ചി: സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്ന് ഹൈക്കോടതി. ക്നാനായ സഭയുടെ പുറത്തു നിന്നുള്ള ക്രിസ്ത്യൻ വിശ്വാസികളെ വിവാഹം ചെയ്യുന്നതിൻ്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കുന്നത് വിലക്കി കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
വിവാഹത്തിൻ്റെ പേരിൽ സഭയിൽ നിന്ന് വിശ്വാസികളെ പുറത്താക്കരുതെന്ന സബ് കോടതിയുടെ വിധിയാണ് കേരള ഹൈക്കോടതി ശരിവെച്ചത്. ക്നാനായ അതിരൂപതയുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവിത പങ്കാളിയും കോട്ടയം അതിരൂപതയിലെ അംഗമായിരിക്കണമെന്ന വ്യവസ്ഥ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള പൗരൻ്റെ ആഗ്രഹത്തിന് എതിരാണെന്നും ഇത് വ്യക്തിയുടെ മൗലികാവകാശങ്ങളെ ചുരുക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നതെന്ന് കോടതി പറഞ്ഞു. ഒരാൾ തന്റെ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് മറ്റൊരു കത്തോലിക്കനെ വിവാഹം കഴിക്കുമ്പോൾ, ജനനം വഴി ലഭിച്ച ആ അംഗത്വം റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ല. ക്നാനായ കത്തോലിക്കരും മറ്റ് കത്തോലിക്കരും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാർഥനകളും കൂദാശകളും ഒരുപോലെയാണ്. സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് വിവാഹ കൂദാശകൾ നൽകണമെന്ന് ഇടവക വികാരിമാർക്ക് കോടതി നിർദ്ദേശം നൽകി. സ്വവംശ വിവാഹ നിയമം ലംഘിച്ചതിന്റെ പേരിൽ മുൻപ് പുറത്താക്കപ്പെട്ടവർക്ക് അംഗത്വം തിരിച്ചുനൽകണമെന്ന് കോടതി ഓർമിപ്പിച്ചു.

