ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ദയാമരണത്തിന് അനുമതി ലഭിച്ച വ്യക്തിയായ ഹരീഷ് റാണ ഡൽഹി എയിംസിൽ അന്തരിച്ചു. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രീംകോടതി ദയാമരണം അനുവദിച്ചത്
ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. കഴിഞ്ഞ 13 വർഷമായി അദ്ദേഹം രോഗമുക്തി നേടുമെന്ന പ്രതീക്ഷയില്ലാതെ കോമയിൽ തുടരുകയാണ്.
യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയാവധം നൽകണമെന്ന് അപേക്ഷിച്ചാണ് വയോധികരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘നിഷ്ക്രിയ ദയാവധം’ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പർദ്ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ്റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന് ഡോക്ടർമാരും കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച് ദയാവധം അനുവദിക്കാൻ കോടതി നിർദേശിച്ചു.

