എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന് ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (venerable) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.
തര്‍ക്കങ്ങള്‍ പരിഹരിക്കാനും രോഗികള്‍ക്ക് സാന്ത്വനമേകാനും പൈശാചിക ബന്ധനങ്ങളില്‍ നിന്ന് മോചനം നല്‍കാനുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക സിദ്ധി ആയിരങ്ങളെയാണ് പൊന്നുരുന്നിയിലേക്ക് ആകര്‍ഷിച്ചിരുന്നത്. ആത്മീയതയും മനുഷ്യസ്നേഹവും ഒത്തുചേര്‍ന്ന ആ ധന്യജീവിതം ഇപ്പോള്‍ ആഗോള സഭയുടെ ഔദ്യോഗിക വണക്കത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പിലാണ്.
തിയോഫിനച്ചന് കേവലം ഒരു സന്ന്യാസി മാത്രമായിരുന്നില്ല; മറിച്ച് ദൈവത്തിന്റെ കാരുണ്യം ഭൂമിയില്‍ പ്രസരിപ്പിച്ച ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. അനേകര്‍ക്ക് അദ്ദേഹം ‘സമാധാനത്തിന്റെ ദൂതന്’ ആയിരുന്നു. ഫാ. തിയോഫിന്റെ ‘ധന്യന്‍’ പദപ്രഖ്യാപനം കേരളസഭയ്ക്കും വിശേഷിച്ച് കപ്പുച്ചിന്‍ സന്ന്യാസ സമൂഹത്തിനും ജന്മസ്ഥലമായ കോട്ടപ്പുറം രൂപതയ്ക്കും അഭിമാനകരമായ നിമിഷമാണ്. പൊന്നുരുന്നി എന്ന കൊച്ചുഗ്രാമത്തെ തന്റെ പ്രാര്‍ഥനയാലും സാന്നിധ്യത്താലും ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയ അദ്ദേഹം, ഇന്നും ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ആശ്രയമാണ്.

