കോട്ടപ്പുറം രൂപതയ്ക്ക് ആത്മാഭിമാനം പകരുന്ന ആത്മീയ തേജസ്സായ ദൈവദാസൻ തിയോഫിൻ കപ്പുച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിചെറിയ ജോർജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായി 1913 ജൂലൈ 20 ന് ജനിച്ചു. മൈക്കിൾ എന്ന പേരാണ് ജ്ഞാനസ്നാനാവസരത്തിൽ നല്കപ്പെട്ടത്. വൈദീകനാണമെന്ന അഗ്രഹത്തോടെ വരാപ്പുഴ അതിരൂപത മൈനർ സെമിനാരിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് തൻ്റെ വിളി അവിടേക്കല്ല എന്ന് തിരിച്ചറിഞ്ഞ് കപ്പുച്ചിൻ സഭയിൽ പ്രവേശിച്ചു.
1933 ഒക്ടോബർ 31 ന് കർണ്ണാടകയിലെ ഫറഞ്ചിപ്പേട്ട് കപ്പുച്ചിൻ ആശ്രമത്തിൽ സഭാവസ്ത്രം സ്വീകരിച്ച അദ്ദേഹം ‘ദൈവത്തിൻ്റെ വെളിപാട് ‘ എന്ന അർത്ഥം വരുന്ന തിയോഫിൻ എന്ന സന്യാസനാമം സ്വീകരിച്ചു.1934 നവംബർ 1 ന് പ്രഥമ വ്രതവാഗ്ദാനവും 1937 നവംബർ 1 ന് നിത്യവ്രതവാഗ്ദാനവും നടത്തി. അജ്മീർ രൂപതയുടെ മെത്രാൻ ഡോ. ഗ്വീഡോയിൽ നിന്ന് 1941 ഏപ്രിൽ 20 ന് കൊല്ലം സെൻ്റ് ആൻ്റണീസ് ആശ്രമത്തിൽ പൗരോഹിത്യാഭിഷേകം സ്വീകരിച്ചു.
കൊല്ലം, മാവേലിക്കര ,തൃശ്ശിനാപ്പള്ളി, കോട്ടഗിരി എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങളിൽ നിരവധി ഉത്തരവാദിത്വങ്ങൾ അദ്ദേഹം നിർവ്വഹിച്ചു. സന്ന്യാസാർത്ഥികളുടെ നിയന്താവായും, ആശ്രമത്തിൻ്റെ ശ്രേഷ്ഠനായും, തീക്ഷ്ണമതിയായ ധ്യാന ഗുരുവായും, സന്ന്യാസാർത്ഥികളുടെ അധ്യാപകനായും ഇടവകവികാരിയായുമെല്ലാം പല മേഖലകളിൽ അദ്ദേഹം സേവനം ചെയ്തു. കൊല്ലം രൂപതയിൽ ഫ്രാൻസിസ്കൻ അല്മായ സഭ ആരംഭിച്ചത് അദ്ദേഹമാണ്. 1942 ന് ശേഷം ഒരു ദശകത്തോളം അദ്ദേഹം കപ്പുച്ചിൻ മിഷൻ ധ്യാന ഗ്രൂപ്പിൻ്റെ അവിഭാജ്യ അംഗമായിരുന്നു.
കേരളത്തിൽ കപ്പുച്ചിൻ ആശ്രമങ്ങൾ സ്ഥാപിക്കുന്നതിലും പ്രേക്ഷിത പ്രവർത്തനങ്ങളിലും മുഴുകിയ ഫാ.തിയോഫിൻ ജനപ്രിയ വചനപ്രഘോഷകനായിരുന്നു. ആത്മീയ രോഗങ്ങൾക്ക് മാത്രമല്ല ശാരീരിക രോഗ ചികിത്സയ്ക്കും ആളുകൾ അദ്ദേഹത്തെ തേടിയെത്തി. മനുഷ്യസ്നേഹി എന്ന പേരുകേട്ട അദ്ദേഹം തൻ്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾക്കിടയിലും പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് കുറവരുത്താൻ തയ്യാറായിരുന്നില്ല.നിരവധി തർക്കങ്ങളും പ്രശ്നങ്ങളും നീതിയോടും സമാധാനത്തോടും കൂടെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രശ്നപരിഹാരത്തിനായും മാനസാന്തരത്തിനായും പൈശാചിക ബന്ധനങ്ങളിൽ നിന്നുള്ള മോചനത്തിനായും അനേകരാണ് അദ്ദേഹത്തിൻ്റെ പക്കൽ എത്തിക്കൊണ്ടിരുന്നത്.
1958 ല് വൈറ്റിലക്കടുത്തുള്ള പൊന്നുരുന്നിയിൽ അദ്ദേഹം കപ്പുച്ചിൻ ആശ്രമവും , ആശ്രമ ദൈവാലയവും, അപ്പസ്തോലിക സെമിനാരിയും സ്ഥാപിച്ചു .തിയോഫിനച്ചനെ സന്ദർശിച്ച് ആശ്വാസവചസ്സുകൾ കേൾക്കാനും സമാധാനം പ്രാപിക്കാനും പ്രാർത്ഥന സഹായം തേടാനും അനേകരാണ് പൊന്നുരുന്നി യിലേക്ക് എത്തിക്കൊണ്ടിരുന്നത്. പൊന്നുരുന്നിലേയും സമീപപ്രദേശങ്ങളിലും ഒട്ടുമിക്ക ഭവനങ്ങളും സന്ദർശിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അധികഠിനമായ പ്രമേഹരോഗം അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു.അതിനിടയിൽ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് 1968 ഏപ്രിൽ 4 ന് 55 ാംവയസ്സിൽ അദ്ദേഹം സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
മരണശേഷം അദ്ദേഹത്തിൻ്റെ കബറിടത്തിൽ പ്രാർത്ഥനകളുമായി അനേകർ കടന്നുവന്നു. ജീവിതകാലത്തുതന്നെ ജനങ്ങൾ വിശുദ്ധനായി പരിഗണിച്ചിരുന്ന അദ്ദേഹത്തിൻ്റെ നാമകരണ നടപടികൾ തിരുസഭ ഔദ്യോഗികമായി ആരംഭിച്ച് 2005 ജനുവരി 10 ന് അദ്ദേഹത്തെ ദൈവദാസിനായി ഉർത്തി . പുണ്യ ജീവിതം വഴി വിശ്വാസീസമൂഹത്തെ ഏറെ ധന്യമാക്കിയ ഫാ. തിയോഫിന്റെ ചരമ ദിനമായ ഏപ്രിൽ 4 ന് ആയിരക്കണക്കിന് വിശ്വാസികളാണ് പൊന്നുരുന്നിആശ്രമത്തിൽ ശുശ്രൂഷളിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നത്.

