ന്യൂഡൽഹി: പതിറ്റാണ്ടുകളായി, സാങ്കേതിക വിപ്ലവങ്ങൾ മന്ദഗതിയിലുള്ളതും പ്രവചനാതീതവുമായ പാതകളിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കിൽ, നിർമ്മിതബുദ്ധിയുടെ ആവിർഭാവം കൊണ്ടുവന്ന ദ്രുതഗതിയിലുള്ള മാറ്റം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നു. ഇത് തലമുറകളായി തടസ്സപ്പെട്ട വാതിലുകൾ തുറക്കുന്നതിനുള്ള തന്ത്രപരമായ ഉത്തേജകമായും പരിഗണിക്കപ്പെടുന്നു. ഈ പരിവർത്തനത്തിന്റെ കാലഘട്ടത്തിലാണ്, നിർമ്മിതബുദ്ധിയുടെ ഭാവിയിലേക്കുള്ള പ്രവർത്തനങ്ങളെക്കുറിച്ചും, അവയുടെ ധാർമ്മികമായ കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനും, ഫെബ്രുവരി മാസം 16 മുതൽ ഇന്ത്യയിലെ, ന്യൂ ഡൽഹിയിൽ, രാഷ്ട്രത്തലവന്മാരെയും പ്രമുഖ സാങ്കേതിക വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന ‘ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിക്ക് തുടക്കമായത്. ഫെബ്രുവരി മാസം ഇരുപതാം തീയതി, ഉച്ചകോടി അവസാനിച്ചു.
നിർമിതബുദ്ധിയെപ്പറ്റി വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, വലിയ സാങ്കേതിക വിഭജനത്തിന്റെ അപകടസാധ്യത ഉച്ചകോടി തുറന്നുകാണിച്ചു. ഇന്ന്, ഏറ്റവും ശക്തമായ മെഷീനുകളും ഏറ്റവും പ്രധാനപ്പെട്ട ഡാറ്റയും കുറച്ച് സമ്പന്ന രാജ്യങ്ങളുടെയും വളരെ കുറച്ച് വലിയ കമ്പനികളുടെയും കൈകളിലാണെന്നും, അതിനാൽ തന്നെ, അവയ്ക്ക് പ്രാദേശിക ഭാഷകളോ, ആളുകളുടെ പാരമ്പര്യങ്ങളോ മനസ്സിലാകില്ലെന്നുള്ള അപകടസാധ്യത ഉച്ചകോടിയിൽ ചർച്ച ചെയ്തു.
അതിനാൽ എല്ലാവർക്കും നിയന്ത്രിക്കാവുന്നതും, ഉപയോഗപ്രദവുമായ നിർമ്മിതബുദ്ധിയുടെ ഒരു പൊതു ചട്ടക്കൂട് സൃഷ്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഉച്ചകോടി പുരോഗമിച്ചത്. തത്വ പ്രഖ്യാപനങ്ങൾക്കപ്പുറത്തേക്ക് നീങ്ങാനുള്ള അടിയന്തര ആഹ്വാനവും ഉച്ചകോടി നൽകി. പരിസ്ഥിതി സംരക്ഷണം, തൊഴിലാളി സംരക്ഷണം, മനുഷ്യന്റെ അന്തസ്സിന്റെ സംരക്ഷണം, പുരോഗതിയുടെ ദർശനം എന്നിവയിലേക്ക് നിർമ്മിത ബുദ്ധിയുടെ ഉപയോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും ഉച്ചകോടിയിൽ ചർച്ചകൾ നടത്തി.
“മനസ്സാക്ഷിയെ സ്വാധീനിക്കുക” എന്നതിലേക്കുള്ള ഈ മാറ്റം, വിവിധ പാപ്പാമാരുടെ ഉദ്ബോധനങ്ങളിലും പലപ്പോഴും എടുത്തുപറയപ്പെട്ടിട്ടുള്ളതാണ്. ഡിജിറ്റൽ പുരോഗതി എപ്പോഴും വ്യക്തി സേവനത്തിനു മുൻതൂക്കം നല്കുന്നവയായിരിക്കണമെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും, നിർമ്മിതബുദ്ധിക്ക് മനുഷ്യന്റെ കഴിവുകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നും എന്നാൽ ഒരിക്കലും അവ മനുഷ്യത്വത്തിന് പകരമാകരുതെന്നുമുള്ള ലെയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും ഇത്തരുണത്തിൽ ഏറെ ശ്രദ്ധാർഹമാണ്.
