ന്യൂഡൽഹി • ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽപ്പെട്ട ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ഗ്രാമത്തിനു പുറത്തുകൊണ്ടു പോയി മറവുചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടിസയച്ചു. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല വിധിയിൽ നിർദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റിയാണു ഹർജി നൽകിയത്. ജാതി, മത വിവേചനമില്ലാതെ, താമസിക്കുന്ന ഗ്രാമങ്ങളിൽതന്നെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കണമെന്നും പൊതുശ്മശാനങ്ങളിൽ എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ക്രൈസ്തവരുടെ മൃതദേഹം അവർ താമസിക്കുന്ന ഗ്രാമത്തിൽ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായ 350 സംഭവങ്ങളാണ് 2 വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ സുഭാഷ് ഭഗേൽ എന്ന പാസ്റ്ററുടെ മൃതദേഹം ഗ്രാമത്തിൽ സംസ്കരിക്കാൻ അനുവദിക്കാതിരുന്നതിനെതിരെ മകൻ രമേഷ് ഭഗേൽ സുപ്രീംകോടതിയെ സമീപിച്ചു.
ഗ്രാമത്തിലെ പൊതുശ്മശാനത്തിലോ സ്വന്തം കൃഷിഭൂമിയിലോ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കണമെന്നായിരുന്നു രമേഷിന്റെ ആവശ്യം. എന്നാൽ, ജഡ്ജിമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് കേസിൽ ഭിന്നവിധി നൽകി. മൃതദേഹം സ്വകാര്യ ഭൂമിയിൽ സംസ്കരിക്കാമെന്ന് ജസ്റ്റിസ് നാഗരത്ന വിധിയെഴുതിയപ്പോൾ ക്രൈസ്തവർക്കായി നിശ്ചയിച്ച സ്ഥലത്ത് സംസ്കരിക്കണമെന്നായിരുന്നു ജസ്റ്റിസ് സതീഷ്ചന്ദ്ര ശർമയുടെ വിധി. ആ ശ്മശാനം രമേഷ് താമസിക്കുന്ന ഗ്രാമത്തിൽനിന്ന് 25 കി ലോമീറ്റർ അകലെയായിരുന്നു.

