വത്തിക്കാൻ : പൊതുനന്മ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത, ഒരു രാഷ്ട്രത്തിന്റെ പ്രത്യേകിച്ചും ഇറ്റലിയുടെ “ധാർമ്മികവും ആത്മീയവുമായ” പൈതൃകവുമായി ബന്ധപ്പെട്ടതിനാൽ, അവയെ “ഭൗതിക വശങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ല” എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ പ്രവിശ്യകളുടെ മേലധികാരികളുടെ സമ്മേളനത്തെ, ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും അടിച്ചമർത്തലിലേക്ക് ചുരുക്കുന്നത് അതിനെ ദരിദ്രമാക്കുകയും അതിന്റെ ധാർമ്മികവും ആത്മീയവുമായ മാനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
അതിനാൽ, പ്രായമായവർക്ക് നഗരത്തിൽ ശാന്തതയോടെ ജീവിക്കാൻ കഴിയുന്ന, കുടുംബങ്ങൾക്ക് ആത്മവിശ്വാസത്തോടെ കെട്ടിപ്പടുക്കാൻ കഴിയുന്ന, രോഗികൾക്കും ചെറുപ്പക്കാർക്കും ഭയമില്ലാതെ ഭാവിയിലേക്ക് നോക്കാൻ കഴിയുന്ന, കാര്യക്ഷമമായ സേവനങ്ങളുടെയും, ബന്ധങ്ങളുടെയും പിന്തുണയോടെയുള്ള ക്രമസമാധാനം നിലനിർത്തേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
ഇറ്റലിയിൽ, പൊതുഭരണ സംവിധാനങ്ങളും, സഭയുടെ സേവനങ്ങളും തമ്മിൽ എപ്രകാരം യോജിച്ചു പ്രവർത്തിച്ചിരുന്നുവെന്നും, അവ എത്രമാത്രം കാര്യമാത്ര പ്രസക്തമായിരുന്നുവെന്നും, വിശുദ്ധ അംബ്രോസിന്റെയും, മറ്റു സഭാ അധികാരികളുടെയും മാതൃകകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
ആധുനികകാലഘട്ടത്തിൽ, പൊതു ക്രമവും എല്ലാ പൗരന്മാരുടെയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തെ സേവിക്കുക എന്ന ലക്ഷ്യമായിരിക്കണം മേലധികാരികൾക്ക് ഉണ്ടായിരിക്കേണ്ടതെന്നു പാപ്പാ അനുസ്മരിപ്പിച്ചു. സംഘർഷങ്ങളും അന്താരാഷ്ട്ര പിരിമുറുക്കങ്ങളും നിറഞ്ഞ നിലവിലെ സന്ദർഭത്തിൽ, ഇറ്റാലിയൻ പരമാധികാര രാഷ്ട്രത്തിന്റെ ധാർമ്മികവും, ആത്മീയവുമായ പൈതൃകം പൊതുനന്മയെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും, സഹവർത്തിത്വത്തിൽ വ്യാപിക്കുന്നതിനും പുരോഗമിക്കുന്നതിനും ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ഉത്തരവാദിത്വവും ഊട്ടിയുറപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
“രാജ്യത്തെ സേവിക്കുക എന്നതിനർത്ഥം വ്യക്തമായ മനസ്സോടെയും അവിഭാജ്യ മനസ്സാക്ഷിയോടെയും സമൂഹത്തിന്, അതായത് ഇറ്റാലിയൻ ജനതയുടെ പൊതുനന്മയ്ക്കായി സ്വയം സമർപ്പിക്കുക എന്നാണ്” പാപ്പാ പറഞ്ഞു. അതിനാൽ രാജ്യത്തിന്റെ ഭരണ തലങ്ങളിൽ പരസ്പരം ഉണ്ടായിരിക്കേണ്ട സഹകരണവും, പുതിയ തലമുറക്ക് ഈ സമർപ്പണത്തിന്റെ മാതൃകയും ഏറെ പ്രധാനപ്പെട്ടതെന്നും പാപ്പാ പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളിൽ പരസ്പരമുള്ള സഹായങ്ങളും, നിർമ്മിത ബുദ്ധിയുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗവും ഏവരുടെയും ഉത്തരവാദിത്വമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സഭയുമായുള്ള സഹകരണം, കുടിയേറ്റക്കാരുടെ വിഷയങ്ങളിലും, മറ്റു പ്രായോഗിക പ്രശ്നങ്ങളിലും ക്രിയാത്മകമായ പരിഹാരങ്ങൾക്ക് സഹായകരമാകുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
