വത്തിക്കാൻ : “കുട്ടികളുടെ ആഗോളദിനാചരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മറ്റി” പിരിച്ചുവിട്ട് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 വ്യാഴാഴ്ച ഒപ്പിട്ട ഒരു രേഖയിലൂടെയാണ്, ഒന്നേകാൽ വർഷത്തോളം നീണ്ട ഈ കമ്മിറ്റി പരിശുദ്ധ പിതാവ് പിരിച്ചുവിട്ടത്. കുട്ടികളുടെ ആഗോളദിനാചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മുതൽ “അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും” വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കീഴിലായിരിക്കുമെന്നും പാപ്പാ തന്റെ ഉത്തരവിലൂടെ അറിയിച്ചു.
സ്വാതന്ത്രസ്വഭാവമുള്ള ഒരു പൊന്തിഫിക്കൽ കമ്മിറ്റിയായി 2024 നവംബർ 20-ന് ഫ്രാൻസിസ് പാപ്പാ സൃഷ്ടിച്ച കുട്ടികളുടെ ആഗോളദിനാചരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മറ്റിയെ കഴിഞ്ഞ ഓഗസ്സ്റ് മാസത്തിൽ അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കീഴിലേക്ക് പാപ്പാ മാറ്റിയിരുന്നു. യുവജനങ്ങൾക്കുവേണ്ടിയുള്ള ആഗോളദിനത്തിന്റെ മാതൃകയിൽ, കുട്ടികൾക്കുവേണ്ടിയുള്ള ആഗോളദിനം അജപാലനപരമായി ഒരുക്കുവാൻ വേണ്ടിയായിരുന്നു ഫ്രാൻസിസ് പാപ്പാ ഇത്തരമൊരു കമ്മിറ്റിക്ക് രൂപം നൽകിയത്.
അതേസമയം ലിയോ പതിനാലാമൻ പാപ്പാ കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നതുപോലെ സെപ്റ്റംബർ 25 മുതൽ 27 വരെ തീയതികളിലായി നടത്താനിരുന്ന “കുട്ടികളുടെ ആഗോളദിനം” മാറ്റമില്ലാതെ തുടരും. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണ, ഒരുക്ക ചുമതലകൾ ഇനി മുതൽ മേലുദ്ധരിച്ച ഡികാസ്റ്ററിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
കൂടുതൽ ഫലപ്രദമായ രീതിയിൽ കുട്ടികളുടെ ആഗോളദിനത്തിനായുള്ള പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പാപ്പാ താൻ ഒപ്പിട്ട് പുറത്തുവിട്ട രേഖയിൽ വിശദീകരിച്ചു. പുതിയ തീരുമാനപ്രകാരം, ഈ കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന കപ്പൂച്ചിൻ വൈദികനായ ഫാ. എൻസോ ഫോർത്തൂണാത്തോ ഉൾപ്പെടെ, വൈസ് പ്രസിഡന്റ്, അംഗങ്ങൾ തുടങ്ങിയവരെ തങ്ങളുടെ ചുമതലകളിൽനിന്ന് പാപ്പാ ഒഴിവാക്കി.
നാളിതുവരെ മേലുദ്ധരിച്ച പൊന്തിഫിക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിൻ കീഴിൽ നടന്ന പ്രവർത്തനങ്ങളുടെയും സാമ്പത്തികപ്രവർത്തനങ്ങളുടെയും കണക്കുകൾ സാമ്പത്തിക കാര്യങ്ങൾക്കു വേണ്ടിയുള്ള സെക്രെട്ടറിയേറ്റിന് സമർപ്പിക്കാൻ, അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനോട് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
കുട്ടികൾക്കുവേണ്ടി ഒരു ആഗോളദിനം സ്ഥാപിക്കുന്നതിലൂടെ അവർക്ക് സഭ നൽകുന്ന പ്രത്യേക പരിഗണന എന്ന ഫ്രാൻസിസ് പാപ്പായുടെ ആശയം താനും പങ്കുവയ്ക്കുന്നതായി ലിയോ പതിനാലാമൻ പാപ്പാ തന്റെ രേഖയുടെ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
