വത്തിക്കാൻ : ലോക രോഗീദിനത്തിൽ, ലോകത്തിന്റെ വിവിധയിടങ്ങളിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്കൊപ്പം പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ചതിന് ശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലുള്ള ലൂർദ്ദ് ഗ്രോട്ടോയിൽ പ്രാർത്ഥനയ്ക്കെത്തിയ അവസരത്തിലാണ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന ആളുകൾക്കൊപ്പം രോഗികൾക്കുവേണ്ടി പ്രാർത്ഥിച്ചത്.
ലോക രോഗീദിനം, നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിദ്ധ്യം നമ്മെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു ദിനമാണെന്ന് പാപ്പാ പ്രസ്താവിച്ചു. പരിശുദ്ധ അമ്മ നമ്മെ എപ്പോഴും അനുഗമിക്കുന്നുണ്ടെന്നും, സഹനം, സ്നേഹം, ദൈവകരങ്ങളിൽ ജീവിതം സമർപ്പിക്കുക എന്നീ കാര്യങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഗ്രോട്ടോയിൽ കാത്തുനിന്നിരുന്ന ആളുകളെ, പ്രത്യേകിച്ച് രോഗികളെ അഭിസംബോധന ചെയ്ത പാപ്പാ, എല്ലാ രോഗികൾക്കും വേണ്ടിയും രോഗികളെ അനുധാവനം ചെയ്യുന്ന ചികിത്സാമേഖലയിലുള്ള ഡോക്ടർമാർക്കും, നേഴ്സുമാർക്കും, ആരോഗ്യശാസ്ത്രമേഖലയിൽ ഉള്ളവർക്കും, രോഗികളെ പരിചരിക്കുന്നവർക്കും വേണ്ടിയും കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാർത്ഥിക്കാമെന്നും പറഞ്ഞു.
ലൂർദ്ദ് ഗ്രോട്ടോയിലെത്തുന്നതിന് മുൻപ്, ബുധനാഴ്ചകളിൽ പതിവുള്ളതുപോലെ, വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച അവസരത്തിൽ, പോൾ ആറാമൻ ശാലയിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന് മുന്നിലെത്തി പാപ്പാ രോഗികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. കൂടിക്കാഴ്ചയുടെ അവസാനം വ്യത്യസ്ത ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലും പരിശുദ്ധ പിതാവ് രോഗികൾക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു.
മുപ്പത്തിനാലാമത് ലോക രോഗീദിനമാണ് ഈ വർഷം ആചരിക്കപ്പെട്ടത്. പെറുവിലെ ചിക്ളായോ രൂപതയിൽ ആചരിക്കപ്പെട്ട ഈ ദിനത്തിലേക്ക്, സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ, കർദ്ദിനാൾ മൈക്കിൾ ചേർനിയെ ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രത്യേക പ്രതിനിധിയായി അയച്ചിരുന്നു.
