കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു.
ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയെ സഭ നിരാകരിക്കുന്നു; മറുവശത്ത് കന്യാസ്ത്രീകൾക്ക് “പെൻഷൻ നൽകാനുള്ള” നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഈ രണ്ട് നിലപാടുകൾക്കും പിന്നിൽ കൃത്യമായ ഭരണഘടനാ തത്വങ്ങളും സഭയുടെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടുകളും പൗരാവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളുമുണ്ട്. മതബോധനത്തെ ഒരു തൊഴിൽ മേഖലയായി സഭ കാണുന്നില്ല എന്നതും, കന്യാസ്ത്രീകളും വൈദികരും ഉൾപ്പെടെയുള്ള ജീവിതാന്തസ് സ്വീകരിച്ചിരിക്കുന്നവരെ ഈ രാജ്യത്തെ തുല്യരായ പൗരന്മാരായി കാണണമെന്ന സഭയുടെ കാഴ്ചപ്പാടുമാണ് ഈ നിലപാടുകളുടെ അടിസ്ഥാനം.*
സണ്ഡേ സ്കൂൾ അധ്യാപകരും മദ്രസ അധ്യാപകരും*ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശത്തെ തുടർന്ന്, മദ്രസ അധ്യാപക ക്ഷേമനിധിയുടെ മാതൃകയിൽ ക്രൈസ്തവ മതാധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാർ ആലോചിച്ചപ്പോൾ സഭ അത് സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ഒന്ന്, വിശ്വാസപരിശീലനത്തിന്റെ ശൈലി. രണ്ട്, ഭരണഘടനയോടുള്ള ആദരവ്.കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം മദ്രസ അധ്യാപനത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ്.
മുഖ്യമായും ഞായറാഴ്ചകളിൽ മാത്രം നടക്കുന്ന ഒന്നോ രണ്ടോ മണിക്കൂർ ദൈർഘ്യമുള്ള ഒരു ശുശ്രൂഷയാണിത്. സണ്ഡേ സ്കൂൾ അധ്യാപകർ മറ്റു തൊഴിലുകളുള്ളവരോ, വിദ്യാർത്ഥികളോ, വീട്ടമ്മമാരോ, റിട്ടയേർഡ് ഉദ്യോഗസ്ഥരോ ആയ ശുശ്രൂഷകരാണ് ഏറിയ പങ്കും. മറ്റ് ഉപജീവന മാർഗ്ഗങ്ങളുള്ള അവർ വിശ്വാസപരിശീലനത്തെ ഒരു തൊഴിലായിട്ടല്ല, മറിച്ച് തങ്ങളുടെ ഇടവകയോടും ദൈവത്തോടുമുള്ള കടമയായിട്ടാണ് കാണുന്നത്. ഇതിന് സർക്കാർ ഖജനാവിൽ നിന്നും സാമ്പത്തികമായ ആനുകൂല്യം പറ്റുന്നത് ആ സേവനത്തിന്റെ മഹത്വം കെടുത്തുമെന്നാണ് സഭ കരുതുന്നത്.
*ഭരണഘടനാപരമായ വശങ്ങൾ*
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 27 പ്രകാരം, ഒരു പ്രത്യേക മതത്തിന്റെ പ്രചാരണത്തിനോ പരിപാലനത്തിനോ വേണ്ടി നികുതിപ്പണം ചെലവഴിക്കാൻ പാടുള്ളതല്ല. മതാധ്യാപനം എന്നത് പൂർണ്ണമായും ആത്മീയമായ ഒരു കാര്യമാണ്. അതിനായി പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത് മതനിരപേക്ഷത എന്ന തത്വത്തിന് വിരുദ്ധമാണെന്ന വീക്ഷണം സഭയ്ക്കുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുമ്പോൾ തന്നെ, മതപരമായ കാര്യങ്ങൾക്കായി പൊതുഖജനാവിൽനിന്ന് പണം ആവശ്യപ്പെടുന്നത് ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സഭ തിരിച്ചറിയുന്നു. ക്രൈസ്തവരുടെ കാര്യത്തിൽ മാത്രമല്ല, ഏതു മതസ്ഥരുടെയും വിശ്വാസപരിശീലന സംബന്ധമായ ആവശ്യങ്ങൾക്ക് പൊതുഖജനാവിൽനിന്നുള്ള പണം ചെലവഴിക്കപ്പെടുന്നത് ഭരണഘടനാപരമായി തെറ്റാണ്.
*സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ മതാടിസ്ഥാനത്തിൽ ആയിരിക്കരുത്*
എല്ലാ മതങ്ങളിലുമുള്ള സന്യാസിനിമാർക്കും സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ നൽകാനുള്ള സർക്കാർ തീരുമാനത്തെ സഭ സ്വാഗതം ചെയ്തത് അത് മതാടിസ്ഥാനത്തിലുള്ള ഒന്നല്ലാത്തതുകൊണ്ടാണ്. ഇവിടെ വിഷയം സന്യാസിനി എന്ന മതപരമായ വ്യക്തിത്വമല്ല, മറിച്ച് ‘അവിവാഹിതയായ ഇന്ത്യൻ പൗര’ എന്ന നിലയിലും മറ്റ് മാനദണ്ഡങ്ങൾ അനുസരിച്ചുമുള്ള അർഹതയാണ്. എല്ലാ സന്യാസിനിമാർക്കും ഇനിമുതൽ ക്ഷേമ പെൻഷൻ ലഭ്യമാകണമെന്ന ചിന്തയ്ക്കല്ല ഇവിടെ പ്രാധാന്യം. മറ്റെല്ലാ പൗരന്മാരെയുംപോലെ ക്ഷേമപെൻഷന് അപേക്ഷിക്കാനുള്ള അർഹതയും തുല്യതയും കന്യാസ്ത്രീമാർ ഉൾപ്പെടെയുള്ള സന്യസ്തർക്കു ലഭിക്കുന്നു എന്നതു വഴിയായി നീതി നടപ്പാകുന്നു എന്നതാണ് പ്രധാന വസ്തുത.
2021 ജൂലൈ 28 നും 2023 ഫെബ്രുവരി 27 നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ അന്യായവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവനുസരിച്ച് (5171/2021/Fin; G0. No. 30/2023/Fin) മിഷണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദീകർ, കോൺവെന്റുകളിലെ കന്യാസ്തികൾ, മഠങ്ങളിലെ / മത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലായെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും നീഷ്കർഷിച്ചിരുന്നു. ഭരണഘടനയുടെ 14, 15 ആർട്ടിക്കിളുകൾ പൗരന്മാർക്കിടയിൽ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു.
50വയസ്സ് കഴിഞ്ഞ, വരുമാനമില്ലാത്ത അവിവാഹിതരായ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ, അവർ കന്യാസ്ത്രീകളായി എന്ന ഒറ്റക്കാരണത്താൽ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്.മതവസ്ത്രം ധരിക്കുന്നു എന്നതുകൊണ്ട് ഒരാൾ ഈ രാജ്യത്തെ പൗരൻ അല്ലാതാകുന്നില്ല. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്ന അവരെ മാത്രം സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ നിന്ന് മാറ്റിനിർത്തുന്നത് വിവേചനമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് അവിവാഹിത പെൻഷനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
ഇത് സന്യാസിനികൾക്കു ലഭിക്കുന്ന പ്രത്യേക ആനുകൂല്യമല്ല, മറിച്ച് മതത്തിന്റെ പേരിൽ കാലങ്ങളായി അവർക്ക് നിഷേധിക്കപ്പെട്ട ഒരു നീതിയുടെ പുനഃസ്ഥാപനമാണ്. തങ്ങളുടെ അന്യായമായ മുൻഉത്തരവുകൾ റദ്ദാക്കാനും ന്യായമായ അവകാശങ്ങൾ അർഹർക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനും സർക്കാർ ഏറെ വൈകിയാണെങ്കിലും തീരുമാനിച്ചു എന്നേ ഇവിടെ കരുതേണ്ടതുള്ളൂ.ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി തെരെഞ്ഞെടുത്തവരെങ്കിലും, കത്തോലിക്കാ സഭയിലെ സന്യാസിനികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ജീവിതം മുഴുവൻ സമൂഹത്തിന്റെ നന്മയ്ക്കായി മാറ്റിവച്ചവരാണ്. കേരളത്തിന്റെ ആരോഗ്യ – ആതുരസേവന, വിദ്യാഭ്യാസ മേഖലകളിൽ കത്തോലിക്കാ സന്യസ്തരുടെ സേവനം അതീവ നിർണ്ണായകമാണ്.
വാർദ്ധക്യത്തിൽ അവർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് അവർ അംഗമായിരിക്കുന്ന സഭയുടെ ഉത്തരവാദിത്വമാണെങ്കിലും, ഒരു പൗര എന്ന നിലയിൽ സർക്കാർ നൽകുന്ന ആനുകൂല്യം അവരുടെ അവകാശമാണ്. ഇതിനെ മതാധ്യാപനത്തിന് പ്രതിഫലം ലഭിക്കുന്നതുമായി താരതമ്യം ചെയ്യാനാകില്ല, മറിച്ച് പൗര എന്ന നിലയിൽ തുല്യതയ്ക്കുള്ള അവകാശം സ്ഥാപിച്ചു കിട്ടുകയാണ്.
*രണ്ട് നിലപാടുകളും തമ്മിൽ വൈരുദ്ധ്യമുണ്ടോ?*
സണ്ഡേ സ്കൂൾ അധ്യാപകരുടെ കാര്യത്തിൽ സഭ സ്വീകരിച്ച നിലപാട്: “വിശ്വാസപരിശീലനത്തിന് സർക്കാർ ആനുകൂല്യം ആവശ്യമില്ല” എന്നാണ്.കന്യാസ്ത്രീകളുടെ പെൻഷൻ കാര്യത്തിൽ സ്വീകരിച്ച നിലപാട്: “പൗര എന്ന നിലയിലുള്ള അവകാശം മതത്തിന്റെ പേരിൽ നിഷേധിക്കരുത്” എന്നാണ്.ഇത് രണ്ടും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. ഒന്ന് മതപരമായ പ്രവർത്തനത്തിനുള്ള ധനസഹായമാണ് (അത് സഭ നിരസിക്കുന്നു), മറ്റൊന്ന് പൗരന്റെ അതിജീവനത്തിനുള്ള ക്ഷേമപദ്ധതിയാണ് (അത് സഭ സ്വാഗതം ചെയ്യുന്നു).
സഭയുടെ ഈ നിലപാട് കൃത്യമായും ഇന്ത്യയുടെ മതേതരത്വത്തെയും ഭരണഘടനയെയും ഉയർത്തിപ്പിടിക്കുന്നതുമാണ്. “ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകുക” എന്ന ബൈബിൾ വചനം ഇവിടെ അന്വർത്ഥമാകുന്നു. മതപരമായ കാര്യങ്ങൾ സഭയുടെ സ്വന്തം ഉത്തരവാദിത്വമാണ്, എന്നാൽ, പൗരസമൂഹത്തിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ വിവേചനമില്ലാതെ അർഹതയുള്ള എല്ലാവർക്കും ലഭ്യമാകണം.
*സഭയുടെ നിലപാടിലെ ധാർമ്മികത*
മതാധ്യാപകർക്ക് ക്ഷേമനിധി വേണ്ടെന്ന് വെക്കുന്നതിലൂടെ സഭ ഒരു വലിയ സന്ദേശമാണ് നൽകുന്നത്. വിശ്വാസം പണം കൊടുത്ത് പഠിപ്പിക്കേണ്ട ഒന്നല്ലെന്നും, അത് സ്നേഹത്തിലും ആത്മീയതയിലും അധിഷ്ഠിതമായ ഒരു ശുശ്രൂഷയാണെന്നും സഭ ലോകത്തോട് പറയുന്നു. ഇത് ഇതര മതവിഭാഗങ്ങൾക്കും ഒരു മാതൃകയാണ്. സർക്കാർ ഖജനാവിൽ നിന്ന് മതവിശ്വാസ പരിശീലന കാര്യങ്ങൾക്കായി പണം കൈപ്പറ്റുന്നത് ജനാധിപത്യ സംവിധാനത്തിൻ്റെ ദുരുപയോഗമാണ്.
മാത്രവുമല്ല, സഭയുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ ദൂരക്കാഴ്ചയോടെയാണ് സഭ പ്രതിരോധിക്കുന്നത്.അതേസമയം, കന്യാസ്ത്രീകളുടെ പെൻഷൻ വിഷയത്തിൽ സഭ നിലകൊള്ളുന്നത് സ്ത്രീസമത്വത്തിനും പൗരസമത്വത്തിനും വേണ്ടിയാണ്. സന്യാസ ജീവിതം തിരഞ്ഞെടുത്തു എന്നതുകൊണ്ട് ഒരു സ്ത്രീക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഇല്ലാതാകുന്നില്ല.
റേഷൻ കാർഡ് ലഭിക്കാനും, വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, ചികിത്സാ സഹായം ലഭിക്കാനും അവകാശമുള്ളതുപോലെ തന്നെ പ്രധാനമാണ് അർഹതയുള്ള സന്യാസിനികൾക്കുള്ള ക്ഷേമ പെൻഷനും. തനിയെ ജീവിക്കുന്ന സന്യാസിനികൾ, സ്ഥിര വരുമാനമില്ലാത്തവർ തുടങ്ങിയവർക്കൊക്കെ സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ക്ഷേമപദ്ധതികൾക്ക് അർഹരാകാനുള്ള യോഗ്യതയുണ്ട്.
സണ്ഡേ സ്കൂൾ അധ്യാപകരുടെ ക്ഷേമനിധിയെക്കുറിച്ചും കന്യാസ്ത്രീകളുടെ പെൻഷനെക്കുറിച്ചുമുള്ള ചർച്ചകൾ പൊതുസമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കത്തോലിക്കാ സഭയുടെ നിലപാടുകൾ കേവലം സാമ്പത്തിക ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് വ്യക്തമായ അടിത്തറയുള്ളതാണ്. വിശ്വാസപരിശീലനം ലാഭേച്ഛയില്ലാത്ത സേവനമായി നിലനിൽക്കണം എന്ന നിർബ്ബന്ധബുദ്ധി സഭയ്ക്കുണ്ട്. അതുപോലെ തന്നെ സഭാംഗങ്ങൾ ഈ രാജ്യത്തെ രണ്ടാംതരം പൗരന്മാരായി മാറരുത് എന്ന ബോധ്യവുമുണ്ട്.
ഈ രണ്ട് നിലപാടുകളും പരസ്പരപൂരകങ്ങളാണ്. അവ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെയും തുല്യനീതിയെയും ശക്തിപ്പെടുത്തുകയേയുള്ളൂ.സർക്കാർ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സഭാനേതൃത്വത്തോടും പ്രതിനിധികളോടും കൂടുതൽ കൂടിയാലോചനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ മതവിഭാഗത്തിന്റെയും ആഭ്യന്തരമായ പ്രവർത്തനരീതികൾ മനസ്സിലാക്കാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്ന പദ്ധതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാണ്: സഭയ്ക്ക് വേണ്ടത് പ്രീണനമല്ല, മറിച്ച് പൗരത്വത്തിന്റെ സമത്വമാണ്.

