വത്തിക്കാൻ : പ്രധാനമന്ത്രി ശർമ്മ ഒലിയുടെ രാജിയിലേക്കും സർക്കാരിന്റെ പതനത്തിലേക്കും നയിച്ച തെരുവ് പ്രതിഷേധങ്ങൾ ഒരു രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായതിന് അഞ്ച് മാസങ്ങൾക്ക് ശേഷം, മാർച്ച് 5 ന് വീണ്ടും ഒരു തിരഞ്ഞെടുപ്പിന് നേപ്പാളിലെ ജനങ്ങൾ തയ്യാറെടുക്കുകയാണ്. രാജ്യത്ത് ദീർഘകാലമായി ആധിപത്യം പുലർത്തുന്ന പഴയ പാർട്ടികളെയും രാഷ്ട്രീയ വർഗ്ഗത്തെയും വെല്ലുവിളിച്ചുകൊണ്ട്, പുതിയ രാഷ്ട്രീയ ശക്തികൾക്ക് വഴി തുറക്കാൻ അവസരം സൃഷ്ടിച്ചത് രാജ്യത്തെ യുവജനതയായിരുന്നു.
നിലവിൽ സ്ഥിതി ശാന്തമാണെന്നും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പാർട്ടികളും, യുവജന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നല്ല ഭരണത്തിലും അഴിമതിക്കെതിരായ പോരാട്ടത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, രാഷ്ട്രീയ രംഗത്ത് പുതിയ സ്ഥാനാർത്ഥികളുടെ സാന്നിധ്യവും രാജ്യത്ത് ഒരു പുതിയ ഉന്മേഷം കൊണ്ടുവരുമെന്ന്, നേപ്പാൾ വികാരിയേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ഫാ. സിലാസ് ബൊഗാട്ടി പറഞ്ഞു.
നേപ്പാളിലെ യുവാക്കൾ അവബോധവും രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തെ സ്വാധീനിക്കാനുള്ള ആഗ്രഹവും ഉള്ളവരാണെന്നും, നേപ്പാളിൽ തിരഞ്ഞെടുപ്പിൽ പ്രത്യാശയും ഉത്തരവാദിത്വവും പ്രതിഫലിപ്പിക്കുന്ന അവർ, തങ്ങളുടെ ആദർശങ്ങൾ പിന്തുടരുന്നതിനുള്ള പാതയായി അഹിംസയെ തിരഞ്ഞെടുക്കുന്നു എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. “നേപ്പാളിലെ കത്തോലിക്കർ, 32 ദശലക്ഷം ജനസംഖ്യയിൽ 8,000 വിശ്വാസികളുടെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണെങ്കിലും, ഏവരും സദ്ഭരണത്തെ പിന്തുണയ്ക്കുകയും സമഗ്രത, സമാധാനം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണെന്നും ഫാ. സിലാസ് പങ്കുവച്ചു.
പരമ്പരാഗത പാർട്ടികൾക്കൊപ്പം യുവാക്കളുടെ നേതൃത്വത്തിലുള്ള പാർട്ടികൾ കൂടി ഉണ്ടാകുമ്പോൾ, ആകെ 120 പാർട്ടികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വർദ്ധിച്ചുവരുന്ന സാമൂഹിക സംഘർഷങ്ങൾക്കിടയിൽ, “തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും ഭയരഹിതവുമാണെന്ന് ഉറപ്പാക്കാൻ” ഇടക്കാല സർക്കാർ 340,000 പോലീസുകാരെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
