വത്തിക്കാൻ : ഐക്യദാർഢ്യത്തിന്റെയും സമാധാനത്തിന്റെയും പരിപോഷണത്തിനുള്ള മാർഗമാണ് കായികം എന്ന പ്രോത്സാഹന വാക്കുകൾ പങ്കുവച്ചുകൊണ്ട്, ശൈത്യകാല ഒളിമ്പിക്സ് ഗെയിംസിന്റെ കാലയളവിൽ സൂക്ഷിക്കുന്ന, ക്രൂശിതരൂപം മിലാനിലെ സാൻ ബാബില പള്ളിയിൽ ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി എത്തിയ അവസരത്തിൽ, മിലാൻ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ മാരിയോ ഡെൽപിനിയെ അഭിസംബോധന ചെയ്ത ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.
ഫെബ്രുവരി 6 മുതൽ 22 വരെയാണ് മിലാൻ-കോർതീനയിൽ വച്ച് ഒളിമ്പിക്സ്- പാരാ -ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നത്. ഈ സുപ്രധാന അവസരം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വികാരങ്ങൾ പ്രചോദിപ്പിക്കുകയും, സമഗ്ര മനുഷ്യ വികസനത്തിന്റെ സേവനത്തിൽ കായിക വിനോദത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്നു സന്ദേശത്തിൽ പാപ്പാ ആശംസിച്ചു.
ആരോഗ്യകരമായ മത്സരത്തിന്റെ ഈ ദിനങ്ങൾ സംസ്കാരങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ പാലങ്ങൾ പണിയാൻ സഹായിക്കുകയും, സ്വീകാര്യത, ഐക്യദാർഢ്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ എടുത്തു പറഞ്ഞു. കായികരംഗത്തെ മാനുഷികവും വിദ്യാഭ്യാസപരവും സമൂഹപരവുമായ അനുഭവമായി മാറ്റുക എന്നതാണ് ഈ ശീതകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത്.
