ന്യൂഡൽഹി: ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ, പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചു.
മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിനു പിന്നാലെ ഭയം മൂലം ഏഴു ക്രൈസ്തവ കുടുംബങ്ങൾ അവരുടെ ഭവനങ്ങളിൽനിന്ന് ഒഴിയാൻ നിർബന്ധിതരായി. ഇത്തരം പ്രവൃത്തികൾക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല.
പാസ്റ്റർക്കെതിരേയുണ്ടായ ആക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അതു തടയുന്നതിൽ പരാജയപ്പെട്ടതും സംബന്ധിച്ച് സമയബന്ധിതമായ റിപ്പോർട്ട് നൽകാൻ ഒഡീഷ സർക്കാരിനോട് ഉത്തരവിടണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

