ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന രോപിച്ച് ഒഡീഷയിലെ ധനകനാൽ ജില്ലയിൽപ്പെട്ട പാർക്കാംഗ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്. പാസ്റ്റർക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി 18 ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയി ലെടുക്കുന്നത്. ആക്രമണത്തിനിരയായ പാസ്റ്ററുടെ ഭാര്യ വന്ദനു നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ നാലിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമുണ്ടായതെങ്കിലും 13നു മാത്രമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പാസ്റ്ററുടെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് വന്ദനു പരാതി നൽകിയപ്പോൾ മാത്രമാണ് പോലീസ് അറിഞ്ഞതെന്ന് ഡെൻഷനാൽ ജില്ലാ പോലീസ് സൂപ്രണ്ട് അഭിനവ് സൊങ്കാർ പറഞ്ഞു. മതസ്വാതന്ത്യം ഉറപ്പുനൽകുന്ന ഭരണഘടനയുള്ള രാജ്യത്ത് പാസ്റ്റർക്കു നേരേയുണ്ടായ ക്രൂരമായ ആക്രമണവും ചാണകം തീറ്റിക്കാൻ നിർബന്ധിച്ചതും അങ്ങേയറ്റം അപമാനകരമാരണന്ന് കോൺഗ്രസ് ഒഡീഷ സംസ്ഥാന അധ്യക്ഷൻ ഭക്തചരൺ ദാ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും അന്വേഷണം ഇഴയുന്നതും സംഭവത്തോടുള്ള ബിജെപി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാസ്റ്റർക്കു നേരെയുണ്ടായ ആക്രമണവും അധിക്ഷേപവും ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാം ആരോപിച്ചു. ഗൗരവതരമായ മനുഷ്യാവകാശലംഘനത്തിനെതിരെ ഒഡിഷയിലെ ഇരട്ട എൻജിൻ സർക്കാർ അടിയന്തരമായ നടപടിയെടുക്കണമെന്ന് ബിജു ജനതാദൾ (ബിജെഡി) വക്താവ് ലെനിൻ മൊഹന്തി പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ പ്രതിപക്ഷത്തെ വിമർശിച്ച് ഒഡീഷയുടെ ബിജെപി ഇൻ ചാർജായ സുജിത് ദാസ് രംഗത്തു വന്നു. പക്ഷപാതമോ ഭയമോ കൂടാ ഒരു നിയമനിർവഹണ ഏജൻസികൾ നിയമാനുസൃതമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

