വിജയപുരം: വിജയപുരം രൂപതയുടെ കീഴിലുള്ള കുരുമുള്ളൂര്‍ വിമലഹൃദയ സ്നേഹസദന്‍ എന്ന സ്ഥാപനത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും 2026 ജനുവരി 21-ന് ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തച്ചേരില്‍ നിര്‍വഹിച്ചു. സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ സന്നിഹിതനായിരുന്നു. വൈകുന്നേരം 4 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയോടുകൂടിയാണ് ആശീര്വാദകര്മങ്ങള് നടന്നത്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്നേഹത്തിന്റെയും പഠനത്തിന്റെയും മാന്യതയുടെയും ഒരു ഭവനമായി ഈ സ്ഥാപനത്തെ ദര്ശനാത്മകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വിദ്യാഭ്യാസം, പരിചരണം, കരുണ എന്നിവയിലൂടെ കുട്ടികളെ ശക്തരാക്കുക എന്നതാണ് ലക്ഷ്യം. ക്രൈസ്തവ മൂല്യങ്ങളാല്‍ പ്രചോദിതമായ ഈ സംരംഭം, ഓരോ കുട്ടിയുടെയും അന്തസ്സിനെയും കഴിവിനെയും ആദരിക്കുന്നതാണ്. വിമലഹൃദയ സ്നേഹസദന്‍ സമഗ്രത, ഐക്യം, ഓരോ കുട്ടിയോടുമുള്ള ആദരം എന്നിവ വളര്‍ത്തുന്ന ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാപന വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിനായി ഉദാരമായി സാമ്പത്തിക സഹായം നല്കിയവരോട് നന്ദി അറിയിച്ചു.





