കൊച്ചി: കെ.സി.വൈ.എം കലൂർ മേഖലയുടെയും വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ ബ്ലോക്കിൽ “FEED A FRIEND” എന്ന പേരിൽ ഭക്ഷണവിതരണം നടത്തി. സാമൂഹ്യപ്രതിബദ്ധതയും മാനവിക മൂല്യങ്ങളും മുൻനിർത്തി 2026 ജനുവരി 11 ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലൂടെ ഇരുന്നൂറോളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
വേദനയും ആശങ്കയും നിറഞ്ഞ സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്. “സേവനം ഒരു ചടങ്ങല്ല, അതൊരു ജീവിതശൈലിയാണ്” എന്ന സന്ദേശം നൽകിക്കൊണ്ട് വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ് ജോൺസൺ സി. അബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, ജനറൽ സെക്രട്ടറി റോസ്മേരി കെ. ജെ, സ്പോർട്സ് ഫോറം കൺവീനർ അമൽ ജോർജ്, ഐ.സി.വൈ.എം മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ അംഗം അഡ്വ. ആന്റണി ജൂഡി എന്നിവരും വിവിധ യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വിശക്കുന്നവർക്ക് ആശ്വാസത്തോടൊപ്പം പ്രതീക്ഷയും നൽകുന്ന ഈ സംരംഭം, വരും നാളുകളിൽ സുമനസ്സുകളുടെ സഹായത്തോടെ എല്ലാ ദിവസവും തുടരാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

