കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ രൂപതകളിൽ നിന്നുമുള്ള വലിയ കുടുംബങ്ങളെയും പ്രോലൈഫ് പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് “ജീവസമൃദ്ധി – 2026 ” എന്ന പേരിൽ പ്രോലൈഫ് ഗ്രാൻഡ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
2026 ഏപ്രിൽ 19ന് പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെൻ്ററിലെ ഹാളിലും പ്രത്യേകം തയ്യാറാക്കുന്ന പന്തലിലുമായി നടത്തുന്ന പ്രസ്തുത പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശന കർമ്മം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വച്ച് സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സീറോ മലബാർ ലൈഫ് കമ്മീഷൻ്റെ ഉത്തരവാദിത്വമുള്ള പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ.ക്ലീറ്റസ് കതിർ പറമ്പിൽ,പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ ,ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,സെക്രട്ടറി ജസ്ലിൻ ജോ എന്നിവരും സന്നിഹിതരായിരുന്നു.
ജനസംഖ്യ കുറഞ്ഞു പോകുന്നതിന്റെ പ്രത്യാഘാതങ്ങളെകുറിച്ച് തദവസരത്തിൽ അഭിവന്ദ്യ പിതാക്കന്മാർ ഉത്ക്കണ്ഠ രേഖപ്പെടുത്തി.കുടുംബങ്ങളിൽ കൂടുതൽ മക്കൾ ഉണ്ടാകുന്നത് സമൂഹത്തിൻ്റെ നന്മയ്ക്കാണെന്ന തിരിച്ചറിവ് എല്ലാവരിലേക്കും എത്തിക്കുന്നതിന് ഇത്തരം സംഗമങ്ങൾ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന “ജീവസമൃദ്ധി – 2026 ” കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഫാ.ക്ലീറ്റസ് കതിർപ്പറമ്പിൽ,ജോൺസൺ ചൂരേപ്പറമ്പിൽ,ജെയിംസ് ആഴ്ചങ്ങാടൻ,ജെസ്ലിൻ ജോ എന്നിവർ സമീപം.

