വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു.
സുവിശേഷവൽക്കരണത്തിൽ മുഴുവൻ സഭയെയും ഒരേ തലത്തിലേക്ക് എങ്ങനെ എത്തിക്കാം എന്നതായിരുന്നു കണ്‍സിസ്റ്ററിയുടെ പ്രധാന ചര്‍ച്ച വിഷയമെന്നും ആരാധനക്രമ സംബന്ധമായ വിഷയങ്ങള്‍ വളരെ ചുരുക്കമായിട്ടാണ് ചര്‍ച്ചകളില്‍ ഇടം നേടിയതെന്നും ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ ആർച്ച് ബിഷപ്പ് എമെറിറ്റസ് കർദ്ദിനാൾ വിൽഫ്രിഡ് നേപ്പിയർ ‘നാഷണൽ കാത്തലിക് രജിസ്റ്ററി’നോട് പറഞ്ഞു. വരാനിരിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗങ്ങളില്‍ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം സൂചന നല്കി.
വളരെ സമ്പന്നവും ആഴമേറിയതുമായ അനുഭവമായി കണ്‍സിസ്റ്ററി അനുഭവഭേദ്യമായതായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ പറഞ്ഞു. കൺസിസ്റ്ററി സമയത്തും അതിനുശേഷവും വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. നടപടിക്രമങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ലെയോ മാർപാപ്പ നിർദ്ദേശിച്ചതായാണ് സൂചന. അതേസമയം മൂന്ന് മുതൽ നാല് ദിവസം വരെ നീണ്ടുനിൽക്കുന്ന കർദ്ദിനാളുമാരുടെ കൺസിസ്റ്ററി നടത്താൻ പാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ജൂണ്‍ മാസത്തില്‍ നടക്കുന്ന കണ്‍സിസ്റ്ററിയോടെ തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.



