വത്തിക്കാന്: 2025-ലെ പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെട്ട് തുറന്ന വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെടുമ്പോൾ, ഇതിനോടകം ഇവ കടന്നത് മൂന്നേകാൽ കോടിയിലധികം തീർത്ഥാടകരെന്ന് ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച “സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി”. ജനുവരി 5-ന് നടന്ന ഒരു പ്രസ് കോൺഫറൻസിൽ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കൂടിയായ ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ല, ജൂബിലി വർഷത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഇതനുസരിച്ച് 185 രാജ്യങ്ങളിൽനിന്നായി ഏതാണ്ട് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം ആളുകളാണ് റോമിലെ നാല് മേജർ ബസലിക്കകളിലെ വിശുദ്ധ വാതിലുകൾ കടന്നത്.
ജനുവരി ആറാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടതോടെ അവസാനിച്ച ഈ ജൂബിലി വർഷത്തിൽ, അയ്യായിരത്തോളം സന്നദ്ധസേവനപ്രവർത്തകരും, “സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട” യുടെ രണ്ടായിരം ആളുകളും ഉൾപ്പെടെ 7.000-ത്തോളം ആളുകൾ വിവിധ മേഖലകളിൽ സേവനം ചെയ്തുവെന്ന് പ്രെസ് കോൺഫറൻസിൽ ആർച്ച്ബിഷപ് ഫിസിക്കെല്ല അറിയിച്ചു.
റോമിലെ “റോമാ ത്രേ” യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം, മൂന്ന് കോടി പത്തുലക്ഷത്തോളം ആളുകളെയാണ് ജൂബിലി വർഷത്തിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും, “ലോകം മുഴുവൻ” റോമിലേക്കെത്തിയെന്ന് ആർച്ച്ബിഷപ് ഫിസിക്കെല്ല പറഞ്ഞു. തീർത്ഥാടകരിൽ ഏതാണ്ട് 62 ശതമാനവും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നുവെന്നും, രണ്ടാം സ്ഥാനത്ത്, മൊത്തം തീർത്ഥാടകരിലെ 17 ശതമാനത്തോളം വരുന്ന, വടക്കേ അമേരിക്കയിൽനിന്നുള്ള ആളുകളായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രെസ് കോൺഫറൻസിൽ സംബന്ധിച്ച റോം മേയർ റൊബേർത്തോ ഗ്വൽത്തിയേരി, റോമിലേക്കെത്തിയ തീർത്ഥാടകരുടെ വിശ്വാസവും സന്തോഷവും പ്രത്യാശയും റോമൻ ജനതയുടെ ഹൃദയങ്ങളെ സ്പർശിച്ചുവെന്നും, അവർ ഈ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതിൽ സഹകരിച്ചുവെന്നും അഭിപ്രായപ്പെട്ടു. തോർ വർഗാത്തയിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സാന്നിദ്ധ്യത്തിൽ നടന്ന യുവജനങ്ങളുടെ ജൂബിലി സംഗമം അദ്ദേഹം പ്രത്യേകം പരാമർശിച്ചു
ജൂബിലിയുടെ ഭാഗമായി, ആരോഗ്യസേവനമേഖലയിലെയും സുരക്ഷാസേനയിലെയും ആളുകൾ ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ച റോം നഗരമുൾക്കൊള്ളുന്ന ലാത്സിയോ പ്രദേശത്തിന്റെ പ്രെസിഡന്റ് ഫ്രാഞ്ചേസ്കോ റോക്ക, കഴിഞ്ഞ വർഷത്തിൽ അത്യാഹിതവിഭാഗം ഏതാണ്ട് അഞ്ചുലക്ഷത്തി എൺപതിനായിരം പേർക്ക് ശുശ്രൂഷകൾ നൽകിയെന്നും, ഏതാണ്ട് ഒരുകോടി അറുപത് ലക്ഷം ആളുകൾ അത്യാഹിതവിഭാഗത്തിലെത്തിയെന്നും അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറെപ്പേർ ചികിത്സാഹായം തേടിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
Vatican News

