വത്തിക്കാന് : പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു. ഇറ്റലിക്കാരനും അപ്പസ്തോലിക നൂൺഷ്യോയുമായ കർദ്ദിനാൾ മാരിയോ ത്സെനാറിക്ക് ജനുവരി അഞ്ചാം തീയതി എൺപത് വയസ്സെത്തിയതിനെത്തുടർന്നാണ് വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം, മൊത്തം കർദ്ദിനാൾ സംഘത്തിലെ 245 അംഗങ്ങളിൽ 123 പേർ വോട്ടവകാശമില്ലാത്തവരാണ്.
പരിശുദ്ധ പിതാവിന്റെ ഉപദേശകസംഘമായും സഹകാരികളായും പ്രവർത്തിക്കാനായി പ്രത്യേകമായി തിരഞ്ഞെടുത്തവരാണ് കർദ്ദിനാൾമാർ. 1150 മുതൽ രൂപപ്പെട്ട കർദ്ദിനാൾ സംഘത്തിൽ ഒരു ഡീനും, കാമറലെങ്കോ സ്ഥാനം വഹിക്കുന്നയാളുമുണ്ട്. 1059 മുതൽ കർദ്ദിനാൾ സംഘമാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിൽ വോട്ടു ചെയ്യുന്നത്. റോമിന് പുറത്തുള്ളവരാണെങ്കിലും, കർദ്ദിനാൾമാർക്ക് വത്തിക്കാൻ രാജ്യത്തിലെ പൗരത്വമുണ്ട്.
നിലവിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീനായി സേവനമനുഷ്ഠിക്കുന്നത്, ഇറ്റലിയിൽനിന്നുള്ള കർദ്ദിനാൾ ജ്യോവന്നി ബത്തിസ്ത റേയാണ്. അസിസ്റ്റന്റ് ഡീൻ കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയാണ്. കർദ്ദിനാൾ സംഘത്തിലെ പ്രോട്ടോഡീക്കൻ എന്ന സ്ഥാനം, ഫ്രാൻസിൽനിന്നുള്ള കർദ്ദിനാൾ ഡൊമിനിക് മംമ്പേർത്തിയാണ് വഹിക്കുന്നത്. നിലവിൽ കാമറലെങ്കോ സ്ഥാനം വഹിക്കുന്നത് കർദ്ദിനാൾ കെവിൻ ജോസഫ് ഫാറൽ ആണ്.
ഇപ്പോഴുള്ള കർദ്ദിനാൾമാരിൽ 41 പേർ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും, 58 പേർ ബെനഡിക്ട് പതിനാറാമൻ പാപ്പായും 146 പേർ ഫ്രാൻസിസ് പാപ്പായും തിരഞ്ഞെടുത്തവരാണ്. ഇറ്റലിയിൽനിന്നാണ് ഏറ്റവും കൂടുതൽ കർദ്ദിനാൾ മാരുള്ളത്. വോട്ടവകാശമുള്ള പതിനാറുപേരുൾപ്പെടെ അൻപത് കർദ്ദിനാൾമാർ ഇറ്റലിക്കാരാണ്.
രണ്ടാം സ്ഥാനത്ത് വോട്ടവകാശമുള്ള ഒൻപത് പേരുൾപ്പെടെ പതിനാറ് കർദ്ദിനാൾമാരുള്ള വടക്കേ അമേരിക്കയാണ്. സ്പെയിനാണ് മൂന്നാം സ്ഥാനത്ത്. വോട്ടവകാശമുള്ള മൂന്ന് പേരുൾപ്പെടെ പതിമൂന്ന് കർദ്ദിനാൾമാരാണ് ഇവിടെനിന്നുള്ളത്. ഇന്ത്യയിൽനിന്നാകട്ടെ വോട്ടവകാശമുള്ള നാലു പേരുൾപ്പെടെ ആറ് കർദ്ദിനാൾമാരാണുള്ളത്. ഇവരിൽ കേരളത്തിൽനിന്നുള്ള കർദ്ദിനാൾ ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ബസെലിയോസ് ക്ളീമീസ്, കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് എന്നിവരുമുണ്ട്.
ഇറ്റലിയിൽനിന്നുള്ള കർദ്ദിനാൾ ജ്യോവാന്നി ആഞ്ചെലോ ബെച്ചു, 2020 സെപ്റ്റംബർ 24-ന് ഈ പദവിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉപേക്ഷിച്ചതിനാൽ, അദ്ദേഹത്തിന് എൺപത് വയസ്സിൽ താഴെയാണെങ്കിലും, വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ കൂട്ടത്തിൽ ഉൾപ്പെടില്ല.
Vatican News

