ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു, ആറ് മരണം
ടെഹ്റാന്: ഇറാനില്‍ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയില്‍ ആശങ്കയുയർത്തി യുഎസ് – ഇറാന് വാക്ക്യുദ്ധം .
പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ രക്ഷിക്കാന്‍ ഇടപെടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമാണ് വിഷയത്തെ അന്താരാഷ്ട്ര വിവാദമായത്. ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ടിതില്ലെന്നാണ് ട്രംപിന് ഇറാന് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.
ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനിയാണ് ട്രംപിന് മറുപടി നൽകിയത്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും.യുഎസ് സ്വന്തം സൈനികരെ കാക്കണമെന്നും അദ്ദേഹം എക്സില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്കി.
ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തിനിടെ ആറ് പേര് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നത് . സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് .

