കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കുടുംബപ്രശ്നമെന്നാണ് നിഗമനം. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
മക്കൾക്ക് വിഷം നൽകി കലാധരനും അമ്മയും തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. മുറിയിൽ നിന്ന് കീടനാശിനിയും കുപ്പിയിൽ പാലും കണ്ടെത്തി. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയെന്നാണ് സംശയം.
കലാധരനും ഭാര്യയും തമ്മിൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മയ്ക്കൊപ്പം വിടാൻ കോടതി വിധിയുണ്ടായി. ഇന്നലെ രാത്രി കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ .അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

