വത്തിക്കാൻ: മനുഷ്യന്റെ ഏറ്റവും ഉയർന്ന അന്തസ്സ് മനസ്സിലാക്കാനും, ആധികാരികമായ അവന്റെ വിളിയെ തിരിച്ചറിയുവാനും, സ്ഥിരീകരിക്കുവാനും സഹായിക്കുന്ന കലയാണ് സംഗീതമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ്, ഡിസംബർ 12-ന് പോൾ ആറാമൻ ശാലയിൽ നടന്ന ക്രിസ്മസ് സംഗീത പരിപാടിയിൽ പങ്കെടുത്തവരെ പാപ്പാ അഭിവാദ്യം ചെയ്തു സംസാരിച്ചത്.
സംഗീതത്തിൽ പ്രപഞ്ചത്തിലെ ദൈവത്തിന്റെ ശബ്ദം ശ്രവിക്കുവാൻ അന്വേഷണം നടത്തിയ പരിശുദ്ധ പിതാവ് ബെനെഡിക്ട് പതിനാറാമൻ പാപ്പായുടെ സ്മരണാർത്ഥമായുള്ള “പൊന്തിഫ് റാറ്റ്സിംഗർ” സമ്മാനം, പൂർണ്ണമായും സംഗീതത്തിനായി തന്റെ ജീവിതം സമർപ്പിച്ച റിക്കാർദോ മുതിക്ക് പാപ്പാ നൽകി. ബെനഡിക്ട് പതിനാറാമൻ പാപ്പായുമായുള്ള റിക്കാർദോ മുതിയുടെ തുടർച്ചയായ ബന്ധത്തെ പരാമർശിച്ച പാപ്പാ, പൊതുനന്മയിലേക്കും, ഐക്യത്തിലേക്കുമുള്ള ഒരു സംഭാഷണത്തിന്റെ തുടർച്ചയാണ് ഇന്ന് അദ്ദേഹത്തിന് ലഭിക്കുന്ന സമ്മാനമെന്നും എടുത്തുപറഞ്ഞു.
സംഗീതം വളർത്തിയെടുക്കുന്നവർക്ക് വിവേകപൂർണ്ണവും ശാന്തവുമായ ഒരു വീക്ഷണം സാധ്യമാണെന്നും അതിലൂടെ വിഭജനങ്ങളെയും വൈരുദ്ധ്യങ്ങളെയും കൂടുതൽ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
സമന്വയിപ്പിക്കുക എന്നതിനർത്ഥം ഐക്യപ്പെടുവാൻ സാധ്യതയുള്ള വ്യത്യാസങ്ങളെ ഒരുമിച്ച് നിർത്തുക എന്നതാണെന്നും, ഈ ഉദ്ദേശ്യത്തിൽ നിശബ്ദതയും വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. സംഗീതത്തിൽ പ്രകടിപ്പിക്കുന്ന ഓരോ അംഗചലനങ്ങളും ആജ്ഞാപനത്തെക്കാൾ, വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സംഗീത നിശയ്ക്ക് നേതൃത്വം നൽകിയ എല്ലാവർക്കും പാപ്പാ നന്ദി പറഞ്ഞു. ഈ സംഗീതകച്ചേരി, വിദ്യാഭ്യാസ മേഖലയിൽ അവബോധവും പ്രതിബദ്ധതയും വളർത്താനുള്ള അവസരമാണെന്നും, വിദ്യാഭ്യാസ പാതയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന അവസ്ഥ വേദനാജനകമെന്നും പാപ്പാ എടുത്തു പറഞ്ഞു. ക്രിസ്തുമസ് കാലഘട്ടത്തിൽ, സമാധാനം അനുഭവിക്കുന്നതിനു പ്രാർത്ഥനയിൽ സ്ഥിരോത്സാഹം പുലർത്താനുള്ള ക്ഷണവും പാപ്പാ നൽകി.
