വത്തിക്കാന് : ക്രിസ്തു തന്റെ ശിഷ്യരെയെന്നപോലെ, നമ്മെ വിളിക്കുമ്പോൾ, അവനാണ് മുൻകൈയ്യെടുക്കുന്നതെന്നും, എന്നാൽ പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിച്ച് വേണം ഈ വിളിയിൽ മുന്നോട്ട് പോകേണ്ടതെന്നും പാപ്പാ. റോമിൽ സമർപ്പിതജീവിത പരിശീലനം നടത്തുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സമർപ്പിതരും സെമിനാരിക്കാരും ചേർന്ന് ഡിസംബർ 12 വെള്ളിയാഴ്ച നടത്തുന്ന സംഗമത്തിലേക്കായി നൽകിയ സന്ദേശത്തിൽ എഴുതി.
ക്രിസ്തുവിന് പ്രഥമസ്ഥാനം നൽകുകയും അത് മറ്റുള്ളവരോട് ധൈര്യപൂർവ്വം അറിയിക്കുകയും, അവന്റെ സ്വരം ചെവികളിലും ഹൃദയത്തിലും സൂക്ഷിക്കുകയും ചെയ്യുന്ന സമർപ്പിതരെയാണ് ഇന്ന് നമുക്ക് ആവശ്യമെന്ന് ലിയോ പതിനാലാമൻ പാപ്പാ. വിശുദ്ധ ഗ്രന്ഥവായനയിലൂടെയും ധ്യാനത്തിലൂടെയും, യഥാർത്ഥ ഇടയന്മരുടെ സ്വരം ശ്രവിച്ചും, സഭ മുന്നോട്ടുവയ്ക്കുന്ന അറിവും വിജ്ഞാനവും സ്വന്തമാക്കിയുമാണ് നാം ചിന്താ, പ്രവൃത്തി പഥങ്ങളിൽ ദൈവികനിയമത്തെപ്പറ്റി അറിവു നേടേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവം ആഗ്രഹിക്കുന്നവയെ ആഗ്രഹിക്കാൻ പഠിക്കണമെന്നും, വിവാഹജീവിതത്തിൽ വധൂവരന്മാരെന്നപോലെ, ആരോഗ്യത്തിലും അനാരോഗ്യത്തിലും, ദാരിദ്ര്യത്തിലും സമ്പത്തിലും ദൈവത്തോട് ചേർന്ന് ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും പാപ്പാ എഴുതി.
അപ്പസ്തോലന്മാരുടെ കാര്യത്തിലെന്നപോലെ ദൈവവിളിയെന്നത്, ഏവർക്കുമായുള്ള രക്ഷയുടെ പദ്ധതിയിലെ ഉപകരണങ്ങളായി സ്വജീവിതം സമർപ്പിക്കാനുള്ള ക്ഷണമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സുവിശേഷത്തിൽ നാം കാണുന്ന ധനികനായ യുവാവിന്റെ കാര്യത്തിലെന്നപോലെ (മത്തായി 19, 16-30) നാം ആയിരിക്കുന്നതും, നമുക്കുള്ളതും പൂർണ്ണമായി സമർപ്പിച്ച്, ദൈവികനിയമങ്ങൾ അറിഞ്ഞ്, ഏക നന്മയായ ദൈവത്തെ പിന്തുടരാനുള്ള വിളിയാണ് ദൈവം മുന്നോട്ട് വയ്ക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
ശിഷ്യത്വം ത്യാഗങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് എഴുതിയ പാപ്പാ, തന്റെ പിതാവിനെ സംസ്കരിക്കാൻ സമയം ആവശ്യപ്പെട്ട യുവാവിനോട് പോലും (ലൂക്കാ 9, 59) ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കാനാണ് യേശു പഠിപ്പിക്കുന്നതെന്ന് വിശുദ്ധ അംബ്രോസ് നടത്തുന്ന സുവിശേഷവ്യഖ്യാനം പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. സമർപ്പിതർ ഒറ്റയ്ക്കല്ലെന്നും, ഒരു സമൂഹത്തിന്റെ ഭാഗമായാണ് നാം ജീവിക്കുന്നതെന്നും വിശുദ്ധന്റെ ചിന്തകളെ ആധാരമാക്കി പരിശുദ്ധ പിതാവ് എഴുതി.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നതുപോലെ, തന്നെ പിന്തുടരാൻ പത്രോസിനോട് യേശു രണ്ടുവട്ടം (യോഹന്നാൻ 21,19) ആവശ്യപ്പെടുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് എപ്രകാരമുള്ള ഒരു മരണത്തിലൂടെയാണ് അവൻ ദൈവത്തെ മഹത്വപെടുത്തുക എന്നതിനെക്കുറിച്ച് അറിഞ്ഞുകൊണ്ടാണെന്ന് വിശദീകരിച്ചു.
അപ്പസ്തോലനെപ്പോലെ, നമ്മുടെ ജീവിതത്തിലും കാഴ്ചകൾ മങ്ങുമ്പോഴും, അന്ധകാരത്തിലും പീഡനങ്ങളിലും ആയിരിക്കുമ്പോഴും (മത്തായി 14,25.31), യേശുവിന്റെ സ്നേഹപൂർണമായ സ്വരം നമ്മെ പിന്താങ്ങുമെന്നും പാപ്പാ എഴുതി.

